കാട്ടുതീ വളഞ്ഞപ്പോള്‍ ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചയാളെ രക്ഷപ്പെടുത്തി ബി സി വനാഗ്‌നി സേന

കാട്ടുതീ വളഞ്ഞപ്പോള്‍ ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചയാളെ രക്ഷപ്പെടുത്തി ബി സി വനാഗ്‌നി സേന


വാന്‍കൂവര്‍: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ക്ലിന്റണ്‍ ഗ്രാമത്തെ തകര്‍ത്ത കാട്ടുതീ പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യത തുടരുന്നതിനാല്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വീണ്ടും അഭ്യര്‍ഥിച്ചു.

'ഒഴിപ്പിക്കല്‍ ഉത്തരവ് നിലവിലുള്ള പ്രദേശങ്ങളില്‍ ബി സി വനാഗ്‌നി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ മാത്രമേ പ്രവേശിക്കാവൂ,' എന്ന് തോംപ്സണ്‍- നിക്കോള റീജണല്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെ ജാമി വിയേറ പറഞ്ഞു.

സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ വ്യാഴാഴ്ച നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ ബി സി വൈല്‍ഡ്ഫയര്‍ സര്‍വീസിന്റെ ഇന്‍സിഡന്റ് കമാന്‍ഡര്‍ ബ്രൈസ് മൊറെയ്റ രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന ഒരു സംഭവവും വെളിപ്പെടുത്തി.

ഒരു വ്യക്തിയുടെ വീടിന് ചുറ്റും തീ പടരുന്നതിനാല്‍ അവിടെ തുടരുന്നത് അതീവ അപകടകരമാണെന്ന് അഗ്‌നിശമന സേന മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും സ്ഥലം ഒഴിയാന്‍ വിസമ്മതിക്കുകയുമായിരുന്നു.

തുടര്‍ന്ന് അഗ്‌നിശമന സേന മറ്റ് രക്ഷാപ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയെങ്കിലും പിന്നീട് ഇയാളുടെ വീട് പൂര്‍ണമായും തീ വളഞ്ഞതിനെ തുടര്‍ന്ന് പുറത്തുകടക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതായി വിവരം ലഭിച്ചു.

'അടിയന്തരമായി സംഘം തിരിച്ചെത്തി ഇയാളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. രക്ഷപ്പെടുത്തിയ വ്യക്തിക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല,' മൊറെയ്റ പറഞ്ഞു.

ക്ലിന്റണ്‍ നഗരമധ്യത്തിലെ കഫേ നടത്തിവരുന്ന മരിയ കോസോവിച്ചും മകന്‍ നിക്കോളാസ് കോസോവിച്ചും ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ അഗ്‌നിശമന സേനാംഗങ്ങള്‍ക്കായി ഭക്ഷണം തയ്യാറാക്കുകയായിരുന്നു.

'തീ അണയ്ക്കുന്ന ജീവനക്കാര്‍ അതീവ കഠിനമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. അവര്‍ക്ക് ധാരാളം ഊര്‍ജം നല്‍കുന്ന ഭക്ഷണം ആവശ്യമാണ്,' മരിയ പറഞ്ഞു.

ഒഴിപ്പിക്കപ്പെട്ട ശേഷം കാംലൂപ്പ്സില്‍ കഴിയുന്ന ഇവര്‍ക്ക് തങ്ങളുടെ സ്ഥലത്തെ ഒരു കളപ്പുരയും റസ്റ്റോറന്റിലെ ചില ഉപകരണങ്ങളും തീയില്‍ നശിച്ചതായി വിവരം ലഭിച്ചു.

'ഞങ്ങളുടെ സമൂഹത്തിലെ പലര്‍ക്കും വീടും സ്വത്തുക്കളും പൂര്‍ണമായി നഷ്ടമായിട്ടുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കണം,' നിക്കോളാസ് കോസോവിച്ച് പറഞ്ഞു.

അതേസമയം, ക്ലിന്റണ്‍ പ്രദേശത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി കാട്ടിലെ ഉണങ്ങിയ സസ്യാവശിഷ്ടങ്ങള്‍ നിയന്ത്രിതമായി കത്തിച്ചുനീക്കുന്ന കണ്‍ട്രോള്‍ഡ് ബേണ്‍ നടപടികള്‍ ക്ലിന്റണിന്റെ വടക്കുഭാഗത്ത് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ബി സി വൈല്‍ഡ്ഫയര്‍ സര്‍വീസ് അറിയിച്ചു.