ലോകോത്തര ശാസ്ത്രജ്ഞരെയും ഗവേഷകരെയും കാനഡയിലേക്ക് ആകര്‍ഷിക്കുന്നു; യു എസില്‍ നിന്നും നിരവധി പേര്‍

ലോകോത്തര ശാസ്ത്രജ്ഞരെയും ഗവേഷകരെയും കാനഡയിലേക്ക് ആകര്‍ഷിക്കുന്നു; യു എസില്‍ നിന്നും നിരവധി പേര്‍


ഒട്ടാവ: ലോകത്തെ പ്രമുഖ അക്കാദമിക് വിദഗ്ധരെ കാനഡയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ശാസ്ത്രജ്ഞരെയും ഗവേഷകരെയും കനേഡിയന്‍ സര്‍വകലാശാലകള്‍ നിയമിച്ചു. ഇവരില്‍ ഭൂരിഭാഗവും അമേരിക്കയിലെ പ്രശസ്ത സര്‍വകലാശാലകളില്‍നിന്നുള്ളവരാണ്.

64 പുതിയ ഗവേഷകരുടെ നിയമനത്തിന് ഫെഡറല്‍ സര്‍ക്കാര്‍ എട്ട് വര്‍ഷത്തേക്ക് 504 മില്യണ്‍ കനേഡിയന്‍ ഡോളറാണ് അനുവദിച്ചിരിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാല, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം ഐ ടി) ഉള്‍പ്പെടെയുള്ള യു എസിലെ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് പുതിയ നിയമനങ്ങളില്‍ വലിയൊരു വിഭാഗം.

ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന നാല് എഡ്ഡി ഗോള്‍ഡന്‍ബര്‍ഗ് ഡിസ്റ്റിംഗ്വിഷ്ഡ് റിസര്‍ച്ച് ചെയര്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളും യു എസ് സ്ഥാപനങ്ങളില്‍നിന്നുള്ള ഗവേഷകരുടേതാണ്. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല, മക്ഗില്‍ സര്‍വകലാശാല, ടൊറന്റോ സര്‍വകലാശാല എന്നിവയുള്‍പ്പെടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലാണ് ഗവേഷകരെ നിയമിക്കുന്നത്.

വാന്‍കൂവറിലെ ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി മെലാനി ജോളിയും പങ്കെടുത്തു. മറ്റു രാജ്യങ്ങള്‍ ശാസ്ത്ര ഗവേഷണത്തില്‍നിന്ന് പിന്നോട്ടുപോകുന്ന സാഹചര്യത്തില്‍ 'കാനഡ ശാസ്ത്ര ഗവേഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ്' എന്ന് അവര്‍ പറഞ്ഞു.

അടുത്ത ഒരു വര്‍ഷത്തിനിടെ 'ഉയര്‍ന്നുവരുന്ന പ്രതിഭകള്‍' വിഭാഗത്തില്‍പ്പെടുന്ന 63 ഗവേഷകരെ നിയമിക്കുന്നതിനായി 37 മില്യണ്‍ കനേഡിയന്‍ ഡോളറിലധികം അധിക ധനസഹായവും അനുവദിച്ചിട്ടുണ്ട്.

'മികച്ച പ്രതിഭകളെ കാനഡയിലേക്ക് ആകര്‍ഷിക്കുന്നത് കനേഡിയന്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന പുതിയ കണ്ടെത്തലുകള്‍ക്ക് വഴിയൊരുക്കുകയും ശാസ്ത്ര- നൂതനാശയ മേഖലയില്‍ ആഗോള നേതാവെന്ന നിലയിലുള്ള കാനഡയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും,' എന്നും ജോളി പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ജീന്‍ ക്രെറ്റിയന്റെ നയ ഉപദേഷ്ടാവും ചീഫ് ഓഫ് സ്റ്റാഫുമായിരുന്ന എഡ്ഡി ഗോള്‍ഡന്‍ബര്‍ഗിന്റെ പേരിലാണ് ഗവേഷണ ചെയര്‍ സ്ഥാനങ്ങള്‍ അറിയപ്പെടുന്നത്.

കഴിഞ്ഞ മാസമാണ് ഗോള്‍ഡന്‍ബര്‍ഗ് അന്തരിച്ചത്. കനേഡിയന്‍ ഗവേഷണ- നൂതനാശയ മേഖല ശക്തിപ്പെടുത്തുന്നതില്‍ പതിറ്റാണ്ടുകളോളം അദ്ദേഹം നല്‍കിയ നേതൃത്വത്തെ ആദരിക്കുന്നതിനായാണ് ഗവേഷണ ചെയര്‍ സ്ഥാനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.