ശൈഖ് ഹംദാന്‍ നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചു

ശൈഖ് ഹംദാന്‍ നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചു


ദുബായ്: ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച നഴ്സിംഗ് ജീവനക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ ദുബായ് കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദ്ദേശം നല്‍കി.  

സമൂഹത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളെയും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ അവര്‍ നല്‍കിയ നിര്‍ണായക പങ്കിനെയും അംഗീകരിച്ചാണ് ഈ തീരുമാനം.

ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ മുന്‍പന്തിയിലാണെന്നും ആരോഗ്യകരമായ സമൂഹത്തിന്റെയും മെച്ചപ്പെട്ട ജീവിത നിലവാരത്തിന്റെയും ദര്‍ശനം സാക്ഷാത്കരിക്കുന്നതില്‍ അവശ്യ പങ്കാളികളായി അവര്‍ വര്‍ത്തിക്കുന്നുവെന്നും ശൈഖ് ഹംദാന്‍ ഊന്നിപ്പറഞ്ഞു. രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമര്‍പ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു. ദുബായ് മികവിനെ വിലമതിക്കുകയും സമര്‍പ്പണത്തോടെ സേവനം ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കി.

മെയ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചാണ് ഈ നിര്‍ദ്ദേശം. ആരോഗ്യ സംരക്ഷണ വിദഗ്ധരെ പിന്തുണയ്ക്കുന്നതിനും സമൂഹത്തെ സേവിക്കുന്നത് തുടരാന്‍ അവരെ പ്രാപ്തരാക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമുള്ള നേതൃത്വത്തിന്റെ നിരന്തരമായ പ്രതിബദ്ധതയെ അടിവരയിടുന്നു.