മാന്‍ഹട്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വാതുവെപ്പുകള്‍ക്ക് അവസരമൊരുക്കിയ പോളിമാര്‍ക്കറ്റിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ന്‍ കോപ്ലാന്റെ ഫോണ്‍ എഫ്ബിഐ പിടിച്ചെടുത്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വാതുവെപ്പുകാര്‍ ആശ്രയിച്ച ജനപ്രിയ പ്ലാറ്റ്‌ഫോമായിരുന്നു കിപ്‌റ്റോ അധിഷ്ഠിത പ്രവചന വിപണിയായ പോളിമാര്‍ക്കറ്റ്.
ബുധനാഴ്ച പുലര്‍ച്ചെ ഷെയ്ന്‍ കോപ്ലാന്റെ മാന്‍ഹട്ടന്‍ വീട്ടിലെത്തിയ ഫെഡറല്‍ ഏജന്റുമാര്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തിയാണ് തിരച്ചില്‍ നടത്തിയതെന്ന് സംഭവത്തിന്‌സാക്ഷ്യം വഹിച്ച ഒരു വ്യക്തി അറിയിച്ചു. റെയ്ഡ് നേരത്തെ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചരിത്രത്തിലെ ഏറ്റവും വിജയകരമായ പ്രവചന വിപണികളിലൊന്നിന്റെ സംരംഭകനും 26 കാരനുമായ കോപ്ലാനെതിരെ എഫ്. ബി. ഐ റെയ്ഡ് നടത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. എന്നാല്‍ പോളിമാര്‍ക്കറ്റ് ഈ റെയ്ഡിനെ സമീപകാലത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രാക്ക് റെക്കോര്‍ഡുമായി ബന്ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് പോളിമാര്‍ക്കറ്റ് നടത്തിയ പ്രവചന മത്സരത്തില്‍ ഡോണാള്‍ഡ് ട്രംപ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരാജയപ്പെടുത്തുമെന്നാണ് ഭൂരിപക്ഷം വാതുവെപ്പുകാരും പ്രവചിച്ചത്.
'2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്യമായി പ്രവചനം നല്‍കിയ പോളിമാര്‍ക്കറ്റിനെതിരെ പുറത്തുപോകുന്ന ഭരണകൂടം നടത്തുന്ന വ്യക്തമായ രാഷ്ട്രീയ പ്രതികാരമാണ് റെയ്ഡ് എന്ന്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്പനിയുടെ വക്താവ് പറഞ്ഞു.
'തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ തങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ദൈനംദിന സംഭവങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ ആളുകളെ സഹായിക്കുന്ന പൂര്‍ണ്ണമായും സുതാര്യമായ പ്രവചന വിപണിയാണ് പോളിമാര്‍ക്കറ്റ് എന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ എഫ്ബിഐ വക്താവ് വിസമ്മതിച്ചു.
'രാഷ്ട്രീയ എതിരാളികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന കമ്പനികളെ പിന്തുടരാന്‍ നിലവിലെ ഭരണകൂടം അവസാന ശ്രമം നടത്തുന്നത് നിരുത്സാഹപ്പെടുത്തുന്നുവെന്ന് പോളിമാര്‍ക്കറ്റ് സ്ഥാപകന്‍ പിന്നീട് ട്വീറ്റ് ചെയ്തു. പോളിമാര്‍ക്കറ്റ് പക്ഷപാതരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
2020 ല്‍ സ്ഥാപിതമായ പോളിമാര്‍ക്കറ്റ്, രാഷ്ട്രീയം മുതല്‍ കായികം വരെ ജനപ്രിയ സംസ്‌കാരം വരെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള, അതെ അല്ലെങ്കില്‍ ഇല്ല എന്നിങ്ങനെ ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയുന്ന ചോദ്യങ്ങളുമായി ഉപയോക്താക്കള്‍ക്ക് പന്തയം വെക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമാണ്.
