കീവ്: യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാതെ റഷ്യയുമായുള്ള സമാധാന കരാര്‍ നിലനില്‍ക്കില്ലെന്നും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ മോസ്‌കോയെ ധൈര്യപ്പെടുത്തുകയേ ഉള്ളൂവെന്നും യുക്രെനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായുള്ള ഫോണ്‍ കോളിനുശേഷം സംസാരിച്ച സെലെന്‍സ്‌കി നിലവിലെ നയതന്ത്ര സാഹചര്യവും അത് ഇപ്പോള്‍ തുറക്കുന്ന അവസരങ്ങളും ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് പറഞ്ഞു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള സമീപകാല ചര്‍ച്ചകളെയും സെലെന്‍സ്‌കി അഭിസംബോധന ചെയ്തു.
ചര്‍ച്ചകളെക്കുറിച്ചുള്ള യുക്രെയ്‌നിന്റെ നിലപാടിനെ എര്‍ദോഗന്‍ പിന്തുണയ്ക്കുന്നു. എല്ലാ അപകടസാധ്യതകളും ഭീഷണികളും തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും യഥാര്‍ഥ സമാധാനത്തിന് പകരം അനുകരിക്കപ്പെട്ട സമാധാനം അധികകാലം നിലനില്‍ക്കല്ലെന്നും അത് റഷ്യയെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയേയുള്ളൂവെന്നും സെലെന്‍സ്‌കി പറഞ്ഞു.
ഇസ്താംബൂളില്‍ മുമ്പ് നടന്ന സമാധാന ചര്‍ച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്‌തെങ്കിലും ഭാവി റൗണ്ടുകളില്‍ വെടിനിര്‍ത്തലിലേക്കുള്ള അര്‍ഥവത്തായ നടപടികള്‍ പ്രതീക്ഷിക്കുന്നതായി എര്‍ദോഗന്റെ ഓഫീസ് സ്ഥിരീകരിച്ചു. യുക്രെയ്ന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഉള്‍പ്പെടുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധതയും തുര്‍ക്കി നേതാവ് പ്രകടിപ്പിച്ചു.
യുക്രെയ്നിനോടുള്ള തുര്‍ക്കിയയുടെ 'ആത്മാര്‍ഥവും ഊഷ്മളവുമായ മനോഭാവത്തിനും' മധ്യസ്ഥനെന്ന നിലയിലുള്ള അവരുടെ പങ്കിനും സെലെന്‍സ്‌കി നന്ദി പ്രകടിപ്പിച്ചു. കൊലപാതകങ്ങള്‍ തടയുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഏത് തരത്തിലുള്ള കൂടിക്കാഴ്ചയ്ക്കും യുക്രെയ്ന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിയില്‍ ഉന്നതതല പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും തുര്‍ക്കി പങ്കാളിത്തം ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.