ന്യൂഡല്‍ഹി: കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്ന കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ നെസ്ലെ പഞ്ചസാരയും തേനും ചേര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. ലോകത്തിലെ ഏറ്റവും വലിയ ബേബി ഫുഡ് കമ്പനിയായ നെസ്ലെ പല ദരിദ്ര രാജ്യങ്ങളിലും വില്‍ക്കുന്ന ശിശുക്കളുടെ പാലിലും ധാന്യ ഉത്പന്നങ്ങളിലുമാണ് പഞ്ചസാരയും തേനും ചേര്‍ക്കുന്നത്.
ശിശുക്കള്‍ക്ക് തേന്‍ നല്‍കരുതെന്നാണ് വിദഗ്ധര്‍ ഉപദേശിക്കാറുള്ളത്. കുഞ്ഞിന്റെ കുടലില്‍ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ബാക്ടീരിയകള്‍ തേനില്‍ അടങ്ങിയതുകൊണ്ടാണ് ഇത്തരത്തില്‍ വിരോധിക്കുന്നത്. മാത്രമല്ല ഗുരുതര രോഗമായ ഇന്‍ഫന്റ് ബോട്ടുലിസത്തിലേക്കും ഇത് നയിക്കുന്നുണ്ട്.
മധുരപലഹാരങ്ങളും പഴച്ചാറുകളും മറ്റ് ഫ്രൂട്ട് ഡ്രിങ്കുകളും ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ നല്‍കുന്നത് മാതാപിതാക്കള്‍ ഒഴിവാക്കണമെന്നും കുഞ്ഞുങ്ങളുടെ പല്ല് നശിക്കാന്‍ ഇത് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
നെസ്‌ലെ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വില്‍ക്കുന്ന ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ സ്വിസ് അന്വേഷണ സംഘടനയായ പബ്ലിക് ഐ ബെല്‍ജിയന്‍ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചപ്പോഴാണ് അതിലടങ്ങിയ വസ്തുക്കള്‍ കണ്ടെത്തിയത്.
ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ്വര്‍ക്കും പബ്ലിക് ഐയും ലോകമെമ്പാടും നെസ്ലെ വില്‍ക്കുന്ന നൂറോളം ബേബി ഫുഡുകളുടെ ഘടന പരിശോധിച്ചു.
നിഡോയുടെ സാമ്പിളുകളില്‍ സുക്രോസ് അല്ലെങ്കില്‍ തേന്‍ രൂപത്തില്‍ കമ്പനി പഞ്ചസാര ചേര്‍ത്തതായാണ് ഫലം വെളിപ്പെടുത്തിയത്. ആറ് മാസത്തിനും രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ള ധാന്യമായ സെറലാക്കിലും അത്തരം ചേരുവകള്‍ ഉണ്ടായിരുന്നു.
വിശദമായ റിപ്പോര്‍ട്ടില്‍ സെറിലാക്കില്‍ ഒരു ഭാഗത്ത് ആറ് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ദക്ഷിണാഫ്രിക്കയിലെ ഭക്ഷണത്തിന് ഏകദേശം ഒന്നര പഞ്ചസാര ക്യൂബിന് തുല്യമാണ്.
എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഇതേ ഉത്പന്നത്തിന്റെ പാക്കേജിംഗില്‍ ഇത് ഉള്‍പ്പെട്ടിട്ടുമില്ല.
യൂറോപ്പില്‍ പഞ്ചസാര ചേരുവ ഒഴിവാക്കിയപ്പോള്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ശിശു ഉത്പന്നങ്ങളില്‍ കമ്പനി എങ്ങനെയാണ് പഞ്ചസാര വ്യാപകമായി ഉപയോഗിക്കുന്നത് എന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
കൊച്ചുകുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാരയുടെ അളവ് നിര്‍ബന്ധമായും ഒഴിവാക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശയ്ക്കിടയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.
പ്രത്യേക റിപ്പോര്‍ട്ടില്‍, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ പൊണ്ണത്തടി കൂടുതലായി ഒരു പ്രശ്‌നമാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
പബ്ലിക് ഐ ഇന്‍വെസ്റ്റിഗേഷന്റെ സഹ-രചയിതാവ് ലോറന്റ് ഗബ്രെല്‍ പറഞ്ഞു: 'ഈ ഉത്പന്നങ്ങളില്‍ പഞ്ചസാര ചേര്‍ക്കുന്നതിലൂടെ, നെസ്ലെയുടെ ഒരേയൊരു ലക്ഷ്യം- മറ്റ് നിര്‍മ്മാതാക്കളും- കുട്ടികളില്‍ ഒരു ആസക്തിയോ ആശ്രിതത്വമോ സൃഷ്ടിക്കുക എന്നതാണ്. കാരണം അവര്‍ പഞ്ചസാരയുടെ രുചി ഇഷ്ടപ്പെടുന്നതിനാല്‍ ഉല്‍പ്പന്നങ്ങള്‍ വളരെ മധുരമാണെങ്കില്‍, അവര്‍ ഭാവിയില്‍ കൂടുതല്‍ ആവശ്യപ്പെടും.