ടൊറന്റോ: അക്രമാസക്തമായ പ്രകടനങ്ങളും അശാന്തിയുമുള്ള യു കെയിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാര്‍ ''ഉയര്‍ന്ന ജാഗ്രത പാലിക്കണം'' എന്ന് ഫെഡറല്‍ ഗവണ്‍മെന്റ് പുതുക്കിയ യാത്രാ നിര്‍ദ്ദേശത്തില്‍ പറഞ്ഞു.
പ്രകടനങ്ങളും പ്രതിഷേധങ്ങളും വലിയ സമ്മേളനങ്ങളും നടക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ യു കെയിലെ കാനഡക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നേരത്തെ ആക്രമണങ്ങളിലും കലാപങ്ങളിലും കൊള്ളയിലും നശീകരണത്തിലും കലാശിച്ചതായും പ്രതിഷേധങ്ങള്‍ പെട്ടെന്ന് വഷളാകുകയും അവ ഗതാഗതത്തിനും പൊതുഗതാഗതത്തിനും തടസ്സമുണ്ടാക്കുകയും ചെയ്യുമെന്നും സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
നിലവില്‍ ബ്രിട്ടനില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
യു കെയിലുടനീളമുള്ള ആക്രമണങ്ങള്‍ തടയാന്‍ ഈ ആഴ്ച പ്രത്യേക പരിശീലനം ലഭിച്ച 6,000 ഉദ്യോഗസ്ഥരെ അധികാരികള്‍ രംഗത്തിറക്കി. തലസ്ഥാനത്തെ സംരക്ഷിക്കാന്‍ തങ്ങളുടെ കഴിവിനനുസരിച്ച് എല്ലാം ചെയ്യുമെന്ന് ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വീസ് പറഞ്ഞു.
തലസ്ഥാനത്തുടനീളം വിദ്വേഷകരവും ഭിന്നിപ്പിക്കുന്നതുമായ ഗ്രൂപ്പുകള്‍ ആസൂത്രണം ചെയ്ത സംഭവങ്ങളെക്കുറിച്ച് തങ്ങള്‍ക്കറിയാംമെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ ആന്‍ഡി വാലന്റൈന്‍ പറഞ്ഞു.
യു കെയിലുടനീളമുള്ള നഗരങ്ങളും പട്ടണങ്ങളും കഴിഞ്ഞ ആഴ്ച അക്രമികള്‍ തകര്‍ത്തു. തീവ്ര വലതുപക്ഷ തീവ്രവാദികളാല്‍ പ്രകോപിതരായ ജനക്കൂട്ടം പൊലീസുമായും എതിര്‍പ്രകടനക്കാരുമായും ഏറ്റുമുട്ടി.
മൂന്ന് കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ക്കു നേരെ ആക്രമണം നടത്തിയത് കുടിയേറ്റക്കാരനും മുസ്‌ലിമുമായ വ്യക്തിയാണെന്ന തെറ്റായ പ്രചരണമാണ് നടക്കുന്നത്.
കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന കലാപകാരികള്‍ അഭയം തേടിയവര്‍ താമസിക്കുന്ന പള്ളികള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ആക്രമണം നടത്തി. ചില കമ്മ്യൂണിറ്റികളില്‍ അക്രമാസക്തമായ പ്രത്യാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.