കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്


കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു.

അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് സമീപം തൊഴിലാളികള്‍ സഞ്ചരിച്ച വാനിന്റെ പുറകെ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്ന് വാനിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് പാലത്തില്‍ ഇടിക്കുകയുമായിരുന്നു. മരിച്ചവര്‍ ബീഹാര്‍, തമിഴ്‌നാട് സ്വദേശികളാണ്. പ്രാദേശിക കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.