യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റായി മലയാളി

യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റായി മലയാളി


ലണ്ടന്‍: യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളി.
ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ മെയില്‍ നഴ്‌സ് ബിജോയ് സെബാസ്റ്റ്യനാണ് ചരിത്രം കുറിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സാണ് ബിജോയ്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആര്‍സിഎന്‍. യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണ് ബിജോയ്ക്ക് ഉജ്വല വിജയം നേടാനായത്. ബ്രിട്ടനിലെ മലയാളി നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാന്‍ ബിജോയിയുടെ സാന്നിധ്യം ഇനിമുതല്‍ സഹായകരമാകും.

5483 വോട്ടുകളാണ് ബിജോയ് സെബാസ്റ്റ്യന്‍ നേടിയത്. പ്രൊഫ. അലിസണ്‍ ലിയറി ഡെപ്യൂട്ടി പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബര്‍ 14-ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11-നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്‌സസ് ഫോറം ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബിജോയ് ഉള്‍പ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ടുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.

കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ പുന്നപ്ര വണ്ടാനം പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കല്‍ കോളജിലാണ് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയത്. ഇവിടെത്തന്നെ ഒരുവര്‍ഷത്തെ സേവനത്തിന് ശേഷം 2011-ലാണ് ബാന്‍ഡ്-5 നഴ്‌സായി ബിജോയ് ബ്രിട്ടനില്‍ എത്തിയത്. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി.

2015-ല്‍ ബാന്‍ഡ്-6 നഴ്‌സായും 2016-ല്‍ ബാന്‍ഡ്-7 നഴ്‌സായും കരിയര്‍ മെച്ചപ്പെടുത്തി. 2021-ലാണ് ബാന്‍ഡ്-8 തസ്തികയില്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. 2012-ല്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങില്‍ അംഗത്വം എടുത്തു. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമര്‍സ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്‌സ് ദിവ്യയാണ് ഭാര്യ. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവേലാണ് മകന്‍.