ഊർജ്ജത്തിനായി ഇന്ത്യ-കാനഡ കരാർ ചർച്ചകൾ പുരോഗമിക്കുന്നു; ‘എന്തും വാങ്ങാൻ ഞങ്ങൾ തയ്യാർ’ എന്ന് ഇന്ത്യ.
ടൊറന്റോ/ന്യൂഡൽഹി: അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ കാനഡയുമായി കൈകോർക്കാൻ ഇന്ത്യ ഒരുങ്ങുന്നു. കാനഡ വാഗ്ദാനം ചെയ്യുന്ന ഏത് ഊർജ്ജ ഉൽപ്പന്നവും വാങ്ങാൻ ഇന്ത്യ തയ്യാറാണെന്നും വിവിധ പദ്ധതികൾക്ക് കനേഡിയൻ സർക്കാർ വേഗത്തിൽ അനുമതി നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ അഞ്ചു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ തുടർച്ചയായി ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കും. അമേരിക്കൻ വിപണിയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി വിപണി വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് കാനഡ ഇന്ത്യയുമായി പുതിയ വ്യാപാര കരാറുകളിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തകർന്നടിഞ്ഞു കിടന്നിരുന്ന ഇന്ത്യ-കാനഡ ബന്ധത്തിന് വീണ്ടും ഊഷ്മളത കൈവരുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.
ജസ്റ്റിൻ ട്രൂഡോ ദിനങ്ങളിലെ പരസ്പര അവിശ്വാസവും തർക്കങ്ങളും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിഴത്തീരുവകളുടെയും ആവർത്തിച്ചുള്ള ഭീഷണികളുടെയും പശ്ചാത്തലത്തിൽ മറക്കാനും ഉഭയകക്ഷി ബദ്ധങ്ങളിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടാനുമാണ് ഇന്ത്യയും കാനഡയും ഇപ്പോൾ ശ്രമിക്കുന്നത്. അമേരിക്കയെ മാത്രം ആശ്രയിച്ച് തങ്ങളുടെ സമ്പദ്ഘടനയുടെ അടിത്തറ പണിയുന്നത് ഇനിയുള്ള കാലത്ത് അപകടകരമാകുമെന്ന് ഇപ്പോൾ കാനഡ തിരിച്ചറിയുന്നുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണികൾ തേടി ചൈനയിലേക്കും ഇന്ത്യയിലേക്കുമെല്ലാം നോക്കാൻ കാനഡ ഇപ്പോൾ ശ്രമിക്കുന്നതിന് കാരണമിതാണ്.
വ്യാപാരം 2030-ഓടെ ഇരട്ടിയാക്കും
ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.മുംബൈയിൽ നടന്ന കാനഡ-ഇന്ത്യ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ പറഞ്ഞത്. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാർക്ക് കാർണി ഈ വർഷം അവസാനത്തോടെ കരാറിൽ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു.
"ഇരുരാജ്യങ്ങളെ സംബന്ധിച്ചും ഇതൊരു വലിയ അവസരമാണ്. നിലവിലെ ബന്ധത്തെ അടുത്ത തലത്തിലേക്ക് ഉയർത്തേണ്ട സമയമാണിത്. കൂടുതൽ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ സർക്കാർ മുൻകൈ എടുത്തത് അതുകൊണ്ടാണ്," അദ്ദേഹം പറഞ്ഞു.
കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ ക്ഷണിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. സുരക്ഷ, ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വീണ്ടും സജീവമായി സഹകരിക്കാൻ അന്ന് തീരുമാനിച്ചിരുന്നു. തുടർന്ന് ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയിൽ നിർണ്ണായക ധാതുക്കളിലും സാങ്കേതികവിദ്യയിലും ഓസ്‌ട്രേലിയയെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ചരിത്രപരമായ പങ്കാളിത്തത്തിന് ഇരു പ്രധാനമന്ത്രിമാരും തുടക്കമിട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യ-ഊർജ്ജ മേഖലകളിൽ കാനഡയ്ക്കുള്ള ആഗോള സ്വാധീനം ഇന്ത്യയുമായുള്ള സഹകരണത്തിൽ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുറേനിയം വിതരണത്തിന് പുറമെ, വൻകിട ആണവനിലയങ്ങളുടെയും ചെറുകിട മോഡുലാർ റിയാക്ടറുകളുടെയും നിർമ്മാണത്തിൽ സഹകരിക്കാൻ കാനഡ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നിർമ്മാണ മേഖലയ്ക്കും ക്ലീൻ-ടെക് വ്യവസായങ്ങൾക്കും ആവശ്യമായ നിർണ്ണായക ധാതുക്കളുടെ തന്ത്രപരമായ പങ്കാളിയാകാൻ കാനഡയ്ക്ക് സാധിക്കും. പകരം, 2040-ഓടെ ശുദ്ധമായ ഊർജ്ജത്തിലൂടെ കാനഡയുടെ പവർ ഗ്രിഡ് ഇരട്ടിയാക്കാൻ ഇന്ത്യയ്ക്ക് സഹായിക്കാനാകും.
നിർമ്മിത ബുദ്ധി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ കാനഡയുടെ സാങ്കേതിക വികസന ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണെന്ന് കാർണി പറഞ്ഞു. പ്രതിരോധ രംഗത്തെ നവീന പരീക്ഷണങ്ങൾക്കും ക്വാണ്ടം സാങ്കേതികവിദ്യയ്ക്കും ഇത് കരുത്തേകും. ലോകത്തെ നിലവിലെ സാഹചര്യങ്ങളെ വ്യക്തമായി മനസ്സിലാക്കി പുതിയൊരു പാത വെട്ടിത്തുറക്കാനാണ് കാനഡ ശ്രമിക്കുന്നതെന്നും, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ഭാവി കൂടുതൽ സുരക്ഷിതവും സമൃദ്ധവുമാക്കാൻ ഈ സന്ദർശനം അടിത്തറയിടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി കാർണിയുടെ ചർച്ചകൾ ലക്ഷ്യമിടുന്നതെന്താണെന്ന് നേരത്തെ തന്നെ കാനഡയിലെ ഇന്ത്യൻ അംബാസഡർ വ്യക്തമാക്കിയിരുന്നു. "ഊർജ്ജ മേഖലയിൽ കാനഡയ്ക്ക് നൽകാൻ കഴിയുന്നതിലുമപ്പുറം വലിയൊരു ആവശ്യകത ഇന്ത്യയിലുണ്ട്. ക്രൂഡ് ഓയിൽ, എൽ.പി.ജി, എൽ.എൻ.ജി എന്നിങ്ങനെ കാനഡ നൽകുന്ന എന്തിനും ഞങ്ങൾ വിപണിയൊരുക്കും," പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മുന്നോടിയായി നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിൽ കാനഡയിലെ ഇന്ത്യൻ അംബാസഡർ ദിനേഷ് പട്നായിക് പറഞ്ഞു.
നിലവിൽ 25 ആണവ റിയാക്ടറുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യ 2047-ഓടെ ആണവോർജ്ജ ശേഷി 8.7 ജിഗാവാട്ടിൽ നിന്ന് 100 ജിഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ യുറേനിയം ഉൽപ്പാദകരായ കാനഡയ്ക്ക് ഈ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയെ സഹായിക്കാനാകും. ഏകദേശം 300 കോടി ഡോളറിന്റെ പത്തു വർഷത്തെ യുറേനിയം വിതരണ കരാറിനാണ് ഇരുരാജ്യങ്ങളും രൂപം നൽകുന്നത്. സസ്കാച്ചെവൻ പ്രവിശ്യയിലെ യുറേനിയം ഖനികളിൽ ഓഹരി പങ്കാളിത്തം വഹിക്കാനും കാനഡയുടെ ആണവ സാങ്കേതികവിദ്യ വാങ്ങാനും ഇന്ത്യൻ കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന് പകരമായി അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഒരൊറ്റ സ്രോതസ്സിനെ മാത്രം ആശ്രയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കാനാണ് ഇന്ത്യയുടെ നീക്കം.
നിലവിൽ കാനഡയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 93 ശതമാനവും അമേരിക്കയിലേക്കാണ് പോകുന്നത്. "നിങ്ങൾ ഒരു ഊർജ്ജ വൻശക്തിയാണ്, എന്നാൽ നിങ്ങൾ ഒരൊറ്റ രാജ്യത്തിന് മാത്രമാണ് വിതരണം ചെയ്യുന്നത്. നിങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാകാൻ ഇന്ത്യയ്ക്ക് കഴിയും," പട്നായിക് ഓർമ്മിപ്പിച്ചു.
കൽക്കരിയെ ആശ്രയിക്കുന്നത് കുറച്ച് പരിസ്ഥിതി സൗഹൃദ ഊർജ്ജത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി, 2030-ഓടെ ഊർജ്ജ ഉപഭോഗത്തിൽ പ്രകൃതിവാതകത്തിന്റെ വിഹിതം 6.2 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താൻ ഇന്ത്യ ലക്ഷ്യമിടുന്നു. എൽ.എൻ.ജി വാങ്ങുന്ന കാര്യത്തിൽ ലോകത്ത് നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് കാനഡ വലിയൊരു വിപണിയായി മാറും.
"ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാരം ഇരട്ടിയാക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്," കാനഡയുടെ പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്സൺ പറഞ്ഞു. അമേരിക്കയെപ്പോലെയുള്ള വൻശക്തികൾ സാമ്പത്തിക സ്വാധീനം ആയുധമാക്കുന്ന കാലത്ത് ഇന്ത്യയെപ്പോലെയുള്ള മധ്യശക്തികളുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് കാനഡയുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്ക് കാർണിയുടെ സന്ദർശനത്തോടെ കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും പുതിയ വാതിലുകൾ തുറക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
