ഇറാന് നേരെ ഇന്ന് രാത്രി അതിശക്തമായി ആക്രമിക്കുമെന്ന് ട്രംപ്, എണ്ണക്കയറ്റുമതി കേന്ദ്രം പിടിച്ചെടുക്കുമെന്നും ഭീഷണി

ഇറാന് നേരെ ഇന്ന് രാത്രി അതിശക്തമായി ആക്രമിക്കുമെന്ന് ട്രംപ്, എണ്ണക്കയറ്റുമതി കേന്ദ്രം പിടിച്ചെടുക്കുമെന്നും ഭീഷണി


വാഷിം​ഗ്ടണ്‍: യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കുന്നതിനിടെ, ഇറാന് നേരെ വീണ്ടും അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇന്നു രാത്രി ഇറാനു മേല്‍ അതിശക്തമായ സൈനിക ആക്രമണം നടക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

വരും ദിവസങ്ങളിൽ ഇറാന്‍റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന്‍റെയും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളുടെയും നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ടെഹ്‌റാന്‍റെ എണ്ണ-വാതക വിപണി പൂർണ്ണമായും യു.എസ് അധീനതയിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി. വെനിസ്വേലയിലെ എണ്ണ വിഭവങ്ങളുടെ മേൽ അമേരിക്ക കൈവരിച്ച നിയന്ത്രണം ഇരു രാജ്യങ്ങൾക്കും വലിയ രീതിയിൽ ഗുണംചെയ്‌തു. അതിനോടാണ് ഇറാന്റെ സാഹചര്യത്തെ താരതമ്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്‍റെ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ ശേഷി എന്നിവയുൾപ്പെടെയുള്ള ഭൂരിഭാഗം ആക്രമണ-പ്രതിരോധ സംവിധാനങ്ങളും ഇതിനകം തന്നെ തകർക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങളെല്ലാം തകർന്ന ഇറാന് നേരെ വ്യാഴാഴ്ച രാത്രി യു.എസ് ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും ട്രംപ് പറഞ്ഞു. 

സമാധാന കരാർ ഒപ്പിടുന്നതിൽ ഇറാൻ വരുത്തുന്ന കാലതാമസമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. തങ്ങളുമായി കരാറിലെത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം ഇനിയും ശക്തമായ ആക്രമണങ്ങൾ തുടരുമെന്ന് ബുധനാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടത് ചൂണ്ടിക്കാട്ടിയാണ്, ഇറാന് മേൽ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്കയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്ന് ട്രംപ് വാദിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്‍റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കി യു.എസ് സെൻട്രൽ കമാൻഡ് (സെന്റകോം) സ്വയംപ്രതിരോധ ആക്രമണങ്ങൾ നടത്തിയിരുന്നു. യുഎസ് നാവികസേനയും വ്യോമസേനയും സംയുക്തമായാണ് വ്യോമാക്രമണങ്ങൾ നടത്തിയത്. നിലവിലെ കടുത്ത സൈനിക നീക്കങ്ങൾക്കിടയിലും ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.