പ്രസിഡൻറ് പദം: എന്താണ് ബൈഡൻറെ പ്രശ്നം? നേട്ടങ്ങളുണ്ട്, ഗാംഭീര്യമില്ല!

പ്രസിഡൻറ് പദം: എന്താണ് ബൈഡൻറെ പ്രശ്നം?  നേട്ടങ്ങളുണ്ട്, ഗാംഭീര്യമില്ല!

Photo Caption


അമേരിക്കയുടെ പ്രസിഡന്റ് പദവിയിലിരിക്കുന്നയാള്‍ ആരായാലും ചുമതലകള്‍ വിപുലവും വൈവിധ്യമാര്‍ന്നതുമാണ്. ആഗോളതലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞന്‍, രാഷ്ട്രവികസനത്തിനാവശ്യമായ പദ്ധതികളുടെ അനുമതിക്കായി കോണ്‍ഗ്രസുമായി നടത്തുന്ന ചര്‍ച്ചകളുടെ മാസ്റ്റര്‍ നെഗോഷ്യേറ്റര്‍, രാജ്യം പ്രയാസം നിറഞ്ഞ സന്ദര്‍ഭങ്ങള്‍ നേരിടുമ്പോള്‍ സാന്ത്വനസ്പര്‍ശമേകുന്നയാള്‍, ഇതൊന്നുമല്ലാത്തപ്പോള്‍ ടെലിവിഷനിലെ ഒരു പാതി കൊമേഡിയന്‍... ഇതെല്ലാം സാധാരണജനങ്ങളും നിരീക്ഷകരും ഒരു പ്രസിഡന്റില്‍ നിന്ന് പ്രതീക്ഷിക്കുന്നു. 

നിയമനിര്‍മ്മാണരംഗത്തും നയതന്ത്രരംഗത്തും ഇത്തരം നിരവധി നേട്ടങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേടിക്കഴിഞ്ഞു. എന്നാല്‍, അതൊന്നും ഒരു പ്രസിഡന്റിന് വേണ്ട ഗരിമയും ഗാംഭീര്യവും നല്കിയിട്ടില്ലെന് ഭൂരിപക്ഷം വോട്ടര്‍മാറും കരുതുന്നു. അതുമാത്രമല്ല, പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്‍  പൂര്‍ണ്ണ പരാജയമെന്നും വിലയിരുത്തുന്നു. വേദികളില്‍ ഒട്ടും തിളങ്ങാത്ത വ്യക്തിയാണ് പ്രസിഡന്റ് ബൈഡന്‍ എന്നതും പലപ്പോഴും അദ്ദേഹം പ്രമുഖരുടെ പേരുകള്‍ മറന്നുപോകുന്നുവെന്നതും അദ്ദേഹത്തിന്റെ ഓര്‍മശക്തിയെ കുറിച്ചും മറ്റും വലിയ ആശങ്കകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയെ ബൈഡന്‍ 'മെക്‌സിക്കന്‍ പ്രസിഡന്റെ'ന്ന് വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റായ ബൈഡന് ഓര്‍മശക്തി കുറവാണെന്നും വൈസ് പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് വന്ന സുപ്രധാന രേഖകള്‍ അതിനാലാണ് അദ്ദേഹം തുടര്‍ന്നും കൈയില്‍ സൂക്ഷിച്ചതെന്നും സൂചിപ്പിക്കുന്ന ജസ്റ്റിസ് ഡിപാര്‍ട്‌മെന്റിന്റെ രേഖകള്‍ പുറത്തുവന്നതോടെയാണ് ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ ഉച്ചത്തിലായത്.

രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിഴവു പറ്റിയെന്ന് ആരോപിച്ച റിപ്പോര്‍ട്ടിന് മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത മാധ്യമസമ്മേളനത്തില്‍ ബൈഡന്‍ മാധ്യപ്രവര്‍ത്തകരോട് തന്റെ അലോസരം വെളിപ്പെടുത്തിയിരുന്നു. താന്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ബൈഡനോട് ഗാസ സംഘര്‍ഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയെ ബൈഡന്‍ 'മെക്‌സിക്കന്‍ പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ചത്.

