റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ജൂണ്‍ വരെ യു എസിന്റെ സമയ പരിധിയെന്ന് സെലന്‍സ്‌കി

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ജൂണ്‍ വരെ യു എസിന്റെ സമയ പരിധിയെന്ന് സെലന്‍സ്‌കി


കീവ്: നാലുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഒരു കരാറിലെത്താന്‍ ജൂണ്‍ വരെ സമയപരിധി യുക്രെയ്നിനും റഷ്യയ്ക്കും അമേരിക്ക നിശ്ചയിച്ചതായി പ്രസിഡന്റ് വൊളൊദിമിര്‍ സെലെന്‍സ്‌കി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ, റഷ്യന്‍ ആക്രമണങ്ങള്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കിയതിനെ തുടര്‍ന്ന് ശനിയാഴ്ച ആണവ വൈദ്യുത നിലയങ്ങള്‍ ഉല്‍പാദനം കുറയ്‌ക്കേണ്ടിവന്നു.

ജൂണ്‍ സമയപരിധിക്കുള്ളില്‍ ധാരണയിലെത്താനായില്ലെങ്കില്‍ ഇരു പക്ഷങ്ങള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ് ഭരണകൂടം സാധ്യതയുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേനല്‍ക്കാലത്തിന്റെ തുടക്കത്തോടെ യുദ്ധം അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് അമേരിക്ക മുന്നോട്ടുവയ്ക്കുന്നത്. ആ സമയക്രമം അനുസരിച്ച് തന്നെ അവര്‍ കൃത്യമായ സമ്മര്‍ദ്ദം ചെലുത്താനിടയുണ്ടെന്ന് വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സെലെന്‍സ്‌കി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ശനിയാഴ്ച രാവിലെ വരെ പ്രസിദ്ധീകരിക്കരുതെന്ന വിലക്ക് ഉണ്ടായിരുന്നു.

അടുത്ത ഘട്ടത്തിലെ ത്രികക്ഷി ചര്‍ച്ചകള്‍ അടുത്ത ആഴ്ച അമേരിക്കയില്‍ തന്നെ ആദ്യമായി നടത്താന്‍ യു എസ് നിര്‍ദേശിച്ചതായും മയാമി ആയിരിക്കാം വേദിയെന്നും സെലെന്‍സ്‌കി പറഞ്ഞു. തങ്ങള്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ദൂതനായ കിരില്‍ ദ്മിത്രിയേവ്‌ന്റെ പേരില്‍ ദ്മിത്രിയേവ് പാക്കേജ് എന്ന് അദ്ദേഹം വിശേഷിപ്പിച്ച 12 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക നിര്‍ദേശം റഷ്യ അമേരിക്കക്ക് മുമ്പില്‍ വെച്ചതായും സെലെന്‍സ്‌കി പറഞ്ഞു. യു എസുമായുള്ള സാമ്പത്തിക കരാറുകള്‍ വിപുലമായ ചര്‍ച്ചാപ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ 400-ലധികം ഡ്രോണുകളും ഏകദേശം 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ യുക്രെയ്നിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം തുടര്‍ന്നുവെന്ന് സെലെന്‍സ്‌കി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. വൈദ്യുതി ഗ്രിഡ്, ഉത്പാദന കേന്ദ്രങ്ങള്‍, വിതരണ ശൃംഖലകള്‍ എന്നിവ ആക്രമണ ലക്ഷ്യങ്ങളിലുണ്ടായിരുന്നു.

രാജ്യത്തെ വൈദ്യുതി കൈമാറ്റ ചുമതലയുള്ള സര്‍ക്കാര്‍ സ്ഥാപനമായ ഉക്രെനര്‍ഗോയുടെ പ്രസ്താവന പ്രകാരം ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള രണ്ടാമത്തെ വലിയ ആക്രമണമാണിത്. എട്ട് മേഖലകളിലെ എട്ട് കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ആണവ വൈദ്യുത നിലയങ്ങള്‍ ഉത്പാദനം കുറയ്‌ക്കേണ്ടിവന്നു.

ആണവ നിലയങ്ങളുടെ വൈദ്യുതി ഉറപ്പാക്കിയിരുന്ന പ്രധാന ഹൈ വോള്‍ട്ടേജ് സബ്സ്റ്റേഷനുകള്‍ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണങ്ങളുടെ ഫലമായി നിയന്ത്രണത്തിലുള്ള എല്ലാ ആണവ നിലയങ്ങള്‍ക്കും ഉത്പാദനം കുറയ്‌ക്കേണ്ടിവന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ഈ ആക്രമണങ്ങളെത്തുടര്‍ന്ന് രാജ്യത്തെ വൈദ്യുതി ക്ഷാമം വര്‍ധിച്ചതായും യുക്രെയ്നിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി നിയന്ത്രണം നീട്ടേണ്ടിവന്നതായും അറിയിച്ചു.

