കാനഡയിലെ മഹാ ഓണത്തിന് കേരളത്തില്‍ നിന്ന് 'കരി'വീരനുമെത്തി

കാനഡയിലെ മഹാ ഓണത്തിന് കേരളത്തില്‍ നിന്ന് 'കരി'വീരനുമെത്തി


ടൊറന്റോ: കാനഡയിലെ ഏറ്റവും തിരക്കേറിയ പട്ടണത്തിലൊരു ഗജവീരനെ ഒന്നു സങ്കല്‍പ്പിച്ചാലോ? നെറ്റിപ്പട്ടം കെട്ടി, തലയാട്ടി, ചെവികള്‍ കുലുക്കി, തുമ്പിക്കൈ വീശി, വാല്‍ ആട്ടി… ആഹാ അന്തസ്സ്. 

സംഭവം ശരിയാണ്. ടൊറന്റോയിലേക്ക് ആന വരുന്നു. ലെവിറ്റേറ്റ് ഒരുക്കുന്ന മഹാഓണത്തിന്. യങ് ആന്‍ഡ് ഡണ്ടാസിലെ സാങ്കോഫ സ്‌ക്വയറില്‍ ഇക്കുറി ഈ 'കൊമ്പനും' ഉണ്ടാകും. ചെവിയാട്ടിയുള്ള നില്‍പ് കണ്ടാല്‍ ഒരു തലയെടുപ്പുള്ള ഗജവീരന്റെ അതേ രൂപവും ഭാവവുമാണ് ഈ കൊമ്പനും. കേരളത്തില്‍ അണിയിച്ചൊരുക്കിയ 'കൊമ്പന്‍' കൊച്ചിയില്‍നിന്ന് എത്തിക്കഴിഞ്ഞു. സെപ്റ്റംബര്‍ ഏഴിന് മഹാഓണത്തിന് ചാരുതയേകാനുള്ള വരവാണിതെന്ന് മുഖ്യസംഘാടകന്‍ ജെറിന്‍ രാജ് അറിയിച്ചു. 

പ്രൗഢിയുടെയും പ്രതാപത്തിന്റെയും പ്രതീകമായി ഒരുകാലത്ത് എഴുന്നള്ളിപ്പുകളിലെ നിറസാന്നിധ്യമായിരുന്ന ഗജശ്രേഷ്ഠന്‍ കാച്ചാംകുറിശ്ശി കേശവന്റെ മട്ടും ഭാവത്തിലുമാണ് ഇതിനെ നിര്‍മിച്ചിരിക്കുന്നത്.  ആനച്ചന്തത്തിന്റെ മകുടോദാഹരണമായ കാച്ചാംകുറിശ്ശി കേശവനെ അനുസ്മരിപ്പിക്കുന്ന ഈ 'കൊമ്പന്'എട്ട് അടി ഉയരവും പന്ത്രണ്ട് അടി നീളവും ഏഴടിയോളം വീതിയുമുള്ള ഈ യന്ത്രവല്‍കൃത കൊമ്പന്റെ ചെവി, കണ്ണും തുമ്പിക്കൈയും വാലുമൊക്കെ അനങ്ങും. ഫൈബറിലും തുണിയിലും റബറിലുമൊക്കെയാണ് ഒറിജിനലിനെ വെല്ലുന്ന 'കൊമ്പ'നെ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം മുപ്പതിനായിരത്തിലേറെ കാണികളെ ആകര്‍ഷിച്ച ലെവിറ്റേറ്റിന്റെ മഹാഓണം  കൂടുതല്‍ പുതുമകളോടെയാകും ഇത്തവണ ആഘോഷിക്കുകയെന്ന് സംഘാടകര്‍ തുടക്കത്തിലെ അറിയിച്ചിരുന്നു. 

