ടൊറന്റോ: ക്ഷേത്രപരിസരങ്ങളിലുണ്ടായ ആക്രമണത്തിനിടെ ഹിന്ദു സംഘടനകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കനേഡിയന്‍ പൊലീസ് 70,000 ഡോളര്‍ ആവശ്യപ്പെട്ടതായി ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. കാനഡയിലെ പൊലീസ് പണം ചോദിച്ചതില്‍ ഹിന്ദു സംഘടനകള്‍ അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
തങ്ങളും നികുതിദായകരാണെന്നും എന്തുകൊണ്ടാണ് ഇത്തരത്തില്‍ പീല്‍ പൊലീസ പക്ഷപാതം കാണിക്കുന്നതെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കനേഡിയന്‍ ഹിന്ദു ഗ്രൂപ്പുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിന്ദുക്കളുടെ പരിപാടികള്‍ റദ്ദാക്കാന്‍ കാനഡയിലെ ഭരണകൂടത്തിന് ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദമുണ്ടെന്ന് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഖാലിസ്ഥാനി ഗ്രൂപ്പുകളെയും കാനഡയുടെ എന്‍ ഡി പി നേതാവ് ജഗ്മീത് സിങ്ങിന്റേയും നിര്‍ബന്ധങ്ങളില്‍ ട്രൂഡോ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണെന്ന് വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.
ലോകത്ത് ആദ്യമായാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ലോക്കല്‍ പൊലീസ് പണം ആവശ്യപ്പെടുന്നതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ മൂന്നിന് ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രപരിസരത്ത് നടന്ന പ്രതിഷേധത്തിന് ശേഷമാണ് റിപ്പോര്‍ട്ട് വന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വീഡിയോകള്‍ ഖാലിസ്ഥാനെ പിന്തുണച്ച് ബാനറുകള്‍ പിടിച്ചിരിക്കുന്ന പ്രകടനക്കാരെ കാണിക്കുന്നുണ്ട്.
പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഖാലിസ്ഥാനി പതാകകളുമായെത്തിയ പ്രതിഷേധക്കാര്‍ ആളുകളുമായി ഏറ്റുമുട്ടുകയും ക്ഷേത്ര അധികാരികളും ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍സുലാര്‍ പരിപാടി തടസ്സപ്പെടുത്തുകയുമായിരുന്നു.
പിന്നീട് ബ്രാംപ്ടണിലെ ഒരു ഹിന്ദു ക്ഷേത്രത്തിലെ പുരോഹിതനെ സംഘര്‍ഷത്തിന് കാരണമായി സംസാരിച്ചെന്ന് ആരോപിച്ച് സസ്‌പെന്റ് ചെയ്തു.
ഇന്ത്യന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നതിനിടെ സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ അംഗങ്ങള്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തില്‍ ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഉച്ചയോടെ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചതായി പീല്‍ പൊലീസ് പറഞ്ഞു.
സംഭവത്തെ അപലപിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഓരോ കനേഡിയനും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞു.