ആശുപത്രി ബില്‍ 96311 ഡോളര്‍; ആദ്യം കൈമലര്‍ത്തി ഇന്‍ഷൂറന്‍സ് കമ്പനി: അനിശ്ചിതത്വത്തിലായത് ഇന്ത്യന്‍ കുടുംബം

ആശുപത്രി ബില്‍ 96311 ഡോളര്‍; ആദ്യം കൈമലര്‍ത്തി ഇന്‍ഷൂറന്‍സ് കമ്പനി: അനിശ്ചിതത്വത്തിലായത് ഇന്ത്യന്‍ കുടുംബം


ഒന്റാരിയോ: ബ്രാംപ്ടണിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യക്കാരി മാതാവിനെ അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ലഭിച്ച ബില്ല ഞെട്ടിക്കുന്നത്. ഹൈപ്പോക്‌സിക് ശ്വസന സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് ആലീസ് ജോണ്‍ എന്ന 88കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആലീസ് ജോണിനെ ആറ് മാസത്തേക്ക് ഇന്ത്യയില്‍ നിന്ന് 'സൂപ്പര്‍ വിസ'യിലാണ് കാനഡ സന്ദര്‍ശിക്കാന്‍ മകന്‍ ജോസഫ് ക്രിസ്റ്റി കൊണ്ടുവന്നത്. മാതാപിതാക്കള്‍ക്കും മുത്തശ്ശിമാര്‍ക്കും ദീര്‍ഘകാലത്തേക്ക് കാനഡയില്‍ തങ്ങാന്‍ അനുവദിക്കുന്നതാണ് സൂപ്പര്‍ വിസ. ജനുവരിയിലാണ് ആലിസ് ജോണ്‍ കാനഡയിലെത്തിയത്. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാനും തുടങ്ങി. ചുമ, ശ്വാസതടസ്സം, പനി എന്നിവയുടെ ലക്ഷണങ്ങളാണ് അനുഭവപ്പെട്ടതെന്ന് ക്രിസ്റ്റി പറഞ്ഞു. ആ സമയത്ത് മകളോടൊപ്പം ഹാമില്‍ട്ടണിലായിരുന്നു ആലിസ് ജോണ്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഹാമില്‍ട്ടണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം മൂന്ന് ആഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടിവരികയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

മാനുലൈഫില്‍ നിന്ന് 100,000 ഡോളര്‍ വരെ കവറേജുള്ള അടിസ്ഥാന സൂപ്പര്‍ വിസ ട്രാവല്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ കുടുംബത്തിനുണ്ടായിരുന്നു. എന്നാല്‍ ആലിസ് ജോണിന് ചികിത്സ നല്‍കിയ ശേഷം അവര്‍ക്ക് രോഗം മുമ്പുണ്ടായിരുന്നുവെന്ന് കണ്ടെത്തി ക്ലെയിം നിരസിക്കുകയായിരുന്നു. 

എപ്പോഴെങ്കിലും കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ പോളിസി പ്രകാരം കവറേജിന് അര്‍ഹതയുണ്ടാവില്ലെന്നാണ് കുടുംബത്തോട് പറഞ്ഞതെന്നാണ് ക്രിസ്റ്റി അറിയിച്ചത്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും കാരണം മൂന്ന് വര്‍ഷം പഴക്കമുള്ള അവരുടെ ഒരു കുറിപ്പടിയിലും കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലര്‍ എന്ന പദം ഇല്ലായിരുന്നുവെന്നും ക്രിസ്റ്റി പറഞ്ഞു.

കവറേജ് ലഭിക്കില്ലെന്നും അവര്‍ 96311 ഡോളര്‍ അടക്കണമെന്നും കുടുംബത്തോടു പറഞ്ഞു. 

പലപ്പോഴും വൈദ്യചികിത്സ ആവശ്യപ്പെട്ടതിനുശേഷമാണ് ഇന്‍ഷുറന്‍സ് കമ്പനി ചോദ്യങ്ങള്‍ ഉന്നയിക്കുക. 

ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ട്രാവല്‍ സെക്യുര്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ പ്രസിഡന്റ് മാര്‍ട്ടിന്‍ ഫയര്‍സ്റ്റോണ്‍ സിടിവി ന്യൂസിനോട് പറഞ്ഞത് അടിസ്ഥാന പദ്ധതിയില്‍ മെഡിക്കല്‍ ചോദ്യങ്ങളൊന്നുമില്ലെങ്കിലും ക്ലെയിം സമയത്ത് അണ്ടര്‍റൈറ്റിംഗ് ആരംഭിക്കുകയെന്നുമായിരുന്നു. നിലവിലുള്ള അവസ്ഥകളൊന്നും മുമ്പുണ്ടായിരുന്നില്ല എന്നു പറഞ്ഞാലും അവരുടെ രേഖകളില്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന എന്തും പ്രശ്‌നമാകുമെന്നും ഒടുവില്‍ കാനഡയില്‍ പരിരക്ഷ ലഭിക്കില്ലെന്ന് മനസ്സിലാക്കണമെന്നും ഫയര്‍സ്റ്റോണ്‍ പറഞ്ഞു.

കുടുംബത്തിന് വേണ്ടി സിടിവി ന്യൂസ് മനുലൈഫുമായി ബന്ധപ്പെട്ടപ്പോള്‍ ചിലപ്പോള്‍ മെഡിക്കല്‍ ഫയലിന്റെ വ്യാഖ്യാനം കരാറുമായി പൊരുത്തപ്പെടാത്ത സവിശേഷ സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ടെന്നും സൂക്ഷ്മമായി പരിശോധിക്കുകയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ക്ലെയിം നല്‍കുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും  പേയ്മെന്റ് പ്രക്രിയ ആരംഭിക്കുകയാണെന്നും പറഞ്ഞു. ക്ലെയിം ആദ്യം നിഷേധിച്ചെങ്കിലും മനുലൈഫ് ഇപ്പോള്‍ മെഡിക്കല്‍ ബില്ലുകള്‍ പൂര്‍ണ്ണമായും അടയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ട്.

കവറേജ് എടുക്കുമ്പോള്‍ ആരോഗ്യത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കുകയും വ്യക്തമായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അതുവഴി ശരിയായ കവറേജ് ലഭിക്കുമെന്നും മനുലൈഫ് പറഞ്ഞു.

ആശുപത്രി ബില്‍ 96311 ഡോളര്‍; ആദ്യം കൈമലര്‍ത്തി ഇന്‍ഷൂറന്‍സ് കമ്പനി: അനിശ്ചിതത്വത്തിലായത് ഇന്ത്യന്‍ കുടുംബം