2022ന് ശേഷം ഓഹരി വിപണി കണ്ട ഏറ്റവും മോശം ആഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. 2022ല്‍ ഓഹരി വിപണി 20 ശതമാനം വരെ ഇടിഞ്ഞിരുന്നു. ഇപ്പോള്‍ പല നിക്ഷേപകരും ചോദിക്കുന്ന ചോദ്യമാണ് 'നാം സാമ്പത്തിക മാന്ദ്യത്തിലാണോ?' അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ആശ്വാസവാക്കള്‍ നല്‍കിയത് ഇങ്ങനെ. 'യഥാര്‍ഥ സമ്പദ്വ്യവസ്ഥയാണ് ഞങ്ങളുടെ ശ്രദ്ധ. കഴിഞ്ഞ മൂന്നാഴ്ചയായുള്ള ചെറിയ ചാഞ്ചാട്ടങ്ങള്‍ എന്നെ ബാധിക്കുന്നില്ല,'. ദീര്‍ഘകാല നിക്ഷേപമാണ് ഓഹരികളെ സുരക്ഷിതവും മികച്ചതുമാക്കുന്നത്, ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ അത് അപകടകരമാണെന്നും അദ്ദേഹം വിശദീകരിച്ചു. 'സര്‍ക്കാര്‍ ശരിയായ നയങ്ങള്‍ നടപ്പാക്കിയാല്‍, വരുമാനം, തൊഴിലവസരങ്ങള്‍, ആസ്തി വര്‍ധന എന്നിവയ്ക്ക് അടിത്തറ ഉണ്ടാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരിഫുകളും നികുതികളുമാണ് ഈ നയങ്ങള്‍.
വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലൂട്ട്നിക്ക് പറഞ്ഞത്, പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം വാര്‍ഷിക വരുമാനം 1,50,000 ഡോളറില്‍ താഴെയുള്ളവര്‍ക്ക് നികുതി ഇല്ലാതാക്കുക എന്നതാണ് എന്നാണ്. താരിഫുകളിലും നികുതികളിലും ദിനംപ്രതി മാറ്റങ്ങള്‍ വരുന്നുണ്ട് എന്ന് നമുക്കു കാണാം.
സാമ്പത്തിക മാന്ദ്യമോ?
സാമ്പത്തിക മാന്ദ്യം എന്നത് തുടര്‍ച്ചയായ രണ്ട് പാദങ്ങള്‍ (6 മാസം) സമ്പദ്വ്യവസ്ഥ ചുരുങ്ങുമ്പോഴാണ് സാങ്കേതികമായി നിര്‍വചിക്കപ്പെടുന്നത്. 2022ല്‍ ഇത് സംഭവിച്ചെങ്കിലും അന്ന് അത് മാന്ദ്യമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോള്‍, അത്തരമൊരു സ്ഥിതി എത്തിയിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ഓഹരി വിപണിയില്‍ 10 ശതമാനം ഇടിവ് വരുമ്പോള്‍ അതിനെ തിരുത്തല്‍ (കറക്ഷന്‍) എന്നും 20 ശതമാനം ഇടിവ് വരുമ്പോള്‍ അതിനെ ബെയര്‍ മാര്‍ക്കറ്റ് എന്നും വിളിക്കുന്നു. ഈ ആഴ്ച്ച എസ് ആന്റ്് പി 500 സൂചിക 10 ശതമാനം ഇടിഞ്ഞ് തിരുത്തല്‍ ഘട്ടത്തിലാണ്. സമ്പദ്വ്യവസ്ഥയും ഓഹരി വിപണിയും സമാനമാണെങ്കിലും വ്യത്യസ്തമാണ്. സമ്പദ്വ്യവസ്ഥ ചെലവിന്റെ യഥാര്‍ഥ അളവാണ് ഓഹരി വിപണി നിക്ഷേപകരുടെ പ്രതീക്ഷയാണ്.
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറയുന്നതായി ആണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സാധനങ്ങള്‍ക്ക് വിലകള്‍ കുറയുന്നു എന്ന് അര്‍ഥമില്ല. വിലവര്‍ധനവിന്റെ വേഗത കുറയുന്നു എന്നാണ്. യു എസ് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കുകയാണ്. 2 ശതമാനം പണപ്പെരുപ്പം ജനങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ അറിയില്ലെങ്കിലും ബിസിനസുകള്‍ക്ക് വളര്‍ച്ച നല്‍കും. എന്നാല്‍, ശമ്പള വര്‍ധന പണപ്പെരുപ്പത്തിനൊപ്പം കുതിക്കുന്നില്ല എന്നതാണ് പലര്‍ക്കും പ്രശ്‌നം.
നിക്ഷേപകര്‍ എന്താണ് ചെയ്യുന്നത്?
വിപണി ഇടിയുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത ആസ്തികളിലേക്ക് നീങ്ങുന്നു. ട്രഷറി യീല്‍ഡുകള്‍ കുറയുകയും സ്വര്‍ണവില ഉയരുകയും ചെയ്യുന്നു. ട്രഷറികള്‍ സര്‍ക്കാരിന് വായ്പ നല്‍കുന്നതാണ്, ഇത് താരതമ്യേന സുരക്ഷിതമെങ്കിലും കുറഞ്ഞ ലാഭമാണ് നല്‍കുന്നത്. ഇത് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ വ്യക്തമാക്കുന്നു.
വിപണി നിക്ഷേപത്തില്‍ നിന്ന് ആര്‍ക്കും എപ്പോഴും ലാഭം മാത്രം ലഭിക്കില്ല; നഷ്ടവും കൂടെ സംഭവിക്കാം. എന്നാല്‍, 2008, 2020, 2022 തുടങ്ങിയ വിപണി തകര്‍ച്ചകളില്‍ പോലും ദീര്‍ഘകാല നിക്ഷേപങ്ങള്‍ ചെയ്തവര്‍ മികച്ച ലാഭം നേടിയിട്ടുണ്ട്. 'എല്ലായ്പ്പോഴും വാങ്ങുക' always be buying (ABB) എന്ന തന്ത്രമാണ് പലരും പിന്തുടരുന്നത്. വിപണി ഇടിയുമ്പോള്‍ കൂടുതല്‍ വാങ്ങാനുള്ള അവസരമായി ഇതിനെ കാണാം. ഓഹരി വിപണി 'സെയിലില്‍' ആയിരിക്കുമ്പോള്‍ ആളുകള്‍ ഓടി മാറുന്നത് വിരോധാഭാസമാണ്.
വിജയിക്കുവാന്‍, കടങ്ങള്‍ വീട്ടി, പണം മാറ്റിവെച്ച്, നിക്ഷേപത്തിന്റെ തന്ത്രം മനസ്സിലാക്കണം. വികാരങ്ങള്‍ എപ്പോഴും ലാഭത്തിന്റെ ശത്രുവാണ്. നികുതി, താരിഫ്, എ ഐ തുടങ്ങിയ വാര്‍ത്തകളില്‍ പ്രയാസപ്പെടാതെ, ശാന്തമായി അവസരങ്ങള്‍ തേടണം. വിപണി ഉയര്‍ന്നാലും താഴ്ന്നാലും വിജയിക്കാനുള്ള തന്ത്രം അറിയുകയാണ് വേണ്ടത്.