പ്രണയം തേടി ബില്‍ബോര്‍ഡ് ഉയര്‍ത്തി 70കാരന്‍ ഗില്‍ബെര്‍ട്ടി

പ്രണയം തേടി ബില്‍ബോര്‍ഡ് ഉയര്‍ത്തി 70കാരന്‍ ഗില്‍ബെര്‍ട്ടി

Photo Caption


ന്യൂയോര്‍ക്ക്: അല്‍ ഗില്‍ബെര്‍ട്ടിക്ക് പ്രായം 70 ആയി. കണ്ണും മൂക്കുമില്ലാത്ത പ്രണയം ആ മനുഷ്യനെ കയറിപ്പിടിച്ചത് ഈ പ്രായത്തിലായതുകൊണ്ടാവണം അതന്വേഷിച്ച് അദ്ദേഹമൊരു ബില്‍ബോര്‍ഡ് സ്ഥാപിച്ചത്. പാരമ്പര്യക്കാഴ്ചകള്‍ക്കപ്പുറത്തേക്ക് പ്രണയം തേടിയൊരു പരസ്യപ്പലക അല്‍ ഗില്‍ബര്‍ട്ടി സ്വന്തമാക്കി. 

ടെക്സാസിലെ സ്വീറ്റ്വാട്ടറില്‍ 20 അടി ഉയരത്തിലാണ് പരസ്യബോര്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നത്. അതിലൊരു സന്ദേശം ഗില്‍ബര്‍ട്ടിയുടെ ഹൃദയം തൊട്ട് എഴുതിയിരിക്കുന്നു: 'ലോണ്‍ലി മെയില്‍ കാന്‍ റിലൊക്കേറ്റ് സ്വീറ്റ്വാട്ടര്‍, സീക്‌സ് ഫീമെയ്ല്‍ മാര്യേജ് മൈന്‍ഡഡ് എന്‍ജോയ്ക് കരോക്കെ'. 

നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഗില്‍ബെര്‍ട്ടി. അദ്ദേഹം തിരയുന്നത് വിശ്വസ്തതയും സത്യസന്ധതയും ആത്മാര്‍ത്ഥതയുമുള്ള ഒരു പങ്കാളിയെയാണ്. തന്റെ 'മിസ് റൈറ്റ്'നെ കണ്ടെത്തുന്നതില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഗില്‍ബെര്‍ട്ടി ശരിയായ 'പെണ്‍കുട്ടിയെ' കണ്ടുമുട്ടുകയാണെങ്കില്‍ യു എസിലോ യു കെയിലോ എവിടെ വേണമെങ്കിലും താമസം മാറാനും തയ്യാറാണ്. 

പരസ്യബോര്‍ഡിലൂടെ തനിക്ക് പ്രശസ്തി ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ശരിയായ വ്യക്തിയെ തനിക്ക് കിട്ടണമെന്നും ഗില്‍ബെര്‍ട്ടി പറഞ്ഞു. 

ബില്‍ബോര്‍ഡ് ഉയര്‍ന്നത് മുതല്‍ 400ലധികം കോളുകളും 50-ഓളം ഇമെയിലുകളും ലഭിച്ചതായി ഗില്‍ബര്‍ട്ടി പറഞ്ഞു. ഒരു സുഹൃത്തിന്റെ ഫോണിലേക്ക് കോളുകള്‍ റീഡയറക്ട് ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ചില അന്വേഷണങ്ങള്‍ അവസരവാദമാണെന്ന് തോന്നുന്നുണ്ടെങ്കിലും യഥാര്‍ഥ വ്യക്തിയുമായി ബന്ധപ്പെടാനാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്‌നേഹത്തിനായുള്ള തന്റെ അന്വേഷണത്തെ കുറിച്ച് പറയുന്ന ഗില്‍ബെര്‍ട്ടി താനാഗ്രഹിക്കുന്നതു പോലൊരാളെ കാണാനുള്ള ആഗ്രഹവും പ്രകടമാക്കി. ശരിയായ വ്യക്തിയെ കാണണമെന്നും എന്നാല്‍  ആ വ്യക്തി ഇതുവരെ എനിക്ക് വിളിച്ചിട്ടില്ലെന്നും അവരെ കണ്ടുമുട്ടിയാല്‍, അവരുടെ കണ്ണുകളിലേക്ക് നോക്കാനും അവര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും കാണണമെന്നും അദ്ദേഹം പറഞ്ഞു.