'നിങ്ങള്‍ക്ക് അറിയുന്നത് പോലെ ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അതിര്‍ത്തി തുറക്കാന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് അല്‍ സിസി തയ്യാറായിരുന്നില്ല. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അതിര്‍ത്തി തുറക്കാന്‍ തയ്യാറായത്,' എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍. ഇതൊരു ചെറിയ കാര്യമാണെന്നതില്‍ സംശയമില്ല. മെക്‌സിക്കന്‍  അതിര്‍ത്തി ഒരു പൊള്ളുന്ന വിഷയമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഗാസയിലെ ഈജിപ്ഷ്യന്‍ അതിര്‍ത്തി തുറക്കുന്നതും ഒരു സുപ്രധാന വിഷയമാണ്. അവ തമ്മില്‍ ഒരു നിമിഷ നേരത്തേക്ക് കൂടിക്കുഴഞ്ഞുപോയെന്ന് കരുതുന്നതാവും ശരി. പക്ഷെ, ബൈഡനോട് ആ ഔദാര്യം കാട്ടാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.

മുന്‍ പ്രസിഡന്റുമാര്‍ക്കും നാക്കുപിഴ ഉണ്ടായിട്ടുണ്ട്. മുന്‍ പ്രസിഡന്റുമാരായ റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ് ഡബ്ലിയു. ബുഷ്, എഴുപത്തിയേഴ് വയസുകാരനായ ഡോണള്‍ഡ് ട്രംപ് എന്നിവരൊക്കെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നാവുപിഴക്ക് ഇരകളായിട്ടുണ്ട്. റെയ്ഗന്‍ ഇക്കാര്യത്തില്‍ കുപ്രസിദ്ധനായിരുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മത്സരിക്കുന്ന ഡോണള്‍ഡ് ട്രംപ് തന്റെ എതിരാളിയായ മുന്‍ സൗത്ത് കരോലൈന ഗവര്‍ണര്‍ നിക്കി ഹേലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാവുപിഴച്ച് മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയെന്ന് പറഞ്ഞിരുന്നു.

എണ്‍പത്തിയൊന്ന് വയസ്സുള്ള ബൈഡന്‍ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സിറ്റിംഗ് പ്രസിഡന്റായതു കൊണ്ട് മാത്രമല്ല, ശക്തനായ നേതാവെന്ന പ്രതിച്ഛായ അദ്ദേഹം നിര്‍മ്മിച്ചിട്ടില്ലാത്തതിനാലും വോട്ടര്‍മാരുമായി വൈകാരിക ബന്ധം സൃഷ്ടിക്കാത്തനിനാലും കൂടിയാണ് ബൈഡന് മറ്റുള്ള മുന്‍ പ്രസിഡന്റുമാര്‍ക്ക് ലഭിച്ചിട്ടുള്ള ആനുകൂല്യം ലഭിക്കാത്തത് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നൈമിഷികമായ ഓര്‍മ്മതെറ്റിനെയും മറവിയെയും ഒരുപോലെ കാണരുതെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറും ഡൈനാമിക് മെമ്മറി ലാബ് ഡയറക്ടറുമായ ഡോക്ടര്‍ ചരണ്‍ രംഗനാഥ് പറയുന്നത്.

വിഭജിതമായ കോണ്‍ഗ്രസിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍, അര്‍ദ്ധചാലക പ്ലാന്റുകള്‍, ഹരിതഊര്‍ജ്ജ പരിപാടികള്‍ എന്നിവയ്ക്കായുള്ള പ്രധാന ചെലവുകള്‍ കണ്ടെത്തുന്നത് പോലുള്ള നിരവധി നേട്ടങ്ങളിലേക്ക് ബൈഡന് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെ ചെറുക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളെ നയിച്ച അദ്ദേഹം  കീവിലേക്ക് 10 മണിക്കൂര്‍ ട്രെയിന്‍ യാത്ര നടത്തി ആ യുദ്ധമേഖല സന്ദര്‍ശിച്ചിരുന്നു. ഒക്ടോബര്‍ 7ന് ഹമാസ് ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ അദ്ദേഹം ഇസ്രായേലിലേക്ക് പറന്നു. 