ജൂണ്‍ 27 ന് ട്രംപും പ്രസിഡന്റ് ബൈഡനും തമ്മിലുള്ള സംവാദത്ിനു ശേഷമാണ് പ്ലാറ്റ്‌ഫോം വ്യാപകമായി പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. ബൈഡന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറും എന്ന വാതുവെപ്പുകാരുടെ പ്രവചനം പിന്നീട് ശരിയായത് പ്ലാറ്റ്‌ഫോമിനെ കൂടുതല്‍ പ്രശസ്തമാക്കി.
ശതകോടീശ്വരനായ പീറ്റര്‍ തീല്‍ ആരംഭിച്ച സിലിക്കണ്‍ വാലി സംരംഭമായ ഫൗണ്ടേഴ്‌സ് ഫണ്ട്, നിരവധി പ്രമുഖ ക്രിപ്‌റ്റോ വ്യക്തിത്വങ്ങള്‍ എന്നിവ പോളിമാര്‍ക്കറ്റിലെ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.
കമ്പനി രജിസ്റ്റര്‍ ചെയ്യാത്ത ഡെറിവേറ്റീവ്‌സ്-ട്രേഡിംഗ് പ്ലാറ്റ്‌ഫോം നടത്തുന്നുവെന്ന് ആരോപിച്ച് കമ്മോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് കമ്മീഷനുമായുള്ള ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് 2022 മുതല്‍ പോളിമാര്‍ക്കറ്റ് അമേരിക്കക്കാരിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. എന്നാല്‍ വെര്‍ച്വല്‍ സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് യുഎസ് ഉപയോക്താക്കള്‍ക്കുള്ള നിരോധനം മറികടക്കാന്‍ കഴിയുമെന്ന് വ്യാപാരികള്‍ പറയുന്നു.
സമീപകാല ഫെഡറല്‍ കോടതി വിധി പ്രകാരം യുഎസ്-ല്‍ തിരഞ്ഞെടുപ്പ് വാതുവയ്പ്പ് നിയമവിധേയമാണ്. പക്ഷേ സിഎഫ്ടിസി നിയന്ത്രിത വിപണികള്‍ക്ക് മാത്രമേ അതിന് അധികാരമുള്ളൂ. അതിനാല്‍ പോളിമാര്‍ക്കറ്റ് അമേരിക്കക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത ഇടമായി തുടരുകയാണ്. പോളിമാര്‍ക്കറ്റ് യുദ്ധങ്ങള്‍ക്കും കായിക ഇനങ്ങള്‍ക്കുമുള്ള പന്തയങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത് യുഎസ്. സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ നിയമവിരുദ്ധമാണ്.
ട്രംപിന്റെ വിജയത്തിനായി നിരവധി പോളിമാര്‍ക്കറ്റ് അക്കൌണ്ടുകള്‍ വ്യവസ്ഥാപിതമായി പതിനായിരക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നതായി ഒക്ടോബറില്‍ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിപുലമായ വ്യാപാര പരിചയമുള്ള ഒരു ഫ്രഞ്ച് പൗരനാണ് പന്തയത്തിന് പിന്നിലെ വ്യാപാരിയെന്ന് പോളിമാര്‍ക്കറ്റ് പറഞ്ഞു. ട്രംപ് തിമിംഗലമായി അറിയപ്പെട്ടിരുന്ന വ്യാപാരി, ട്രംപ് പ്രസിഡന്‍സിയും ജനകീയ വോട്ടും നേടുമെന്ന് കൃത്യമായി പ്രതീക്ഷിച്ചുകൊണ്ട് ആത്യന്തികമായി ഏകദേശം 85 മില്യണ്‍ ഡോളര്‍ ലാഭം നേടി.
തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്, പോളിമാര്‍ക്കറ്റ് ഫ്രഞ്ച് ചൂതാട്ട നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് ഫ്രാന്‍സിന്റെ ദേശീയ ചൂതാട്ട റെഗുലേറ്റര്‍ പറഞ്ഞു. ഫ്രഞ്ച് അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോളിമാര്‍ക്കറ്റ് വക്താവ് വിസമ്മതിച്ചു.
പോളിമാര്‍ക്കറ്റ് സ്ഥാപകന്റെ വീട്ടില്‍ എഫ്ബിഐ റെയ്ഡ്; ഫോണ്‍ പിടിച്ചെടുത്തു