യൂകോണ്‍: ഡോസണ്‍ സിറ്റിയുടെ ചരിത്രചിഹ്നമായി കണക്കാക്കപ്പെട്ടിരുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ഹോട്ടല്‍ തീപിടിത്തത്തില്‍ പൂര്‍ണമായും നശിച്ചു. നഗരവാസികള്‍ 'ദി പിറ്റ്' എന്നു വിളിച്ചിരുന്നഹോട്ടല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രളയം അതിജീവിച്ചിരുന്നു. അതിനെയാണ് ഇപ്പോള്‍ തീ വിഴുങ്ങിയത്.
1898ല്‍ സ്ഥാപിതമായ കെട്ടിടത്തില്‍ മണിക്കൂറുകളോളം അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഒടുവില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീഴുകയായിരുന്നു. കനത്ത പുക നഗരമധ്യത്തെ മൂടിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സുരക്ഷിത അകലം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഡോസണ്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബഫലോ ടെയ്ലര്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പറഞ്ഞു.
ഡോസണ്‍ നഗരവാസികള്‍ക്ക് 'ദ പിറ്റ്' ഒരു സാധാരണ ബാര്‍ മാത്രമായിരുന്നില്ല. 125 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം നഗരത്തിന്റെ സാമൂഹിക- സാംസ്‌കാരിക ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. നാട്ടുകാര്‍ കൂടിച്ചേരുകയും ആഘോഷങ്ങളും ഓര്‍മ്മകളും പങ്കിടുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു ഇത്.
തീപിടിത്തസമയത്ത് സ്ഥലത്തെത്തിയ കൗണ്‍സിലര്‍ കഡ് ഈസ്റ്റ്ബൗണ്ട് നഗരം മുഴുവന്‍ ഞെട്ടലിലാണെന്നാണ് പ്രതികരിച്ചത്. ആളുകള്‍ പരസ്പരം ചേര്‍ത്ത് പിടിച്ചും ആശ്വസിപ്പിച്ചും നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകര്‍ന്നുവീഴുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരില്‍ നിന്ന് ഞെട്ടലിന്റെ നിലവിളികള്‍ ഉയര്‍ന്നു.
ഡോസണ്‍ സ്വദേശിയായ മാത്യു റൈറ്റ് നഗരത്തിന്റെ അടയാളം തന്നെ നഷ്ടമായി എന്നാണ് പറഞ്ഞത്. 17 വര്‍ഷമായി ഡോസണില്‍ താമസിക്കുന്ന ഷിര്‍ലി പരലുമാന്‍ ഇതൊരു കെട്ടിടമല്ലെന്നും നഗരത്തിന്റെ ചരിത്രമാണെന്നും കണ്ണീരോടെ പ്രതികരിച്ചു.
വേനലില്‍ വീണ്ടും തുറക്കാനിരിക്കെയാണ് ഹോട്ടല്‍ അഗ്നിക്കിരയായത്. ജനുവരിയില്‍ ഉണ്ടായ കഠിനമായ തണുപ്പിനെ തുടര്‍ന്ന് നഗരത്തിലെ ജലപൈപ്പുകള്‍ പൊട്ടുകയും ഹോട്ടലില്‍ ഏകദേശം ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. തുടര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു.
വെള്ളക്കെട്ട് നീക്കുന്നതിനും അടിത്തറ പുനര്‍നിര്‍മിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ജൂലൈയോടെ വീണ്ടും തുറക്കാമെന്ന പ്രതീക്ഷയിലാണെന്നും
ദ പിറ്റ് മാനേജര്‍ ജോസേ മോണ്‍ട്രോയിള്‍ കഴിഞ്ഞ ആഴ്ച നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഡോസണ്‍ സിറ്റി മേയര്‍ സ്റ്റീഫന്‍ ജോണ്‍സണ്‍ തീപിടിത്തം നഗരത്തിന് വന്‍ നഷ്ടമാണെന്ന് പ്രതികരിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ഒരു ഹോട്ടലോ ബാറോ മാത്രമല്ലായിരുന്നുവെന്നും സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും ചിരിയുടെയും ഓര്‍മ്മകളുടെയും കേന്ദ്രമായിരുന്നു അതെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പില്‍ പറഞ്ഞു. ഈ നഷ്ടം വ്യക്തിപരമാണെന്നും കാരണം അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
