ട്രംപിനോ ഇറാനോ? യുദ്ധക്കരാറിലെത്താന്‍ സമ്മര്‍ദ്ദം കൂടുതലാര്‍ക്ക്

ട്രംപിനോ ഇറാനോ? യുദ്ധക്കരാറിലെത്താന്‍ സമ്മര്‍ദ്ദം കൂടുതലാര്‍ക്ക്


വാഷിംഗടണ്‍: ഇറാനെതിരായ സൈനിക നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവസാന നിമിഷം പിന്‍വലിച്ചതോടെ കരാറിലെത്താന്‍ യഥാര്‍ഥത്തില്‍ കൂടുതല്‍ സമ്മര്‍ദം നേരിടുന്നത് ആരാണെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ഇറാനാണോ, അതോ അമേരിക്കന്‍ പ്രസിഡന്റ് തന്നെയോ? എന്നതാണ് ചോദ്യം. 

നവംബര്‍ 3-ന് നടക്കാനിരിക്കുന്ന മിഡ്ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് സാമ്പത്തിക, രാഷ്ട്രീയ, തന്ത്രപരമായ വെല്ലുവിളികള്‍ നേരിടുകയാണ്. ഉപരോധങ്ങള്‍, സൈനിക ഭീഷണികള്‍, സാമ്പത്തിക സമ്മര്‍ദങ്ങള്‍ എന്നിവയിലൂടെ ഇറാനെതിരെ അമേരിക്കയ്ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുമെങ്കിലും നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും മേല്‍ കൂടുതല്‍ ഭാരമായി മാറുന്നതായാണ് വിലയിരുത്തല്‍.

പ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ഭരണവിരുദ്ധ വികാരങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ണായക തെരഞ്ഞെടുപ്പിനെയാണ് അഭിമുഖീകരിക്കുന്നത്. യുദ്ധം മൂലമുണ്ടാകുന്ന എണ്ണ വില വര്‍ധനയും സാമ്പത്തിക പ്രതിസന്ധിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് നിയന്ത്രണത്തെയും ദേശീയ കടബാധ്യതയെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പണപ്പെരുപ്പം കുറയ്ക്കുമെന്ന വാഗ്ദാനവുമായാണ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അധികാരത്തിലെത്തിയത്. എന്നാല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതച്ചെലവ് ഉയരുന്നതും ഇന്ധന വില കുതിച്ചുയരുന്നതും അവരുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷണം.

യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും അമേരിക്കയില്‍ പെട്രോള്‍ വില ഗാലണിന് 60 സെന്റ് വരെ ഉയര്‍ന്നിരുന്നു. പണപ്പെരുപ്പം 4.2 ശതമാനത്തിലെത്തുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിനെ സമ്മര്‍ദോപാധിയായി ഇറാന്‍ ഉപയോഗിച്ചതോടെ എണ്ണ വിപണിയില്‍ അനിശ്ചിതത്വം വര്‍ധിച്ചു.

കടലിടുക്കിലൂടെ ചരക്ക് നീക്കം തടസപ്പെട്ടതോടെ ടാങ്കറുകള്‍ കുടുങ്ങിക്കിടക്കുകയും വിതരണ ശൃംഖലകള്‍ തകരാറിലാകുകയും ചെയ്തു. ഭക്ഷ്യവസ്തുക്കള്‍, വളം, ചരക്ക് ഗതാഗതം എന്നിവയുടെ ചെലവും ആഗോളതലത്തില്‍ ഉയരുകയാണ്. അമേരിക്കയുടെ ഗള്‍ഫ് സഖ്യകക്ഷികളായ യു എ ഇ, ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ മേഖലയില്‍ സ്ഥിരതയും ഊര്‍ജവിപണിയിലെ ആശ്വാസവും ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറാനുമായി ധാരണയിലെത്തണമെന്ന് ട്രംപ് നിരവധി തവണ പൊതുവേദികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ 'വളരെ അടുത്താണ്', 'വാരാന്ത്യത്തിനകം യാഥാര്‍ഥ്യമാകും' തുടങ്ങിയ അവകാശവാദങ്ങളും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ആണവ പദ്ധതിയും മിസൈല്‍ വികസനവും ഇറാനിയന്‍ സ്വത്തുക്കള്‍ മരവിപ്പിച്ചതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് ഇറാന്‍ തയ്യാറായിട്ടില്ല. ട്രംപ് സൈനിക നടപടിയുടെ ഭീഷണി മുഴക്കുകയും പിന്നീട് അത് മാറ്റിവയ്ക്കുകയും ചെയ്യുന്ന രീതി ഇപ്പോള്‍ പതിവായെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

എണ്ണ- ഊര്‍ജ മേഖലകളിലെ അനിശ്ചിതത്വമാണ് പ്രധാന സമ്മര്‍ദ ഘടകങ്ങളിലൊന്ന്. വ്യാപാര മേഖലയിലും കപ്പല്‍ ഗതാഗത രംഗത്തും പ്രതിസന്ധി രൂക്ഷമായതോടെ, വിപണിയില്‍ സ്ഥിരത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

അതേസമയം, ട്രംപിന്റെ വ്യക്തിപരമായ രാഷ്ട്രീയ പ്രതിച്ഛായയും പരീക്ഷിക്കപ്പെടുകയാണ്. 'ആര്‍ട്ട് ഓഫ് ദ ഡീല്‍' എന്ന പുസ്തകത്തിലൂടെ കരാര്‍ വിദഗ്ധനെന്ന പ്രതിച്ഛായ നേടിയ ട്രംപ്, മറ്റൊരു അവസാനമില്ലാത്ത യുദ്ധവുമായി ബന്ധപ്പെട്ട നേതാവായി വിലയിരുത്തപ്പെടാനുള്ള സാധ്യതയും നേരിടുന്നു.

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളാണ് ട്രംപിന്റെ പ്രധാന സമ്മര്‍ദായുധം. 'പരമാവധി സമ്മര്‍ദം' എന്ന നയത്തിന്റെ ഭാഗമായി സാമ്പത്തിക നിയന്ത്രണങ്ങളും സൈനിക ഭീഷണികളും ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാനുള്ള ഉപാധികളായി ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

അതേസമയം, നേതൃത്വ പ്രതിസന്ധി, സാമ്പത്തിക തകര്‍ച്ച, അന്താരാഷ്ട്ര ഒറ്റപ്പെടല്‍, ആണവ പദ്ധതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന സമ്മര്‍ദം തുടങ്ങിയ വെല്ലുവിളികള്‍ ഇറാനും നേരിടുന്നുണ്ട്. എന്നാല്‍ ഇറാന്റെ പ്രതിസന്ധി നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണെങ്കില്‍ ട്രംപിന്റെ പ്രതിസന്ധി പ്രധാനമായും രാഷ്ട്രീയവും സാമ്പത്തികവുമാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്ക- ഇറാന്‍ ധാരണയെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നവരില്‍ പ്രധാനി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഇറാന്‍ വിരുദ്ധ നിലപാടുകാര്‍ക്കും തെഹ്റാനെ യുറേനിയം സമ്പുഷ്ടീകരണം തുടരാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പുണ്ട്.

ഓരോ തവണയും സൈനിക നടപടിയുടെ ഭീഷണി ഉയര്‍ത്തി പിന്നീട് പിന്‍വാങ്ങുന്നതിലൂടെ ഇറാനില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാനുള്ള തന്ത്രമാണ് ട്രംപ് സ്വീകരിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച പ്രതിസന്ധിക്ക് എത്രയും വേഗം വിരാമമിടേണ്ട സമയം അതിക്രമിച്ചുവെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.