സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളുടെ ഗൂഡലോകം

സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളുടെ ഗൂഡലോകം


തെക്കുകിഴക്കന്‍ ഏഷ്യയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പുകേന്ദ്രങ്ങള്‍  ആഗോളതലത്തില്‍ ഭീഷണിയായി ഉയര്‍ന്നിരിക്കുന്നു.  മ്യാന്‍മാറിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള മ്യാവാഡി ടൗണ്‍ഷിപ്പിലെ കെ കെ പാര്‍ക്ക് എന്ന സൈബര്‍ കുറ്റകൃത്യകേന്ദ്രത്തില്‍ നിന്ന് ഒടുവില്‍ രക്ഷപ്പെട്ട 500 പൗരന്മാരെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തോടെ മേഖലയിലെ തട്ടിപ്പ് കേന്ദ്രങ്ങളുടെ വ്യാപ്തി എത്രത്തോളം ഗുരുതരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 


എന്താണ് കെ കെ പാര്‍ക്ക് 

മ്യാന്‍മാര്‍- തായ്ലന്‍ഡ് അതിര്‍ത്തിയിലെ കരേന്‍ സംസ്ഥാനത്തുള്ള മ്യാവാഡി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെ കെ പാര്‍ക്ക് ലോകപ്രശസ്തമായ 'സ്‌കാം സിറ്റികളില്‍' ഒന്നാണ്. ഗൂഢമായും സുരക്ഷിതമായും അതിവിപുലമായി നിര്‍മ്മിച്ചിരിക്കുന്ന ഈ സമുച്ചയം ബോര്‍ഡര്‍ ഗാര്‍ഡ് ഫോഴ്സ് (ബി ജി എഫ്) എന്ന അര്‍ധസൈനിക സംഘത്തിന്റെ നിയന്ത്രണത്തിലാണ്. സംഘത്തെ നയിക്കുന്നത് സാ ചിറ്റ് തു എന്ന യുദ്ധസേനാധിപനാണ്. ഇയാളാകട്ടെ മ്യാന്‍മാര്‍ സൈനിക ഭരണാധികാരി മിന്‍ ആങ് ഹ്ലൈങ്ങിന്റെ അടുത്ത കൂട്ടാളിയും.

യു എസ് ട്രഷറി വകുപ്പാണ് സാ ചിറ്റ് തുവിനെ നിരവധി കുറ്റങ്ങളില്‍ പങ്കാളിയെന്നു ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യം ഉപരോധിച്ചത്.

കഴിഞ്ഞ മാസം മ്യാന്‍മാര്‍ സൈന്യം നടത്തിയെന്ന് അവകാശപ്പെട്ട 'റെയ്ഡ്' അത്രയും സത്യസന്ധമായതല്ലെന്ന് പ്രാദേശിക മാധ്യമമായ ദി ഇറവാഡി റിപ്പോര്‍ട്ട് ചെയ്തു. 'സ്റ്റാര്‍ലിങ്ക്' ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്ന ഈ കേന്ദ്രങ്ങളില്‍ നിന്ന് 30 ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും യഥാര്‍ഥത്തില്‍ മുന്‍കൂട്ടി വിവരം ലഭിച്ച കുറ്റവാളികള്‍ സ്ഥലത്തു നിന്ന് മാറിയതായാണ് റിപ്പോര്‍ട്ട്.

യു എസ് കോണ്‍ഗ്രസ്സില്‍ നടന്ന അന്വേഷണങ്ങള്‍ക്കും മലേഷ്യയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത സമയത്താണ് ഈ നാടകീയ 'റെയ്ഡ്' നടന്നത്. പൊതുജനാഭിപ്രായം മാറ്റാനായുള്ള ഒരു പ്രചാരണ നീക്കമായാണ് ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്.


സ്‌കാം സെന്ററുകളുടെ ബിസിനസ് മോഡല്‍


ഗ്ലോബല്‍ ഇനീഷിയേറ്റീവ് അഗെയിന്‍സ്റ്റ് ട്രാന്‍സ്‌നാഷണല്‍ ഓര്‍ഗനൈസ്ഡ് ക്രൈം ഇവയെ 'കോംപൗണ്ട് ക്രൈം ഫസിലിറ്റികള്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ആയിരക്കണക്കിന് പേരെ കുടുക്കി അടിമപ്പണിക്ക് ഇരയാക്കുന്ന വ്യവസായ തലത്തിലുള്ള കുറ്റകൃത്യകേന്ദ്രങ്ങളാണിത്. 

ഉയര്‍ന്ന ശമ്പളമുള്ള ഐ ടി, മാര്‍ക്കറ്റിംഗ് ജോലികള്‍ എന്ന പേരില്‍ വ്യാജ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ച് ഇവര്‍ ഇന്ത്യ, ചൈന, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെ കുടുക്കുന്നു. ആദ്യം അവരെ ബാങ്കോക്ക് പോലുള്ള പ്രധാന നഗരങ്ങളിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കരമാര്‍ഗം മ്യാന്‍മാറിലേക്കോ കംബോഡിയയിലേക്കോ കടത്തും.