പുതിയ സമയപരിധി അബൂദാബിയില്‍ നടന്ന അമേരിക്കയുടെ ഇടനിലയിലുള്ള ത്രികക്ഷി ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പരസ്പരം പൊരുത്തപ്പെടാത്ത ആവശ്യങ്ങളില്‍ ഇരുപക്ഷങ്ങളും ഉറച്ചുനില്‍ക്കുന്നതിനാല്‍ ചര്‍ച്ചകളില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല. ഡോന്‍ബാസ് മേഖലയില്‍ നിന്ന് യുക്രെയ്ന്‍ പിന്മാറണമെന്നതാണ് റഷ്യയുടെ ആവശ്യം. ഇത് ഒരിക്കലും അംഗീകരിക്കില്ലെന്ന് കീവ് വ്യക്തമാക്കിയിട്ടുണ്ട്.

ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ഇപ്പോഴും ബുദ്ധിമുട്ടുള്ളതുതന്നെയാണെന്ന് ഡോന്‍ബാസ് വിഷയത്തില്‍ യുക്രെയ്ന്‍ വീണ്ടും നിലപാട് ഉറപ്പിച്ചു. തങ്ങള്‍ നില്‍ക്കുന്നിടത്തുതന്നെ നില്‍ക്കുന്നുവെന്നതാണ് വെടിനിര്‍ത്തലിന് ഏറ്റവും ന്യായവും വിശ്വസനീയവുമായ മാതൃകയെന്ന് സെലെന്‍സ്‌കി പറഞ്ഞു. ഏറ്റവും കടുത്ത വിഷയങ്ങള്‍ നേതാക്കള്‍ പങ്കെടുക്കുന്ന ത്രികക്ഷി യോഗത്തില്‍ മാത്രം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

റഷ്യയുടെ നിയന്ത്രണത്തിലുള്ള സാപൊറിഴ്യ ആണവ നിലയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പൊതു ധാരണയിലെത്താനായില്ലെന്നും റഷ്യ ആഗ്രഹിക്കുന്ന ഡോന്‍ബാസ് പ്രദേശത്തെ സ്വതന്ത്ര സാമ്പത്തിക മേഖലയാക്കി മാറ്റണമെന്ന അമേരിക്കന്‍ നിര്‍ദേശത്തോടും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

അത് നടപ്പാക്കാനാകുമോയെന്ന് തനിക്ക് അറിയില്ലെന്നും സ്വതന്ത്ര സാമ്പത്തിക മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ വ്യത്യസ്ത കാഴ്ചപ്പാടുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ സാങ്കേതികമായി എങ്ങനെ നിരീക്ഷിക്കണമെന്ന് ചര്‍ച്ച ചെയ്തതായും ആ പ്രക്രിയയില്‍ അമേരിക്കക്ക് പങ്കുണ്ടാകുമെന്ന് യു എസ് ഉറപ്പുനല്‍കിയതായും സെലെന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ മാസങ്ങളായി റഷ്യയുടെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ യുക്രെയ്നിന്റെ വൈദ്യുതി ഗ്രിഡിനെ കേന്ദ്രീകരിച്ചാണ് നടന്നത്. ഇതിന്റെ ഫലമായി വൈദ്യുതി മുടക്കങ്ങള്‍ ഉണ്ടായതോടൊപ്പം കടുത്ത ശീതകാലത്ത് കുടുംബങ്ങള്‍ക്ക് ചൂടും വെള്ളവും ലഭിക്കാതിരുന്നത് കീവിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു.

ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കിയ ആക്രമണങ്ങള്‍ നിരോധിക്കുന്ന വെടിനിര്‍ത്തല്‍ വീണ്ടും അമേരിക്ക നിര്‍ദേശിച്ചതായും സെലെന്‍സ്‌കി പറഞ്ഞു. റഷ്യ പ്രതിബദ്ധത കാണിച്ചാല്‍ യുക്രെയ്ന്‍ അത്തരം ഇടവേള പാലിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മുന്‍പ് അമേരിക്ക നിര്‍ദേശിച്ച ഒരാഴ്ചത്തെ ഇടവേളയ്ക്ക് റഷ്യ സമ്മതിച്ചെങ്കിലും നാല് ദിവസത്തിനുള്ളില്‍ അത് ലംഘിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.