എന്നിട്ടും വോട്ടര്‍മാര്‍ക്ക് പലപ്പോഴും ബൈഡന്റെ നേട്ടങ്ങളൊന്നും പറയാന്‍ കഴിയുന്നില്ല. ഏറ്റവും മോശമായ കാര്യം എന്തെന്നാല്‍ അദ്ദേഹം സംസാരിക്കുന്ന സ്വിംഗ് വോട്ടര്‍മാര്‍ക്കിടയില്‍ പ്രസിഡന്റിന്റെ നേതൃത്വത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. അദ്ദേഹം യഥാര്‍ത്ഥ ചുമതലക്കാരനല്ല, ഭരണത്തിലോ കോണ്‍ഗ്രസിലോ ഉള്ള മറ്റ് ആളുകളുടെ ചരട് വലിക്കനുസരിച്ച് നീങ്ങുന്നയാളാണ് എന്നാണ് പൊതുവായ പല്ലവി. ബൈഡന്റെ പ്രായവും വോട്ടര്‍മാരുടെ മനസ്സില്‍ അവരുടെ സാമ്പത്തിക അതൃപ്തി കൊണ്ട് കെട്ടുപിണഞ്ഞുകിടക്കുന്നു. ഈ വോട്ടര്‍മാര്‍ രാജ്യത്തിന്റെ അവസ്ഥയില്‍ നിരാശരാണ്, പ്രത്യേകിച്ചും സമീപകാലത്തെ ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍, പക്ഷേ രാജ്യത്തെ മികച്ച സമയത്തേക്ക് നയിക്കാന്‍ പ്രസിഡന്റിന് കഴിവുണ്ടെന്ന് അവര്‍ക്ക് കരുതുന്നുന്നില്ല.

ബൈഡന്റെ ഏറ്റവും പുതിയ പ്രസംഗങ്ങള്‍ക്ക് മുമ്പുതന്നെ അദ്ദേഹത്തിന്റെ കഴിവുകളെ വോട്ടര്‍മാര്‍ സംശയിച്ചിരുന്നു. ഈ വര്‍ഷം വൈറ്റ് ഹൗസിലേക്ക് സാധ്യതയുള്ള രണ്ട് പ്രധാന പാര്‍ട്ടി നോമിനികളെ താരതമ്യം ചെയ്യാന്‍ ഡിസംബറില്‍ വോള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 14% പേര്‍ മാത്രമാണ് ബൈഡന് പ്രസിഡന്റാകാന്‍ വേണ്ട ശാരീരിക ശേഷിയുണ്ടെന്ന് പറഞ്ഞത്. മറുവശത്ത്, 48% പേര്‍ ട്രംപിനെയാണ് തിരഞ്ഞെടുത്തത്. ട്രംപിനെ തിരഞ്ഞെടുത്ത 45% പേരെ അപേക്ഷിച്ച് 29% പേര്‍ മാത്രമാണ് ബൈഡന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ മാനസികമായി കൂടുതല്‍ യോഗ്യനാണെന്ന് പറഞ്ഞത്.

ട്രംപ് ഭരണകാലത്ത് നിയമിക്കപ്പെട്ട മേരിലാന്‍ഡില്‍ നിന്നുള്ള മുന്‍ യുഎസ് അറ്റോര്‍ണി റോബര്‍ട്ട് ഹര്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് ലഭിച്ച രേഖകള്‍ തുടര്‍ന്നും സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ബൈഡനെതിരെ ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. എന്നാല്‍ വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ മുതലുള്ള രഹസ്യരേഖകള്‍ കൈവശം വയ്ക്കുന്നതില്‍ അദ്ദേഹം അശ്രദ്ധ കാട്ടി യിരുന്നുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്. ഇത് ഒരു ഓര്‍മ്മത്തെറ്റ് മാത്രമാണെന്നാണ് അദ്ദേഹം പോലും പറഞ്ഞിട്ടുള്ളത്.