ചെണ്ടമേളവും തിരുവാതിര ഉള്‍പ്പെടെയുള്ള നൃത്തപരിപാടികളും സംഗീതവും ഡിജെയുമെല്ലാമായി ഒരുദിവസം മുഴുവന്‍ നീളുന്ന ആഘോഷം. ഇതിന്റെ ഭാഗമാണ് മഹാകൊമ്പന്‍. കേരളത്തിന്റെ വിളവെടുപ്പ് ഉല്‍സവവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളും  ആഘോഷങ്ങളുമെല്ലാം കനേഡിയന്‍ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ടൊറന്റോയുടെ തിരുമുറ്റത്ത് ഒരുക്കിയ മഹാഓണം വടക്കന്‍ അമേരിക്കയിലെതന്നെ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയായി മാറിയിരുന്നു. കാനഡയിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികള്‍ നടക്കുന്ന  വേദിയില്‍ മലയാളികളുടേതായ കന്നി പരിപാടിയുമായിരുന്നു.  രാജ്യാന്തര വിദ്യാര്‍ഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവര്‍ക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റിന് തുടക്കംകുറിച്ചത്. കഴിഞ്ഞതവണ മഹാഓണം പരിപാടിയോടനുബന്ധിച്ച്  മാത്രം ആയിരത്തോളം കലാകാരന്മാര്‍ക്കാണ് അവസരം ഒരുക്കിയത്. 

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അമേരിക്കയില്‍നിന്നുള്‍പ്പെടെ പ്രതീക്ഷിച്ചതിലുമേറെ അപേക്ഷകള്‍ ലഭിച്ചതിനാല്‍ ഇവ വിലയിരുത്തി മികച്ചവ തിരഞ്ഞെടുക്കുക  പ്രമുഖ സിനിമാ സംവിധായകന്‍ കെ. മധുവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. കഴിഞ്ഞതവണ മഹാഓണം വേദിയില്‍ എത്തിയ കെ. മധു പരിപാടികള്‍ ആസ്വദിക്കുകയും സംഘാടനമികവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. 

മുഖ്യപ്രായോജകരായി ലെംഫൈ, ഗ്രീസ് മല്ലു, റിയല്‍റ്റര്‍ ജെഫിന്‍ വാലയില്‍ ജോസഫ്, കോസ്‌കോ, എല്‍ട്രോണോ, മൊണാക്കോ ബില്‍ഡേഴ്‌സ്, യോക് ഇമിഗ്രേഷന്‍, മീ സ്‌മൈല്‍സ്, ഗോള്‍ഡ് മാക്‌സ്, ലിസ, റോയല്‍ കേരള ഫുഡ്‌സ്,  എന്‍ഡി പ്രഫഷനല്‍സ്, സെന്റ് ജോസഫ്‌സ് ഡെന്റല്‍ ക്‌ളിനിക്, കൊക്കാടന്‍സ് ഗ്രൂപ്പ് തുടങ്ങിയവര്‍ ഒപ്പം ചേര്‍ന്നിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിന് ഇനിയും അവസരമുണ്ടെന്നും വടക്കന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മഹാഓണം പരിപാടിയില്‍ സഹകരിക്കുന്നതിലൂടെ സംരംഭകര്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ മലയാളികളിലേക്ക് എത്താനുള്ള അവസരമാണിതെന്നും സംഘാടകര്‍ പറയുന്നു. റസ്റ്ററന്റുകള്‍ക്കും മറ്റും സ്റ്റാളുകള്‍ ഒരുക്കുന്നതിനും അവസരമുണ്ട്.  ഡിജിറ്റല്‍ ഡിസ്പ്‌ളേകളാല്‍ സമ്പന്നമായ യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. പ്രവേശനം സൗജന്യമാണ്. 


കൂടുതല്‍ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനും ലെവിറ്റേറ്റിന്റെയും മഹാഓണത്തിന്റെയും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

sh_vsskäv: www.mahaonam.ca

ഫോണ്‍: 6477814743

ഇമെയില്‍: contact@levitateinc.ca