ഗുസ്തിയില്‍ മെഡലുറപ്പിച്ച വിനേഷ് ഫോഗട്ടിന് അയോഗ്യത; സംശയ നിഴല്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക്

ഗുസ്തിയില്‍ മെഡലുറപ്പിച്ച വിനേഷ് ഫോഗട്ടിന് അയോഗ്യത; സംശയ നിഴല്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക്


പാരിസ്: ഗുസതിയില്‍ മെഡല്‍ ഉറപ്പിച്ച ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അനുവദനീയമായതിലും 100 ഗ്രാം അധികമായെന്ന പേരില്‍ അയോഗ്യത. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ എത്തിയതിനു പിന്നാലെയാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. നടപടിയില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിക്കുകയും നടപടി പുന:പരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്‌തെങ്കിലും അസോസിയേഷന്‍ അംഗീകരിച്ചില്ല.

ഒളിംപിക്‌സ് നിയമപ്രകാരം വിനേഷ് ഫോഗട്ടിന് വെള്ളിമെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. അതോടെ മത്സരത്തില്‍ ഇനി സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കളാണുണ്ടാവുക. 

സെമി ഫൈനലില്‍ ക്യൂബന്‍ താരം യുസ്നെലിസ് ഗുസ്മാനെ 5-0ന് വീഴ്ത്തി ഫൈനലില്‍ കയറിയ ആദ്യ വനിതാ ഇന്ത്യന്‍ താരമായ വിനേഷ് ഫോഗട്ട്  ഫൈനലില്‍ അമേരിക്കയുടെ സാറാ ആനിനെയാണ് നേരിടേണ്ടിയിരുന്നത്. 

വിനേഷ് ഫോഗട്ട് ഇന്ത്യയുടെ അഭിമാനമാണെന്നും ശക്തമായി തിരിച്ചു വരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്‌സില്‍ കുറിച്ചു. തിരിച്ചടി വേദനിപ്പിക്കുന്നതാണഎന്നും നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കില്ലെന്നും കുറിച്ച പ്രധാനമന്ത്രി നിങ്ങള്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് തനിക്കറിയാമെന്നും വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുകയെന്നത് നിങ്ങളുടെ സ്വഭാവമാണഎന്നും ഞങ്ങളെല്ലാവരും നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും വ്യക്തമാക്കി. 

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ അട്ടിമറിയെന്നാണ് ഗുസ്തി താരം വിജേന്ദര്‍ സിംഗ് പറഞ്ഞത്. പ്രധാന മത്സരങ്ങള്‍ക്ക് മുമ്പ് ഭാരം നിലനിര്‍ത്തേണ്ടത് എങ്ങനെയെന്ന് താരങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. 

യഥാര്‍ഥ ചാമ്പ്യനാകാന്‍ ചിലപ്പോള്‍ ഒരു സ്വര്‍ണമെഡല്‍ ആവശ്യമില്ലെന്നാണ് അഭിനവ് ബിന്ദ്ര പ്രതികരിച്ചത്. 

റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ തെരുവില്‍ പോരാട്ടം നയിച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ സ്വപ്‌നം പൊലിച്ചതിന് പിന്നില്‍ ഇന്ത്യന്‍ ക്യാമ്പില്‍ തന്നെയുള്ളവരാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. വനിതാ ഗുസ്തി താരങ്ങളോട് ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങിയത്. സമരം ചെയ്ത ഗുസ്തി താരങ്ങളുമായി അന്നത്തെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചകളില്‍ നല്‍കിയ ഉറപ്പ് നഗ്നമായി ലംഘിക്കപ്പെട്ടിരുന്നു. ബ്രിജ് ഭൂഷണോ അദ്ദേഹത്തിന്റെ അടുപ്പക്കാരോ ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന ഉറപ്പാണ് കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നഗ്നമായി ലംഘിച്ചത്. 

ഗുസ്തി താരങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ അബദ്ധമോ ചതിയോ ആയിരിക്കാം വിനേഷ് ഫോഗട്ടിന്റെ ഭാരക്കൂടുതലിന് പിന്നിലെന്ന സംശയമാണ് ഉയരുന്നത്. വിനേഷിന് ആഹാരക്രമം നിര്‍ദ്ദേശിച്ചവര്‍, തയ്യാറാക്കിയവര്‍, പരിശീലനത്തിന് മേല്‍നോട്ടം നടത്തിയവര്‍ തുടങ്ങി ഇന്ത്യന്‍ ക്യാമ്പിലേക്കാണ് അയോഗ്യതയുടെ വിരലുകള്‍ ചൂണ്ടപ്പെടുന്നത്. 

50 കിലോഗ്രാം വിഭാഗത്തിലെ മത്സരത്തിനുള്ള തയ്യാറെടുപ്പില്‍ രണ്ട് കിലോഗ്രാം അധികഭാരം കണ്ടെത്തിയതോടെ വിനേഷ് രാത്രി ഉറങ്ങാതെയും വര്‍ക്കൗട്ടുകള്‍ ചെയ്തു സൈക്കിള്‍ ചവിട്ടിയും ജോഗ് ചെയ്തും 1900 ഗ്രാം കുറക്കുകയായിരുന്നു. ബാക്കിയായ 100 ഗ്രാമാണ് അയോഗ്യതയിലേക്ക് വഴി തുറന്നത്. പ്രധാനപ്പെട്ടൊരു മത്സരത്തില്‍ രണ്ടു കിലോഗ്രാം അധികമായി വന്നതാണ് ഇന്ത്യന്‍ ക്യാമ്പിലേക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിലേക്കും സംശയനിഴലെത്തിക്കുന്നത്.