വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കി ഇറാന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ ആക്രമണം. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച അമേരിക്കൻ സൈന്യം ഇന്ത്യൻ ക്രൂ ഉൾപ്പെട്ട എം.ടി ജൽവീർ എന്ന കപ്പലിനെതിരേയും ആക്രമണം നടത്തി. ആക്രമണത്തിന് ശേഷം 20 ഇന്ത്യൻ നാവികരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടയിൽ മൂന്നാമത്തെ ഇന്ത്യൻ ക്രൂ കപ്പലിനെതിരേയാണ് അമേരിക്കൻ ആക്രമണമുണ്ടായത്.
എം.ടി ജൽവീറിനെതിരേയുണ്ടായ ആക്രമണവും അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാൻ ഉൾക്കടലിലൂടെ ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ച കപ്പലിനെതിരേ യു.എസ് സെൻട്രൽ കമാൻഡ് നടപടിയെടുത്തെന്നും യു.എസ് സേനയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ക്രൂ ആവർത്തിച്ച് പരാജയപ്പെട്ടതിനെത്തുടർന്ന് ഒരു യു.എസ് വിമാനത്തിൽനിന്ന് കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് രണ്ട് ഹെൽഫയർ മിസൈലുകൾ തൊടുത്തുവിട്ടെന്നും സെന്റ്കോം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ബുധനാഴ്ച സിറിക്, മിനാബ് ഉള്‍പ്പെടെയുള്ള ഇറാന്റെ വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യം നേരിടുന്നതിനായി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചതോടെ പലയിടങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായി ഇറാനിയന്‍ മാധ്യമങ്ങളും പ്രാദേശിക വൃത്തങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കില്‍ ഇറാന്റെ പ്രധാന താവളങ്ങളെ ലക്ഷ്യമിടാനും സൈനിക നടപടികള്‍ ശക്തമാക്കാനും അമേരിക്ക തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങളുണ്ടായത്. ഇറാന്റെ അകാരണവും തുടര്‍ച്ചയായതുമായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ നടപടിയെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
യു.എസ് ആക്രമണത്തിന് പിന്നാലെ, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായി ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതിനെയും തടയുമെന്നും ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമിടുമെന്നും കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇന്ത്യൻ ക്രൂ കപ്പലുകൾക്ക് നേരെ മൂന്നാമതും ആക്രമണം, ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ
