അസദ് രക്ഷപ്പെടുന്നതിന് മുമ്പ് സിറിയയുടെ ആയുധ വിവരങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തിയെന്ന് ആരോപണം

അസദ് രക്ഷപ്പെടുന്നതിന് മുമ്പ് സിറിയയുടെ ആയുധ വിവരങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തിയെന്ന് ആരോപണം


ഡമാസ്‌കസ്: ഇസ്രായേലിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാണ് സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജ്യം വിട്ടതെന്ന് ആരോപണം. വിമതസൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് അസദ് റഷ്യയിലേക്ക് രക്ഷപ്പെട്ടത്. 

രാജ്യത്തെ ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് അസദ് ചോര്‍ത്തി നല്‍കിയതെന്നാണ് ആരോപിക്കപ്പെടുന്നത്. 

താന്‍ രാജ്യം വിടുമ്പോള്‍ ഇസ്രയേല്‍ തന്നെ ആക്രമിക്കരുതെന്ന് ഉറപ്പ് ലഭിക്കാനാണ് ആയുധങ്ങള്‍ ഉളള സ്ഥലങ്ങള്‍ അസദ് ചോര്‍ത്തിക്കൊടുത്തതെന്നാണ് ടര്‍ക്കിഷ് പത്രമായ ഹുറിയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേല്‍ സിറിയയുടെ നാവിക, ആയുധ ശേഖരങ്ങളെല്ലാം തകര്‍ത്തിരുന്നു. അസദ് നല്‍കിയ വിവരങ്ങളാണ് ഈ ആക്രമണങ്ങള്‍ക്ക് സഹായിച്ചതെന്നാണ് ഹുറിയത്തിന്റെ റിപ്പോര്‍ട്ട്. 

സിറിയന്‍ ഭരണകൂടത്തിന്റെ ആയുധങ്ങള്‍ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം നടത്തിയതെന്ന വാദമാണ് ഇസ്രായേല്‍ ഉയര്‍ത്തിയത്. അസദിന്റെ ഭരണം നിലംപതിച്ചതിന് പിന്നാലെ 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് സിറിയയില്‍ ഇസ്രായേല്‍ നടത്തിയത്. കടലില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകള്‍, ആയുധനിര്‍മ്മാണ കേന്ദ്രങ്ങള്‍, വിമാനവേധ മിസൈലുകള്‍, സിറിയന്‍ നാവിക കേന്ദ്രങ്ങളുടെ കരുത്തായിരുന്ന 15 നാവികസേനാ കപ്പലുകള്‍ എന്നിവ തകര്‍ത്തുവെന്നാണ് ഐ ഡി എഫ് അവകാശപ്പെട്ടത്. സിറിയയില്‍ ആക്രമണം നടത്തുന്ന വീഡിയോയും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് പങ്കുവെച്ചിരുന്നു.

നവംബര്‍ 27നാണ് വിമതര്‍ അസദ് ഭരണകൂടത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്തിയത്. ഇദ്ലിബ് നഗരം കീഴടക്കിയായിരുന്നു വിമതര്‍ അസദിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സിറിയന്‍ ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ട് ദിവസം കൊണ്ടാണ് അസദിനെപ്പോലും ഞെട്ടിച്ചു വിമതര്‍ നഗരങ്ങള്‍ കീഴടക്കിയത്.