ഇതില്‍ കുടുങ്ങിയാല്‍ അവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും 12 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കഠിനപ്രവൃത്തികള്‍, പീഡനം, അടി, തുടങ്ങിയവയാണ് അനുസരണം ഇല്ലാത്തവര്‍ക്ക് നേരിടേണ്ടി വരുന്നത്.


ഇവിടങ്ങളിലെ ഏറ്റവും കുപ്രസിദ്ധമായ തട്ടിപ്പാണ് 'പിഗ് ബച്ചറിംഗ്'. പ്രണയവും നിക്ഷേപവും ചേര്‍ത്തുള്ള കബളിപ്പിക്കല്‍ രീതിയാണിത്. സോഷ്യല്‍ മീഡിയയിലൂടെയോ മെസേജിംഗ് ആപ്പുകളിലൂടെയോ ബന്ധം സ്ഥാപിച്ച് നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ മാതൃക. ആദ്യം ചെറിയ ലാഭം കാണിച്ച് വിശ്വാസം നേടുകയും പിന്നീട് മുഴുവന്‍ പണം തട്ടിയെടുക്കുകയും ചെയ്യും.

ചൈനീസ് പൗരന്മാരെയാണ് ആദ്യം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ യു എസ്, യൂറോപ്പ്, ഇന്ത്യ ഉള്‍പ്പെടെ 110-ലധികം രാജ്യങ്ങളിലെ ആളുകള്‍ ഇതിന്റെ ഇരകളായിട്ടുണ്ട്. യു എന്‍ ഓഫിസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈം കണക്കനുസരിച്ച് ഇത്തരം തട്ടിപ്പുകള്‍ പ്രതിവര്‍ഷം ബില്യണ്‍ ഡോളറുകളാണ് തട്ടിയെടുക്കുന്നത്. 


മ്യാന്‍മറിന്റെ പങ്ക്


യു എന്‍ ഓഫിസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈം വ്യക്തമാക്കുന്നതുപോലെ ഈ തട്ടിപ്പുകേന്ദ്രങ്ങള്‍ കൂടുതലും നിയന്ത്രണമില്ലാത്ത അതിര്‍ത്തി പ്രദേശങ്ങളിലും സ്വയംഭരണ സായുധസംഘങ്ങളുടെ മേഖലകളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 

2000ത്തിന്റെ മധ്യത്തില്‍ മ്യാന്‍മര്‍ സൈന്യം ബോര്‍ഡര്‍ ഗാര്‍ഡ് ഫോഴ്സ് പദ്ധതി നടപ്പിലാക്കി. അതിലൂടെ ചില പ്രാദേശിക സായുധസംഘങ്ങള്‍ക്ക് ആയുധവും സ്വയംഭരണവും നിലനിര്‍ത്താനായി. ഈ സംവിധാനത്തിന്റെ ശില്പിയാണ് ഇപ്പോഴത്തെ സൈനിക ഭരണാധികാരി മിന്‍ ആങ് ഹ്ലൈങ്ങ്. സാ ചിറ്റ് തു ഉള്‍പ്പെടെയുള്ള നേതാക്കളെ അദ്ദേഹം നേരിട്ട് സ്ഥാനക്കയറ്റം നല്‍കിയാണ് പ്രോത്സാഹിപ്പിച്ചത്.

2021ലെ സൈനിക അട്ടിമറിക്കു ശേഷം ഈ കൂട്ടുകെട്ട് കൂടുതല്‍ ശക്തമായി. അതിലൂടെ സൈന്യം സ്വന്തം യുദ്ധച്ചെലവുകള്‍ക്കായി ഈ അനധികൃത വ്യവസായങ്ങളില്‍നിന്ന് നികുതി ഈടാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു.

2024 വരെ ചൈനീസ് പൗരന്മാരായിരുന്നു തട്ടിപ്പുകളുടെ പ്രധാന ഇരകള്‍. അതുകൊണ്ടുതന്നെ വിഷയം ചാനയ്ക്കുള്ളില്‍ തന്നെ രാഷ്ട്രീയ സാമൂഹിക വിഷയമായി ഉയര്‍ന്നിരുന്നു. 

2023ല്‍ പുറത്തിറങ്ങിയ 'നോ മോര്‍ ബെറ്റ്‌സ്' എന്ന ചലച്ചിത്രവും ചൈനീസ് നടന്‍ വാങ് സിംഗ് മനുഷ്യക്കടത്തിന് ഇരയായ സംഭവവും പൊതുജനശ്രദ്ധ വലിയ തോതില്‍ ആകര്‍ഷിച്ചു.

