ഫ്‌ളോറിഡ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ വസതിയില്‍ എത്തി. രാത്രി ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ട്രൂഡോ ട്രംപിന്റെ വസതിയിലെത്തിയതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം കാനഡ നടത്തിയ കയറ്റുമതിയുടെ മുക്കാല്‍ ഭാഗവും അമേരിക്കയിലേക്ക് ആയിരുന്നു. കാനഡയിലെ ഏകദേശം രണ്ട് ദശലക്ഷം തൊഴിലുകള്‍ വ്യാപാരത്തെ ആശ്രയിച്ചാണുള്ളത്.
അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്റെയും അനധികൃത കുടിയേറ്റത്തിന്റെയും ഒഴുക്ക് അവസാനിപ്പിക്കുന്നതുവരെ മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ചരക്കുകള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്.
ട്രംപ് താരിഫ് ഭീഷണി മുഴക്കിയതിനു പിന്നാലെ ട്രൂഡോ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ട്രൂഡോ തന്നെയാണ് ഈ ആഴ്ച ആദ്യം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ട്രംപുമായുള്ള ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും വ്യാപാരയുദ്ധം ഒഴിവാക്കാനും കഴിയുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ കരാര്‍ അല്ലെങ്കില്‍ യു. എം. എസ്. സി. എ ചര്‍ച്ചകളെ ഉദ്ധരിച്ച് ട്രൂഡോ പറഞ്ഞു
2020 ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവയ്ക്കിടയില്‍ നികുതി രഹിത വ്യാപാരം സാധ്യമാക്കുന്നതിനു രൂപ കല്പനചെയ്ത യുഎസ്എംസിഎ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ട്രംപ് ഇപ്പോള്‍ മുന്നോട്ടുവെച്ച താരിഫ് ഭീഷണികള്‍ ആ കരാറിനെ അപകടത്തിലാക്കിയേക്കാം.
യുഎസ്എംസിഎയുടെ നിബന്ധനകള്‍ ആറ് വര്‍ഷത്തിന് ശേഷം 2026 ല്‍ വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. ട്രംപിന്റെ താരിഫ് ഭീഷണി ആ ചര്‍ച്ചകളിലേക്ക് നേരത്തെ തന്നെ നീങ്ങാനുള്ള ശ്രമമായിരിക്കാമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പു കാലത്ത് വിലക്കയറ്റം തടയുമെന്നാണ് ട്രംപ് പ്രചാരണം നടത്തിയിരുന്നത്. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തീരുവ കൂട്ടിയാല്‍ ചരക്കുകളുടെ വില ഗണ്യമായി ഉയരുകയാണ് ചെയ്യുക.
കാനഡയും മെക്‌സിക്കോയും ഒപ്പം ചൈനയും ഉള്‍പ്പെട്ട യുഎസി ന്റെ മൂന്ന് പ്രധാന വ്യാപാര പങ്കാളികളെ ഉദ്ദേശിച്ച് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിന് ശേഷം നവംബര്‍ 25 തിങ്കളാഴ്ചയാണ് ട്രൂഡോ ട്രംപുമായി ഫോണില്‍ സംസാരിച്ചത്.
'ഒരുമിച്ച് നേരിടാന്‍ കഴിയുന്ന ചില വെല്ലുവിളികളെക്കുറിച്ചാണ് തങ്ങള്‍ സംസാരിച്ചതെന്ന് ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ട്രൂഡോയുടെ വിമാനം വെള്ളിയാഴ്ച പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്രംപിന്റെ മാര്‍-എ-ലാഗോ വസതിയില്‍ എത്തി; താരിഫ് ഭീഷണി ചര്‍ച്ചയാകും