മുന്‍ ഹൗസ് ഡെമോക്രാറ്റ് തുളസി ഗബ്ബാര്‍ഡിനെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്യും

മുന്‍ ഹൗസ് ഡെമോക്രാറ്റ് തുളസി ഗബ്ബാര്‍ഡിനെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി  ട്രംപ് നാമനിര്‍ദ്ദേശം ചെയ്യും


വാഷിംഗ്ടണ്‍: മുന്‍ ഹൗസ് ഡെമോക്രാറ്റായ തുളസി ഗബ്ബാര്‍ഡിനെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

രണ്ട് പതിറ്റാണ്ടിലേറെയായി തുളസി നമ്മുടെ രാജ്യത്തിനും എല്ലാ അമേരിക്കക്കാരുടെയും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. 'നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും ശക്തിയിലൂടെ സമാധാനം ഉറപ്പാക്കുകയും ചെയ്തുകൊണ്ട് തുളസി തന്റെ വിശിഷ്ടമായ കരിയറിനെ നിര്‍വചിക്കുന്ന നിര്‍ഭയ മനോഭാവം നമ്മുടെ ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയിലേക്ക് കൊണ്ടുവരുമെന്ന് തനിക്കറിയാമെന്നും തുളസി നമുക്കെല്ലാവര്‍ക്കും അഭിമാനം നല്‍കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ 'അമേരിക്കന്‍ ജനതയുടെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള അവസരം ലഭിച്ചതിന് നന്ദിയുണ്ടെന്ന് ബുധനാഴ്ച സ്വന്തം പ്രസ്താവനയില്‍ ഗബ്ബാര്‍ഡ് പറഞ്ഞു.

ജോലിയില്‍ പ്രവേശിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2022ലെ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിടുകയാണെന്ന് ഗബ്ബാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. 'നമ്മുടെ ഭരണഘടനയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള നമ്മുടെ ദൈവദത്ത സ്വാതന്ത്ര്യങ്ങളെ ദുര്‍ബലപ്പെടുത്താനാണ് പാര്‍ട്ടി സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടി വിടുന്ന വേളയില്‍ എക്‌സ്-ലെ ഒരു വീഡിയോയില്‍ അവര്‍ ആരോപിച്ചിരുന്നു.

ഓഗസ്റ്റില്‍, അവര്‍ ട്രംപിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ പരിവര്‍ത്തന ടീമിന്റെ കോ-ചെയര്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരായ ഏക സംവാദത്തിന് തയ്യാറെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് കഴിഞ്ഞ മാസം അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നോമിനേഷന്‍ ലഭിക്കാനായി മത്സരിച്ച ഗബ്ബാര്‍ഡ് 2020 മാര്‍ച്ചില്‍ ജോ ബൈഡനെ പിന്തുണയ്ക്കുന്നതിനുള്ള പ്രചാരണം അവസാനിപ്പിച്ചു. 2013 മുതല്‍ 2021 വരെ സഭയില്‍ സേവനമനുഷ്ഠിച്ച അവര്‍ 2013 മുതല്‍ 2016 വരെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ വൈസ് ചെയര്‍ ആയിരുന്നു.

ആര്‍മി റിസര്‍വിലെ ലെഫ്റ്റനന്റ് കേണലായ ഗബ്ബാര്‍ഡ് ഹവായ് ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ സേവനമനുഷ്ഠിക്കുകയും ഒരു മെഡിക്കല്‍ യൂണിറ്റുമായി ഇറാഖിലേക്ക് നിയമിക്കപ്പെടുകയും ചെയ്തു.

സ്ഥിരീകരിക്കപ്പെട്ടാല്‍, പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് സൃഷ്ടിച്ച ദേശീയ ഇന്റലിജന്‍സിന്റെ ഡയറക്ടറാകുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ വ്യക്തിയായിരിക്കും ഗബ്ബാര്‍ഡ്. ഇന്റലിജന്‍സ് ലോകത്ത് ഒരിക്കലും പ്രവര്‍ത്തിക്കുകയോ കോണ്‍ഗ്രസ് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ സേവനമനുഷ്ഠിക്കുകയോ ചെയ്യാതെയാകും അവര്‍ ആ ചുമതല ഏറ്റെടുക്കുന്നത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും കുറ്റാരോപിതനായ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനുമായി 2017 ല്‍ കൂടിക്കാഴ്ച നടത്തിയതിന് ഗബ്ബാര്‍ഡ് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സമാധാനത്തിലേക്ക് ചുവടുവെക്കാന്‍ സഹായിക്കുന്ന ഒരു സാധ്യതയും അവസരവും ഉണ്ടെങ്കില്‍ നമ്മള്‍ക്ക് ആവശ്യമുള്ളവരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയണം' എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ കൂടിക്കാഴ്ചയെ ന്യായീകരിച്ചത്.