ഒന്റാരിയോ: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ കാനഡ വാര്‍ഷിക 'പൗരത്വ വാരം' നടത്തുന്നു. 2024ല്‍ ആകെ 3.74 ലക്ഷം പേര്‍ക്കാണ് കനേഡിയന്‍ പൗരത്വം ലഭിച്ചത്. അതില്‍ ഏറ്റവും വലിയ വിഭാഗം ഇന്ത്യന്‍ പൗരന്മാരാണ്. പൗരത്വം ലഭിച്ചവരില്‍ 23 ശതമാനമാണ് ഇന്ത്യക്കാര്‍.
2023-ല്‍ 3.80 ലക്ഷം പേര്‍ക്ക് പൗരത്വം ലഭിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവുണ്ടെങ്കിലും പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2023-ല്‍ 78,714 പേര്‍ക്കാണ് പൗരത്വം ലഭിച്ചതെങ്കില്‍ 2024-ല്‍ 87,812 ആയി.
ഓരോ വര്‍ഷവും പൗരത്വ വാരം കാനഡയ്ക്ക് പൗരത്വത്തിന്റെ അര്‍ഥത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം നല്‍കുന്നുവെന്നും എല്ലാ പശ്ചാത്തലങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള കനേഡിയന്‍മാരെ ഉള്‍ക്കൊള്ളുന്നതാണ് കാനഡയെന്നും ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പറഞ്ഞു. വൈവിധ്യമാണ് ശക്തിയെന്ന് തിരിച്ചറിയാനും കാനഡയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് കൂട്ടായി വീണ്ടും പ്രതിജ്ഞാബദ്ധരാകാനും ഈ നിമിഷം ഉപയോഗിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പുതിയ സ്ഥലത്തിന്റെ വെല്ലുവിളികളെയും അനിശ്ചിതത്വത്തെയും നേരിടാനും സ്വന്തം കുടുംബത്തിന് മികച്ച അവസരങ്ങളും സുരക്ഷയും തേടാനും അവിശ്വസനീയമായ ധൈര്യം ആവശ്യമാണ്. കാനഡയെ സ്വന്തം നാടായി കാണാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതും കനേഡിയന്‍മാരെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമാണെന്നും പൊതുജനങ്ങള്‍ക്കായുള്ള നിരവധി പൗരത്വ ചടങ്ങുകളില്‍ ഒന്നില്‍ പങ്കെടുക്കാന്‍ രാജ്യമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരാളുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലിന്റെ ഭാഗമാകുക എന്നത് ബഹുമതിയും പദവിയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2025-ല്‍ 3.95 ലക്ഷം, 2026-ല്‍ 3.80 ലക്ഷം, 2027-ല്‍ 3.65 ലക്ഷം എന്നിങ്ങനെയാണ് പൗരത്വം നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പൗരത്വം നേടിയ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്.
