വാഷിംഗ്ടണ്‍: ഇന്ത്യക്ക് ചുമത്തിയ താരിഫ് 24 മണിക്കൂറിനകം ഉയര്‍ത്തുമെന്ന് ട്രംപ്. സി എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചാനലിന്റെ 'സ്‌ക്വാക്ക് ബോക്‌സ്' ഷോയില്‍ സംസാരിക്കുകയായിരുന്നു യു എസ് പ്രസിഡന്റ്.
ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നും അവര്‍ തങ്ങളുമായി ധാരാളം ബിസിനസ് ചെയ്യുന്നുണ്ടെങ്കിലും തങ്ങള്‍ അവരുമായി ബിസിനസ്സ് ചെയ്യുന്നില്ലെന്നും പറഞ്ഞ ട്രംപ് അതിനാല്‍ 25 ശതമാനത്തില്‍ തീരുമാനമായതായും അടുത്ത 24 മണിക്കൂറിനുള്ളില്‍ അത് ഗണ്യമായി ഉയര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുകയാണ്. അവര്‍ യുദ്ധ യന്ത്രത്തിന് ഇന്ധനം നല്‍കുകയാണ് എന്നും ട്രംപ് ആരോപിച്ചു.
ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ മേലുള്ള താരിഫ് ഉയര്‍ത്തുമെന്ന് പ്രസ്താവിച്ചത്. ഇതിന് പിന്നാലെയാണ് താരിഫ് ഉയര്‍ത്തുമെന്ന് അഭിമുഖത്തില്‍ പറഞ്ഞത്.
ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പണ്‍ മാര്‍ക്കറ്റില്‍ വലിയ ലാഭത്തിനായി വില്‍ക്കുകയും ചെയ്യുന്നു. റഷ്യന്‍ യുദ്ധ യന്ത്രം യുക്രെയ്‌നില്‍ എത്ര പേരെ കൊല്ലുന്നുണ്ടെങ്കിലും അവര്‍ക്ക് പ്രശ്നമില്ലെന്നും ഇക്കാരണത്താലാണ് ഇന്ത്യയുടെ താരിഫ് താന്‍ ഗണ്യമായി ഉയര്‍ത്തുന്നതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഉയര്‍ത്തുമെന്ന ട്രംപിന്റെ ഭീഷണിയെ ക്രെംലിന്‍ വിമര്‍ശിച്ചു. നിയമവിരുദ്ധമെന്നാണ് റഷ്യ അതിനെ വിശേഷിപ്പിച്ചത്. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സ്, എ എഫ് പി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തു.
പരമാധികാര രാജ്യങ്ങള്‍ക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാമെന്ന് പെസ്‌കോവ് ഊന്നിപ്പറഞ്ഞു.
