ഒട്ടാവ: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്ക് മറുപടിയായി കാനഡ പ്രഖ്യാപിച്ച തിരിച്ചടി നടപടികള്‍ വാഷിംഗ്ടണിനെ സംബന്ധിച്ച് 'അപ്രതീക്ഷിതമാകാന്‍ സാധ്യതയില്ല' എന്ന് കനേഡിയന്‍ ധനമന്ത്രി ഫ്രാന്‍സ്വാ- ഫിലിപ്പ് ഷാംപെയ്ന്‍ പറഞ്ഞു.
ഇന്ത്യന്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡയുടെ തിരിച്ചടി താരിഫുകള്‍ സെപ്റ്റംബര്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ, ഇതിന് പിന്നാലെ യു എസ് വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഷാംപെയ്ന്‍ പ്രതികരിച്ചത്.
'ഞങ്ങളുടെ തൊഴിലാളികള്‍ക്കും വ്യവസായങ്ങള്‍ക്കും ബിസിനസുകള്‍ക്കും വേണ്ടി ഞങ്ങള്‍ നിലകൊള്ളുകയാണ്. ഇത് ഞങ്ങളുടെ അമേരിക്കന്‍ പങ്കാളികള്‍ക്ക് അപ്രതീക്ഷിതമാകാന്‍ സാധ്യതയില്ല,' ഷാംപെയ്ന്‍ പറഞ്ഞു.
കാനഡയുടെ സാമ്പത്തിക പരമാധികാരവും വ്യവസായങ്ങളും എല്ലായ്‌പ്പോഴും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കനേഡിയന്‍ ഉള്ളടക്കം ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ കണ്ടെത്താനാകുന്ന വിധം പ്രദര്‍ശിപ്പിക്കുന്നതും ദ്വിഭാഷാ ലേബലിംഗും സംബന്ധിച്ച നിലപാടുകളില്‍ യു എസ് മാറ്റം വരുത്തിയതായി യു എസ്- കാനഡ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അറിയിച്ചു.
ഫ്രഞ്ച് ഭാഷയും കനേഡിയന്‍ സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കെതിരെ ഭാവിയില്‍ യു എസ് വ്യാപാര നടപടികള്‍ ഉണ്ടാകില്ലെന്ന് അമേരിക്ക സ്ഥിരീകരിച്ചതിനെ കാനഡ സ്വാഗതം ചെയ്യുന്നതായി ലെബ്ലാങ്ക് പറഞ്ഞു.
മറ്റ് വിഷയങ്ങളിലെ യു എസ് നിലപാടുകളിലും കാനഡ പ്രതീക്ഷിക്കുന്ന 'ക്രിയാത്മകമായ വ്യക്തതകള്‍' ലഭിച്ചാല്‍, കാനഡയുടെ പരമാധികാരത്തെ മാനിക്കുന്നതും ഇരുരാജ്യങ്ങള്‍ക്കും ഗുണകരവുമായ വ്യാപാര കരാറിലേക്ക് നീങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാര ചര്‍ച്ച തകര്‍ന്നതില്‍ പരസ്പരം ആരോപണം
വ്യാപാര ചര്‍ച്ചകള്‍ തകര്‍ന്നതിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, കനേഡിയന്‍ ഉള്ളടക്കത്തിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ പ്രദര്‍ശനം സംബന്ധിച്ചും ദ്വിഭാഷാ ലേബലിങ് സംബന്ധിച്ചും അവസാന നിമിഷം യു എസ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കാനഡയ്ക്ക് അംഗീകരിക്കാനാകാത്ത പ്രധാന വിഷയങ്ങളായി മാറിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് ട്രംപ് ചൊവ്വാഴ്ച നിഷേധിച്ചു.
'കനേഡിയന്‍ ജനങ്ങള്‍ ഫ്രഞ്ച് സംസാരിക്കുന്നതില്‍ ഞാന്‍ ഒരിക്കലും ഇടപെടില്ല. അത്തരമൊരു മണ്ടത്തരം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ക്യൂബെക്കിലെ ജനപിന്തുണ നഷ്ടപ്പെട്ട ദുര്‍ബലനായ പ്രധാനമന്ത്രി രാഷ്ട്രീയ പിന്തുണ നേടുന്നതിനായി ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നും ട്രംപ് ആരോപിച്ചു.
അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കാനഡ വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതെന്ന് യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലറ്റ്‌നിക് ആരോപിച്ചു. ചര്‍ച്ചകളിലെ സാമ്പത്തിക കണക്കുകള്‍ മികച്ചതായിരുന്നെന്നും കരാര്‍ വളരെ അനുകൂലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് ഭാഷയുടെ ഉപയോഗം നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ യു എസ് ശ്രമിച്ചെന്ന ആരോപണവും ലറ്റ്‌നിക് നിഷേധിച്ചു. ഇത് 'കെട്ടിച്ചമച്ച ആരോപണമാണെന്നും പൂര്‍ണമായും നുണയാണെന്നും' അദ്ദേഹം പറഞ്ഞു.
കാനഡയുടെ തിരിച്ചടി താരിഫുകളില്‍നിന്ന് കടല്‍ ഭക്ഷണം ഒഴിവാക്കി
ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫുകള്‍ കനേഡിയന്‍ ബിസിനസുകള്‍ നേരിടുന്നതിനിടെ ഒട്ടാവ പ്രഖ്യാപിച്ച തിരിച്ചടി നടപടികള്‍ സെപ്റ്റംബര്‍ 8ന് പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്.
വ്യവസായ മേഖലകളില്‍നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചടി താരിഫുകളുടെ പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി കാനഡ ധനമന്ത്രാലയം അറിയിച്ചു.
അമേരിക്കന്‍ സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് 25 ശതമാനത്തില്‍നിന്ന് 50 ശതമാനമായി ഉയര്‍ത്തുന്നതാണ് കാനഡയുടെ പ്രധാന നടപടികളിലൊന്ന്.
വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, പാലുത്പന്നങ്ങള്‍ തുടങ്ങിയ നൂറുകണക്കിന് യു എസ് ഉത്പന്നങ്ങള്‍ക്കും 15 മുതല്‍ 50 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തും.
എന്നാല്‍ സമ്പദ്വ്യവസ്ഥയ്ക്ക് വ്യാപകമായ തിരിച്ചടി ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി മത്സ്യവും കടല്‍ഭക്ഷ്യ ഉത്പന്നങ്ങളും തിരിച്ചടി താരിഫുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി ധനമന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യു എസ് കടല്‍ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുന്നതില്‍നിന്ന് പിന്മാറിയത് 'കാനഡയുടെ താത്പര്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനമാണ്' എന്ന് ഷാംപെയ്ന്‍ പറഞ്ഞു.
അതേസമയം, കാനഡ വീണ്ടും തിരിച്ചടി നടപടികള്‍ ശക്തമാക്കിയാല്‍ ട്രംപ് ഭരണകൂടം വെറുതെയിരിക്കില്ലെന്ന് യു എസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