ബൈഡനില്‍ നിന്ന് വ്യത്യസ്തമായി ട്രംപ് തന്നെ പിന്തുണക്കുന്നവരുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്നതില്‍ എക്കാലവും വിജയിച്ചിട്ടുണ്ട്. വളരെയേറെ ട്രംപ് വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് മറ്റൊരു പാര്‍ട്ടിക്കെതിരെയുള്ളതല്ല മറിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുള്ള പിന്തുണയുടെ അടയാളമാണെന്നാണ് പറയുന്നത്. ക്രിമിനല്‍ ആരോപണങ്ങള്‍ നേരിടുമ്പോഴും തന്റെ അനുയായികളുടെ പിന്തുണ നിലനിര്‍ത്തുന്നതില്‍ ട്രംപ് വിജയിക്കുന്നുവെന്നാണ് ഇത് കാട്ടുന്നത്. യുഎസ് റഷ്യയില്‍ ബോംബിടാന്‍ പോകുകയാണെന്ന് തമാശ പറഞ്ഞിട്ടും മുന്‍ പ്രസിഡന്റ്ഗ റെയ്ഗനെ ജനപ്രിയനായി തുടരാന്‍ അനുയായികള്‍ സഹായിച്ചതുപോലെയാണത്.

തങ്ങളുടെ പ്രസിഡന്റുമായി ഒരു ബന്ധം സ്ഥാപിക്കാമെന്ന് വോട്ടര്‍മാര്‍ പ്രതീക്ഷിച്ചിരുന്നു. പ്രസിഡന്റിന്റെ ഓഫീസ് കൈകാര്യം ചെയ്ത മറ്റുള്ളവരെ അപേക്ഷിച്ച് ബൈഡനെ അവിടെ കാണുന്നത് തന്നെ വളരെ കുറവാണ്. തന്റെ അഞ്ച് മുന്‍ഗാമികളെ അപേക്ഷിച്ച് അദ്ദേഹം കുറച്ച് വാര്‍ത്താ സമ്മേളനങ്ങള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്  ഏതാണ്ട് 33 എണ്ണം.  ട്രംപ് 54ഉം ബരാക് ഒബാമ് 65 ഉം പത്ര സമ്മേളനങ്ങളാണ് പ്രസിഡന്റുമാരായിരുന്നപ്പോള്‍ നടത്തിയത്. റിപ്പോര്‍ട്ടര്‍മാരുമായി അനൗപചാരികമായി കൂടുതല്‍ തവണ സംസാരിക്കാറുണ്ടെങ്കിലും സമീപകാല പ്രസിഡന്റുമാരേക്കാള്‍ വളരെ കുറച്ച് മാധ്യമ അഭിമുഖങ്ങള്‍ മാത്രമേ ബൈഡന്‍ നടത്തിയിട്ടുള്ളൂ.

പ്രസിഡന്റുമാര്‍ പൊതു സംവാദത്തിന്റെയും ജനകീയ സംസ്‌കാരത്തിന്റെയും ഘടകമായി മാറുമെന്ന പ്രതീക്ഷ സൃഷ്ടിച്ചത് ടെഡി റൂസ്‌വെല്‍റ്റാണ്. വിശ്വാസവിരുദ്ധ നിയമങ്ങളും തൊഴിലാളി സംരക്ഷണ നിയമവും പാസാക്കി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹം വൈറ്റ് ഹൗസിന്റെ അധികാരങ്ങള്‍ ഉപയോഗിച്ചു. തന്റെ ഓഫീസ് നല്‍കിയ പ്ലാറ്റ്‌ഫോമിനെ 'ബുള്ളി പള്‍പിറ്റ്' എന്നാണ്  അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. തന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് വോട്ടര്‍മാരുമായി ആശയവിനിമയം നടത്തുന്നത് എത്ര പ്രധാനമാണെന്ന് റൂസ്‌വെല്‍റ്റ് ഇതിലൂടെ കാട്ടുകയായിരുന്നു.

നാവികസേനയുടെ പുതിയ അണ്ടര്‍വാട്ടര്‍ ടെക്‌നോളജിക്ക് പിന്തുണ നല്‍കുന്നതിനായി ഒരു ഘട്ടത്തില്‍ ലോംഗ് ഐലന്‍ഡിന് സമീപം ശബ്ദമെത്തുന്നതിനുമപ്പുറമുള്ള ആഴങ്ങളിലേക്ക് ഒരു അന്തര്‍വാഹിനിയില്‍  യാത്ര ചെയ്യാന്‍ അദ്ദേഹം തയ്യാറായി. അക്കാലത്തെ പത്രങ്ങള്‍ക്ക് മുന്നില്‍ അപ്രതിരോധ്യനായ ഒരാള്‍ എന്ന ഇമേജ് സൃഷ്ടിക്കുന്നതില്‍ റൂസ്‌വെല്‍റ്റ് ഒരു മാസ്റ്റര്‍ ആയിരുന്നു.

