പ്രസംഗത്തിന് ശേഷം ടിം ഹ്യൂസ്റ്റന്റെ കാര്‍ വളഞ്ഞ് പ്രതിഷേധം; ചില്ല് തകര്‍ത്തു, പൊലീസ് അകമ്പടിയില്‍ മടങ്ങി

പ്രസംഗത്തിന് ശേഷം ടിം ഹ്യൂസ്റ്റന്റെ കാര്‍ വളഞ്ഞ് പ്രതിഷേധം; ചില്ല് തകര്‍ത്തു, പൊലീസ് അകമ്പടിയില്‍ മടങ്ങി


നോവ സ്‌കോട്ടിയ: നോവ സ്‌കോട്ടിയ പ്രീമിയര്‍ ടിം ഹ്യൂസ്റ്റന്റെ ചേംബര്‍ ഓഫ് കൊമേഴ്‌സ് സന്ദര്‍ശന പരിപാടിക്ക് തുടക്കമിട്ട പ്രസംഗം പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായി. പ്രസംഗത്തിന് ശേഷം പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനം വളയുകയും കാറിന്റെ വിന്‍ഡ്ഷീല്‍ഡ് ചില്ല് തകര്‍ക്കുകയും ചെയ്തതോടെ പൊലീസ് അകമ്പടിയോടെയാണ് ഹ്യൂസ്റ്റന്‍ സ്ഥലത്തുനിന്ന് മടങ്ങിയത്.

ബുധനാഴ്ച നോവ സ്‌കോട്ടിയയിലെ വുള്‍ഫ്വില്ലില്‍ അക്കാഡിയ സര്‍വകലാശാലയില്‍ നടന്ന അന്നാപൊലിസ് വാലി ചേംബര്‍ ഓഫ് കൊമേഴ്‌സ് പരിപാടിയിലാണ് ഹ്യൂസ്റ്റന്‍ പ്രവിശ്യയുടെ സാമ്പത്തിക വികസന പദ്ധതികളെക്കുറിച്ച് സംസാരിച്ചത്.

ഹ്യൂസ്റ്റന്‍ സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ ഏകദേശം 50 പ്രതിഷേധക്കാര്‍ സമാധാനപരമായി പുറത്ത് നിലയുറപ്പിച്ചിരുന്നു. അന്നാപൊലിസ് വാലിയിലെ ചില ലൈബ്രറികള്‍ അടച്ചുപൂട്ടാനുള്ള സാധ്യതയ്‌ക്കെതിരായ ആശങ്കകള്‍ ഉന്നയിക്കുകയായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

എന്നാല്‍ ഹ്യൂസ്റ്റന്റെ പ്രസംഗം പുരോഗമിക്കുന്നതിനിടെ പുറത്തെ പ്രതിഷേധക്കൂട്ടം വര്‍ധിക്കുകയും വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം ശക്തമാവുകയും ചെയ്തു.

പ്രസംഗം അവസാനിച്ച് ഹ്യൂസ്റ്റന്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹം കയറാനിരുന്ന വാഹനം പ്രതിഷേധക്കാര്‍ വളഞ്ഞു. ചിലര്‍ വാഹനത്തിന് മുകളില്‍ കയറിയതോടെ വാഹനം നീങ്ങാനാകാതെ നിന്നു. ഏതാനും മിനിറ്റുകള്‍ ഹ്യൂസ്റ്റന്‍ കാറിനുള്ളില്‍ തന്നെ തുടരുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഹ്യൂസ്റ്റനെ വാഹനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്ത് വീണ്ടും കെട്ടിടത്തിലേക്ക് എത്തിച്ചു. പ്രതിഷേധത്തിനിടെ വാഹനത്തിന്റെ മുന്‍ചില്ല് തകര്‍ക്കുകയും ചെയ്തു. പിന്നീട് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് വാഹനത്തിലാണ് ഹ്യൂസ്റ്റന്‍ ക്യാമ്പസ് വിട്ടത്.

സംഭവസ്ഥലത്ത് നിരവധി പൊലീസ് വാഹനങ്ങള്‍ എത്തിയിരുന്നെങ്കിലും പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30ഓടെ പൊലീസ് സംഘം മടങ്ങി. അപ്പോഴേക്കും പ്രതിഷേധക്കാര്‍ ക്യാമ്പസ് വിട്ടിരുന്നു.

സംഭവത്തെക്കുറിച്ച് പിന്നീട് ഹ്യൂസ്റ്റന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി.

ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ തങ്ങള്‍ എല്ലായ്പ്പോഴും മാനിക്കുന്നുവെന്നും എന്നാല്‍ പരിപാടിക്ക് ശേഷം നടന്നത് സമാധാനപരമായ പ്രതിഷേധത്തിന്റെ പരിധി വിട്ടതായിരുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിനും മറ്റ് നിയമപാലകര്‍ക്കും ഹ്യൂസ്റ്റന്‍ നന്ദി അറിയിച്ചു. എല്ലാവരുമായും സംവദിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ബുധനാഴ്ച നടന്നതുപോലുള്ള സംഭവങ്ങള്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് സഹായകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ചേംബര്‍ ഓഫ് കൊമേഴ്‌സ് സന്ദര്‍ശന പരമ്പരയിലെ ഹ്യൂസ്റ്റന്റെ അടുത്ത പരിപാടി വ്യാഴാഴ്ച യാര്‍മൗത്തില്‍ നടക്കാനിരിക്കുകയാണ്. വുള്‍ഫ്വില്ലിലെ പ്രതേെിഷത്തിന് പിന്നാലെ തുടര്‍ന്ന് തുടര്‍ന്നുള്ള പരിപാടി അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെയാണ് നടന്നത്.