ഒട്ടാവ: കാനഡയിലെ തദ്ദേശീയ കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംവിധാനവുമായി ബന്ധപ്പെട്ട നിഷേധവാദം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അസംബ്ലി ഓഫ് ഫസ്റ്റ് നേഷന്‍സ് (എ എഫ് എന്‍) അടിയന്തര പ്രമേയം പാസാക്കി.
രാജ്യത്തുടനീളമുള്ള ഫസ്റ്റ് നേഷന്‍സ് തലവന്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ അസംബ്ലിക്കിടെയാണ് പ്രമേയം അംഗീകരിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ നിരവധി ഫസ്റ്റ് നേഷന്‍ നേതാക്കള്‍ പ്രമേയത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
മാനിറ്റോബയിലെ 26 ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന മാനിറ്റോബ കീവാറ്റിനോവി ഒകിമകനാക് സംഘടനയുടെ ഗ്രാന്‍ഡ് ചീഫ് ഗാരിസണ്‍ സെറ്റി, റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിഷേധവാദം ക്രിമിനല്‍ കുറ്റമാക്കാത്തതിലൂടെ രാജ്യം വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്ന് ആരോപിച്ചു.
ജനങ്ങളെ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാത്ത ഒരു രാജ്യത്ത് ജീവിക്കേണ്ടിവരുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അനിഷിനാബെക് നേഷന്‍ ഗ്രാന്‍ഡ് കൗണ്‍സില്‍ ചീഫ് ലിന്‍ഡ ഡിബാസിജെയും എ എഫ് എന്‍ ബ്രിട്ടീഷ് കൊളംബിയ റീജിയണല്‍ ചീഫ് ടെറി ടീഗിയും റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിഷേധവാദം അടുത്തിടെ പാസാക്കിയ കോമ്പാറ്റിങ് ഹേറ്റ് ആക്ടില്‍ (ബില്‍ സി-9) ഉള്‍പ്പെടുത്തണമെന്ന് സെനറ്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അറിയിച്ചു. എന്നാല്‍ ഭേദഗതി സെനറ്റ് തള്ളുകയായിരുന്നു.
റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിഷേധവാദം തടയാന്‍ ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങളുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്ന് ഗാരിസണ്‍ സെറ്റി ആവശ്യപ്പെട്ടു.
ഒരു നൂറ്റാണ്ടിലേറെയായി കാനഡയില്‍ പ്രവര്‍ത്തിച്ചിരുന്ന സഭകളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംവിധാനത്തില്‍ ഏകദേശം 1.5 ലക്ഷം തദ്ദേശീയ കുട്ടികളാണ് പഠിച്ചതെന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ കണക്ക്. നിര്‍ബന്ധിത സാംസ്‌കാരിക സ്വാംശീകരണ നയത്തിന്റെ ഭാഗമായിരുന്ന ഈ സംവിധാനത്തില്‍ 4,000-ത്തിലധികം കുട്ടികളുടെ മരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിഷേധവാദം എന്നത് ഈ സ്‌കൂള്‍ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് നിഷേധിക്കുന്നതല്ല; മറിച്ച് അതുവഴി തദ്ദേശീയ സമൂഹങ്ങള്‍ അനുഭവിച്ച ദുരിതങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കുറച്ചുകാണിക്കുകയോ ന്യായീകരിക്കുകയോ തെറ്റായി അവതരിപ്പിക്കുകയോ ചെയ്യുന്നതാണ്.
പ്രമേയം അനുസരിച്ച്, ബില്‍ സി-9 ഭേദഗതി ചെയ്യുകയോ അല്ലെങ്കില്‍ പുതിയ പ്രത്യേക നിയമം കൊണ്ടുവരികയോ ചെയ്ത് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിഷേധവാദത്തെ ഫസ്റ്റ് നേഷന്‍സ് സമൂഹത്തിനെതിരായ വിദ്വേഷ പ്രസംഗമായി കണക്കാക്കി ക്രിമിനല്‍ കുറ്റമാക്കണം.
മാനിറ്റോബയിലെ പിമിസികമാക് ക്രീ നേഷന്‍ ചീഫ് ഡേവിഡ് മോനിയാസ്, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അതിക്രമങ്ങള്‍ അഭിപ്രായ വിഷയമല്ല, മറിച്ച് ചരിത്രസത്യമാണെന്ന് പറഞ്ഞു.
ചരിത്രം നിഷേധിക്കുകയോ ചെറുതാക്കി കാണിക്കുകയോ ചെയ്യുന്നത് ഭൂതകാലത്തെ മാത്രമല്ല നിഷേധിക്കുന്നതെന്നും അതിജീവിച്ചവരുടെ മുറിവുകള്‍ വീണ്ടും തുറക്കുകയും മരിച്ച കുട്ടികളുടെ ഓര്‍മയെ അപമാനിക്കുകയും ഫസ്റ്റ് നേഷന്‍സ് സമൂഹത്തിനെതിരായ വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുവെ്ന്നും അദ്ദേഹം പറഞ്ഞു.
റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിഷേധവാദം കാനഡയില്‍ വര്‍ധിച്ചുവരുന്നതായും അമേരിക്കയില്‍ നിന്നുള്ള തീവ്ര യാഥാസ്ഥിതിക ആശയങ്ങളുടെ സ്വാധീനം ഫസ്റ്റ് നേഷന്‍സ് വിരുദ്ധ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ടെറി ടീഗി പറഞ്ഞു.
ഹോളോകോസ്റ്റ് നിഷേധിക്കുകയോ ചെറുതാക്കി കാണിക്കുകയോ ചെയ്യുന്നത് കാനഡയില്‍ നിലവില്‍ ക്രിമിനല്‍ കുറ്റമാണ്. അതുപോലെ തന്നെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിഷേധവാദവും ക്രിമിനല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഭാവികമായ ആവശ്യമാണെന്ന് ലിന്‍ഡ ഡിബാസിജെ അഭിപ്രായപ്പെട്ടു.
2008-ല്‍ അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെച്ചൊല്ലി കാനഡയുടെ പേരില്‍ മാപ്പുപറഞ്ഞിരുന്നുവെങ്കിലും അതിന് പിന്നാലെ യഥാര്‍ഥ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ആ മാപ്പിന് അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിഷേധവാദം ക്രിമിനല്‍ കുറ്റമാക്കാനുള്ള സ്വകാര്യ ബില്‍ കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച എന്‍ ഡി പി എം പി ലിയ ഗസാന്റെ ബില്‍ നിലവില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ രണ്ടാം വായനയ്ക്കായി കാത്തിരിക്കുകയാണ്.
