ഇറാനിൽ രണ്ടാം ദിവസവും അമേരിക്കൻ ആക്രമണം; 'യുദ്ധം അവസാനിച്ചിട്ടില്ല' എന്ന് ഇസ്രയേൽ, ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ

ഇറാനിൽ രണ്ടാം ദിവസവും അമേരിക്കൻ ആക്രമണം; 'യുദ്ധം അവസാനിച്ചിട്ടില്ല' എന്ന് ഇസ്രയേൽ, ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ


വാഷിങ്ടൺ/ടെഹ്രാൻ: ഇറാനെതിരെ അമേരിക്ക തുടർച്ചയായ രണ്ടാം ദിവസവും വ്യോമാക്രമണം നടത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം ബുധനാഴ്ച വൈകിട്ട് മുതൽ ഇറാനിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.

ഇറാന്റെ 'അനാവശ്യവും തുടർച്ചയായതുമായ ആക്രമണങ്ങൾക്കുള്ള ആത്മരക്ഷാ നടപടിയാണ്' പുതിയ സൈനിക നീക്കമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്നാണ് റിപ്പോർട്ട്.

 ഇറാനെതിരെ ശക്തമായ നടപടി തുടരുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് മുന്നറിയിപ്പ് നൽകി. 'ഇറാനുമായി ഒരു ധാരണയിലെത്താൻ അവസരം നൽകിയിരുന്നു. എന്നാൽ അവർ അത് പ്രയോജനപ്പെടുത്തിയില്ല. അതിനാൽ പ്രധാന കേന്ദ്രങ്ങളിൽ ബോംബാക്രമണം തുടരും,' എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ആഗ്രഹിക്കുന്ന തരത്തിലുള്ള കരാറിലേക്ക് ഇറാനെ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹെഗ്‌സത്ത് വ്യക്തമാക്കി.

അതേസമയം, ഇറാനുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. 'ഇറാൻ വീണ്ടും ഇസ്രയേലിനെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകും. ഇറാനെതിരെ വലിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ സൈന്യം സജ്ജമാണ്,' എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഇതിനിടെ, അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വ്യക്തമാക്കി. ഗതാഗതം, വൈദ്യുതി, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുമെന്ന അമേരിക്കൻ മുന്നറിയിപ്പ് നിരാശയുടെ പ്രകടനമാണെന്നും അദ്ദേഹം വിമർശിച്ചു.

'ഏത് സമ്മർദത്തിനും ഭീഷണിക്കും മുന്നിൽ ഇറാൻ ഉറച്ചുനിൽക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,' എന്ന് പെസെഷ്‌കിയാൻ പറഞ്ഞു.

അമേരിക്ക, ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ പുതിയ സുരക്ഷാ ആശങ്കകൾ ഉയർന്നിരിക്കുകയാണ്. മേഖലയിൽ യുദ്ധസാഹചര്യം വ്യാപിക്കുമോയെന്ന ആശങ്കയും അന്താരാഷ്ട്ര തലത്തിൽ ശക്തമായിട്ടുണ്ട്.