സൈനിക ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കാതിരുന്നതില്‍ 2023 ഒക്ടോബറില്‍ 'ഓപ്പറേഷന്‍ 1027' എന്ന പേരില്‍ വലിയ സൈനിക നീക്കത്തിന് സമ്മതം നല്‍കുകയും ബി ജി എഫ് നിയന്ത്രണത്തിലുള്ള സൈബര്‍ തട്ടിപ്പുകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ലക്ഷ്യമിടുകയും ചെയ്തു. 

ഈ നീക്കത്തില്‍ ഷാന്‍ സംസ്ഥാനത്ത് സൈനികഭരണകൂടത്തിന് വന്‍ പ്രദേശങ്ങള്‍ നഷ്ടപ്പെടുകയും തുടര്‍ന്ന് വര്‍ഷാവസാനത്തോടെ മ്യാന്‍മാര്‍ 41,000 കുറ്റാരോപിതരെ ചൈനയ്ക്ക് കൈമാറുകയും ചെയ്തു. 

എങ്കിലും ഈ തട്ടിപ്പിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചില്ല. പ്രവര്‍ത്തനങ്ങള്‍ തായ്ലന്‍ഡ് അതിര്‍ത്തിയിലേക്കും മന്ദാലെ, യാങൂണ്‍ പ്രദേശങ്ങളിലേക്കും നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനീസ് പൗരന്മാര്‍ക്കു പകരമായി തട്ടിപ്പുകാര്‍ ഇപ്പോള്‍ മറ്റു രാജ്യങ്ങളിലെ ഇരകളെയാണ് ലക്ഷ്യമിടുന്നത്. 


മറ്റു രാജ്യങ്ങളിലെ 'സ്‌കാം' ഹബ്ബുകള്‍


കംബോഡിയയാണ് മറ്റൊരു പ്രധാന കേന്ദ്രം. ശിഹാനൂക്വില്‍, ബവറ്റ്, ഓ'സ്മാച്ച് തുടങ്ങിയ സ്ഥലങ്ങളിലെ പഴയ കാസിനോകളാണ് ഇപ്പോള്‍ സ്‌കാം സെന്ററുകളായി മാറിയത്.

യുഎന്‍ ഓഫിസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈമും ബ്ലൂംബര്‍ഗും അനുസരിച്ച്, ഹുവിയോണ്‍ ഗ്രൂപ്പ് എന്ന കമ്പനി ഈ ആഗോള കുറ്റവത്തിന്റെ സാമ്പത്തിക ശക്തിയാണ്. ടെലഗ്രാമില്‍ പ്രവര്‍ത്തിച്ചിരുന്ന ഹുവിയോണ്‍ ഗ്യാരന്റി എന്ന സേവനം വഴിയാണ് തട്ടിപ്പുകാര്‍ മോഷ്ടിച്ച ഡേറ്റ, സോഫ്‌റ്റ്വെയര്‍ തുടങ്ങിയവ വില്‍പ്പന നടത്തിയത്. 

2025 മെയില്‍ യു എസ് ട്രഷറി ഇവരെ ബ്ലാക്ക്ലിസ്റ്റ് ചെയ്‌തെങ്കിലും കമ്പനി പുതിയ പേരുകളിലായി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു, അതില്‍ സ്വന്തം സ്റ്റേബിള്‍കോയിന്‍ ആയ 'യു എസ് ഡി എച്ച്' പോലും ഉള്‍പ്പെടുന്നു.


ഇന്ത്യക്കാര്‍ക്ക് എന്താണ് പ്രത്യാഘാതം?


ഇന്ത്യ ഇരട്ടപ്രതിസന്ധിയാണ് നേരിടുന്നത്. തട്ടിപ്പിന് ഇരകളായും തട്ടിപ്പുകാര്‍ക്കായി വല വരിച്ച തൊഴിലാളികളായും.

2025 മാര്‍ച്ചില്‍ വ്യാജ ജോലി ഓഫറുകളിലൂടെ കുടുങ്ങിയ 283 ഇന്ത്യന്‍ പൗരന്മാരെ തായ്ലന്‍ഡില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തി. 2022 ജൂലൈ മുതല്‍ 1,600-ലധികം ഇന്ത്യക്കാര്‍ വിവിധ ഹബ്ബുകളില്‍ നിന്ന് തിരിച്ചെത്തിയതായി ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ സൈബര്‍ തട്ടിപ്പുകേന്ദ്രങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെയ്ക്കുന്നതായും അവയില്‍ പല ഇന്ത്യക്കാരും കുടുങ്ങിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. 

ഇത് മനുഷ്യാവകാശപ്രശ്‌നം മാത്രമല്ല, ദേശീയ സൈബര്‍സുരക്ഷാ വെല്ലുവിളിയും ആണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.