ജനങ്ങളുമായി അടുപ്പമുള്ളയാളോ, സാന്ത്വനക്കാരനോ കോമേഡിയനോ അതുപോലെ തന്നെ ഒരു നേതാവോ ആയിരിക്കാവുന്ന ഒരു പ്രസിഡന്റ് എന്നനിലയില്‍ പിന്നീടുള്ള ദശകങ്ങളില്‍ വന്ന പ്രസിഡന്റുമാര്‍ ഒരു 'വ്യക്തിഗത പ്രസിഡന്‍സി' എന്ന ആശയം മുറുകെ പിടിച്ചു. ഫ്രാങ്ക്‌ലിന്‍ ഡെലാനോ റൂസ്‌വെല്‍റ്റിന്റെ സായാഹ്‌ന റേഡിയോ ചാറ്റുകളും ജോണ്‍ എഫ്. കെന്നഡിയുടെ പരിഹാസ വാര്‍ത്താ സമ്മേളനങ്ങളും സ്‌റ്റൈലിഷ് വ്യക്തിത്വവും, റൊണാള്‍ഡ് റെയ്ഗന്റെ നര്‍മ്മവും സ്ഥാനാര്‍ത്ഥിയായിരിക്കെ ബില്‍ ക്ലിന്റണ്‍ രാത്രി വൈകി ടിവിയില്‍ സാക്‌സഫോണ്‍ വായിച്ചതും  റിച്ചാര്‍ഡ് നിക്‌സണ്‍ തന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിനിടയില്‍ ടെലിവിഷനില്‍ പിയാനോ വായിച്ചതുമെല്ലാം ഈ ഇമേജ് മേക്കിങ് പരിശ്രമങ്ങളുടെ ഭാഗമായിരുന്നു. അതൊന്നും ബൈഡന് കഴിഞ്ഞിട്ടില്ല.  

നിരന്തരമായ ദൃശ്യത എന്നത് അമേരിക്കന്‍ പ്രസിഡന്റിന്റെ ജോലിയുടെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു, അതിനാല്‍ തിരശ്ശീലയ്ക്ക് പിന്നില്‍ വളരെ മികച്ച ഒരു പ്രസിഡന്റ് ആയിരിക്കുമ്പോഴും വിദേശനേതാക്കളുമായി അടുത്തിടപഴകുമ്പോഴും നയതന്ത്രവിജയങ്ങള്‍ നേടുമ്പോഴും കോണ്‍ഗ്രസുമായി ഇടപെടുമ്പോഴുമെല്ലാം പ്രസിഡന്റുമാര്‍ ചെയ്യേണ്ട കാര്യം തങ്ങള്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാണെന്ന സന്ദേശം നിരന്തരം ജനങ്ങള്‍ക്ക് കൈമാറുക എന്നതാണ്. അതില്‍ പരാജയപ്പെടുന്നു എന്നതാണ് ബൈഡന്റെ പരാജയം.

ശക്തമായ ഒരു പൊതു വ്യക്തിത്വം കെട്ടിപ്പടുക്കുന്നത് ബൈഡന് ഒരു വെല്ലുവിളിയാണെന്ന് ചില വിശകലന വിദഗ്ധര്‍ പറയുന്നു. 2020ല്‍ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന ദൗത്യം ട്രംപിന്റെ നാല് വര്‍ഷത്തിന് ശേഷം രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരിക എന്നതായിരുന്നു. ട്രംപാകട്ടെ പ്രസിഡന്റ് അല്ലാതിരിക്കുമ്പോഴും പ്രകോപനപരമായ പ്രസ്താവനകളിലൂടെയും ട്വിറ്ററിലെ നിരന്തരമായ പോസ്റ്റുകളിലൂടെയും, ജനങ്ങള്‍ക്കിടയില്‍ എപ്പോഴും സജീവ വ്യക്തിത്വമായി നിലകൊള്ളുകയാണ്. അത് തന്നെയാണ് ബൈഡന്റെ യഥാര്‍ത്ഥ വെല്ലുവിളിയും.