മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ തലവൻ കുടുങ്ങി: മുൻ ഒളിംപ്യൻ റയാൻ വെഡ്ഡിംഗ് അറസ്റ്റിൽ

മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ തലവൻ കുടുങ്ങി: മുൻ ഒളിംപ്യൻ റയാൻ വെഡ്ഡിംഗ് അറസ്റ്റിൽ


മെക്‌സിക്കോ:  വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മുൻ കാനഡ ഒളിംപിക് സ്‌നോബോർഡറും കുപ്രസിദ്ധ മയക്കുമരുന്ന് രാജാവെന്നു ആരോപിക്കപ്പെടുന്ന റയാൻ വെഡ്ഡിംഗ് മെക്‌സിക്കോയിൽ അറസ്റ്റിലായി. ഇയാളെ യുഎസിന് കൈമാറുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.

എഫ്ബിഐയുടെ 'ടെൻ മോസ്റ്റ് വാണ്ടഡ് '  പട്ടികയിൽ ഉൾപ്പെട്ടിരുന്ന 44 വയസുകാരനായ വെഡ്ഡിംഗ് അന്താരാഷ്ട്ര തലത്തിൽ കോടിക്കണക്കിന് ഡോളറിന്റെ കൊക്കെയിൻ കടത്ത് നടത്തിയ ശൃംഖലയുടെ തലവനാണെന്നാണ് ആരോപണം. കൊലപാതകക്കേസുകളിലും ഇയാൾ പ്രതിയാണ്. മെക്‌സിക്കോയിലെ സിനലോവ കാർട്ടലിന്റെ സംരക്ഷണത്തിൽ ഇയാൾ കഴിയുകയായിരുന്നുവെന്നാണ് യുഎസ് അധികൃതരുടെ നിഗമനം.

വെഡ്ഡിംഗിന്റെ അറസ്റ്റിൽ കാനഡ, യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളുടെ സുരക്ഷാ ഏജൻസികൾ സംയുക്തമായി പ്രവർത്തിച്ചുവെന്ന് കാനഡയുടെ ഫെഡറൽ പൊലീസ് മേധാവി മൈക്ക് ഡുഹേം പറഞ്ഞു. 'രാജ്യങ്ങളും ഏജൻസികളും ഒരുമിച്ചുനിൽക്കുമ്പോഴാണ് അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ കഴിയുക. റയാൻ വെഡ്ഡിംഗിന്റെ അറസ്റ്റോടെ നമ്മുടെ സമൂഹങ്ങൾ കൂടുതൽ സുരക്ഷിതമായി,' അദ്ദേഹം പറഞ്ഞു.

വെഡ്ഡിംഗിനെ തിങ്കളാഴ്ച ലോസ് ആഞ്ചലസിൽ കോടതിയിൽ ഹാജരാക്കും. വർഷത്തിൽ ഏകദേശം 60 മെട്രിക് ടൺ കൊക്കെയിൻ കടത്തിയ വൻ ശൃംഖലയുടെ നേതൃത്വം ഇയാൾക്കായിരുന്നുവെന്നാണ് കേസ്. കാനഡയിലേക്ക് ഏറ്റവും കൂടുതൽ കൊക്കെയിൻ എത്തിച്ച സംഘവുമിതായിരുന്നു. ഇതിലൂടെ പ്രതിവർഷം ഏകദേശം ഒരു ബില്യൺ ഡോളറിന്റെ വരുമാനം ഉണ്ടായിരുന്നുവെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.

തനിക്കെതിരായ കേസിൽ സാക്ഷിയായിരുന്ന ഒരാളെ കൊലപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങളും വെഡ്ഡിംഗിനെതിരെ ഉണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്തൽ, കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലേക്ക് നയിച്ച വിവരങ്ങൾക്ക് 1.5 കോടി ഡോളർ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇത് ആർക്കെങ്കിലും ലഭിക്കുമോ എന്നതിൽ അധികൃതർ പ്രതികരിച്ചില്ല. മെക്‌സിക്കോ സിറ്റിയിലെ യുഎസ് എംബസിയിൽ വെഡ്ഡിംഗ് സ്വമേധയാ കീഴടങ്ങിയതായാണ് റിപ്പോർട്ടുകൾ.

വാർത്താസമ്മേളനത്തിൽ വെഡ്ഡിംഗിനെ 'ഇന്നത്തെ പാബ്ലോ എസ്‌കോബാർ' എന്നാണ് പട്ടേൽ വിശേഷിപ്പിച്ചത്. 'എൽ ഹിഫേ', 'ജയന്റ്', 'പബ്ലിക് എനിമി' തുടങ്ങി നിരവധി പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഒളിവിൽ കഴിയുന്നതിനിടെ രൂപം മാറ്റാൻ പ്ലാസ്റ്റിക് സർജറി നടത്തിയതായും എഫ്ബിഐ അറിയിച്ചു.

2011ൽ മയക്കുമരുന്ന് കേസിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് വെഡ്ഡിംഗ് തന്റെ കുറ്റകൃത്യ സാമ്രാജ്യം വികസിപ്പിച്ചതെന്നാണ് ആരോപണം. യുഎസ്, കാനഡ, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായി നിരവധി കൊലപാതകങ്ങൾക്ക് ഇയാൾ ഉത്തരവിട്ടതായും അന്വേഷണ ഏജൻസികൾ പറയുന്നു.

2002ലെ സാൾട്ട് ലേക്ക് സിറ്റി ഒളിംപിക്‌സിൽ കാനഡയ്ക്കായി മത്സരിച്ച വെഡ്ഡിംഗ് മെഡൽ നേടിയിരുന്നില്ല. എന്നാൽ പിന്നീട് ക്രിമിനൽ ലോകത്ത് തഴച്ചുവളർന്ന ഇയാളുടെ അറസ്റ്റോടെ, വർഷങ്ങളായുള്ള അന്താരാഷ്ട്ര അന്വേഷണത്തിന് ഒടുവിൽ നിർണായക നേട്ടം കൈവന്നിരിക്കുകയാണ്.