ഒട്ടാവ: 2022 ലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വ മത്സരത്തില്‍ 'ഇന്ത്യന്‍ ഏജന്റുമാരുടെ ഇടപെടല്‍' ഉണ്ടായതായി കനേഡിയന്‍ മാധ്യമത്തിന്റെ ആരോപണം.
ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ സര്‍ക്കാരിന്റെ മുഖ്യ എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് പിയറി പൊയിലിവ്രെ വരാനിടയായ സാഹചര്യങ്ങളെ ഇന്ത്യന്‍ ഏജന്റുമാര്‍ സ്വാധീനിച്ചു എന്നാണ് കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസ് ഒരു റിപ്പോര്‍ട്ടില്‍ ആരോപിച്ചത്.
2025 ലെ പൊതു തെരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡയെ പരാജയപ്പെടുത്താന്‍ പിയറി പൊയിലിവ്രെയുടെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശ്രമങ്ഹള്‍ ഊര്‍ജ്ജിതമാക്കിയതിനിടയിലാണ് സിബിസി റിപ്പോര്‍ട്ട് പുറത്തുവന്നത്.
അതേസമയം വാര്‍ത്താ ഔട്ട്‌ലെറ്റിന്റെ അവകാശവാദങ്ങള്‍ കണ്‍സര്‍വേറ്റീവ് നേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണ്.
ചൈന, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കാനഡയിലെ 2019,2021 ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്ന കനേഡിയന്‍ സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു.
കനേഡിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
2022ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിനായുള്ള പാട്രിക് ബ്രൗണിന്റെ പ്രചാരണത്തെ 'ഇന്ത്യന്‍ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു' എന്ന് റേഡിയോ-കാനഡയോട് സംസാരിച്ച പേര് വെളിപ്പെടുത്താത്ത വ്യക്തികളെ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ആരോപിച്ചു. പാട്രിക് ബ്രൗണ്‍ നിലവില്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ഒരു ടൗണ്‍ഷിപ്പായ ബ്രാംപ്ടണ്‍ മേയറാണ്.
ഇടപെടല്‍ മൂലമാണ് അന്തിമഫലത്തില്‍ മാറ്റം വരുത്തിയതെന്ന ആശയം ബ്രൗണും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.
2022ല്‍ ബ്രൗണിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സര്‍വേറ്റീവ് എംപി മിഷേല്‍ റെംപെല്‍ ഗാര്‍നറെ സമ്മര്‍ദ്ദത്തിലാക്കിയതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. ബ്രൗണിന്റെ ദേശീയ പ്രചാരണത്തിന്റെ സഹ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിരുന്ന ഗാര്‍നര്‍ 2022 ജൂണ്‍ 16 ന് കണ്‍സര്‍വേറ്റീവ് നേതൃത്വ മത്സരത്തിന്റെ മധ്യത്തില്‍ തന്റെ ചുമതലയില്‍ നിന്ന് രാജിവച്ചിരുന്നു. അതിനുശേഷം അവര്‍ പ്രചാരണത്തിലേക്ക് മടങ്ങിയെത്തിയില്ല.
ആരോപണങ്ങള്‍ നിഷേധിച്ച് റെംപെല്‍ ഗാര്‍നര്‍ രംഗത്തുവന്നിട്ടുണ്ട്. താന്‍ ബ്രൗണിന്റെ പ്രചാരണ പങ്കാളിത്തം ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അതില്‍ ആരുടേയും സ്വാധീനമോ പ്രേരണയോ ഇല്ലെന്ന് അവര്‍ സിബിസി ന്യൂസിന് എഴുതി നല്‍കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു.
ഞാന്‍ പരിചയസമ്പന്നയായ ഒരു പാര്‍ലമെന്റേറിയന്‍, പരിചയസമ്പന്നയായ കമ്മ്യൂണിക്കേറ്റര്‍, മുന്‍ കാബിനറ്റ് മന്ത്രി, ഒരോ സാഹചര്യത്തെക്കുറിച്ചും സ്വന്തം അറിവിനെ അടിസ്ഥാനമാക്കി സീനിയര്‍ ഗ്രേഡ് സ്ഥാനങ്ങള്‍ വികസിപ്പിക്കാന്‍ കഴിവുള്ളയാള്‍ എന്നെല്ലാം തെളിയിച്ചിട്ടുള്ളതാണ്. സ്വന്തം തീരുമാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ഞാന്‍ എന്ന് സൂചിപ്പിക്കുന്നത് പരിഹാസ്യമാണ്് ' - അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
നേതൃത്വ മത്സരത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവായ പിയറി പൊയിലിവ്രെ യ്ക്ക് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയം ലഭിച്ചതാണ്. 2022 സെപ്റ്റംബറില്‍, ലഭ്യമായ പോയിന്റുകളുടെ 68% നേടിയാണ് ആദ്യ ബാലറ്റില്‍ പൊയിലിവ്രെ വിജയം നേടിയത്.
മുമ്പ്, തിരഞ്ഞെടുപ്പ് ധനസഹായവുമായി ബന്ധപ്പെട്ട 'ഗുരുതരമായ ക്രമക്കേട് ' ആരോപിച്ച് 2022 ജൂലൈയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ബ്രൗണിനെ അയോഗ്യനാക്കിയിരുന്നു. അക്കാലത്ത്, പൊയിലിവ്രെ വിജയിക്കുമെന്ന് ഉറപ്പാക്കാനാണ് 'പാര്‍ട്ടിയിലെ ചിലര്‍' ആഗ്രഹിക്കുന്നതെന്ന് ബ്രൗണ്‍ ആരോപിച്ചിരുന്നു.
'ഇന്ത്യന്‍ ഏജന്റുമാരുടെ' ഇടപെടലിനെക്കുറിച്ച് പൊയിലിവ്രെയ്ക്ക് അറിയാമായിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ലെന്നും സിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്രത്തിന്റെ ആരോപണം പാട്രിക് ബ്രൗണ്‍ പോലും തള്ളിക്കളഞ്ഞിട്ടുണ്ട്. ഡിസംബര്‍ 2ന് പുറത്തുവിട്ട പ്രസ്താവനയില്‍ സിബിസി ന്യൂസിന്റെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് ബ്രൗണ്‍ പറഞ്ഞു.
അത്തരം ഇടപെടല്‍ 2022 ലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡയുടെ നേതൃത്വ മത്സരത്തിന്റെ അന്തിമഫലത്തെ മാറ്റിമറിച്ചുവെന്ന് വിശ്വസിക്കാന്‍ തനിക്ക് ഒരു കാരണവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, അതേസമയം 'വിദേശ ഇടപെടല്‍ എന്ന ആരോപമം വളരെ ഗൗരവമായി എടുക്കുന്നു, പക്ഷേ ഒട്ടാവയിലെ പക്ഷപാതപരമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്രൗണ്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ഇടപെട്ടുവെന്ന അവകാശവാദങ്ങള്‍ അന്വേഷിക്കുന്ന ഹൗസ് ഓഫ് കോമണ്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ പബ്ലിക് സേഫ്റ്റി ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി നേരിട്ടുമൊഴിയെടുക്കുന്നതിന് അദ്ദേഹത്തെ വിളിച്ചുവരുത്തിയതിനിടെയാണ് പ്രസ്താവന.
അടിസ്ഥാനപരമായ നയപരമായ കാര്യങ്ങളേക്കാള്‍ രാഷ്ട്രീയ കാരണങ്ങളാകാം തന്റെ നേരിട്ടുള്ള സാന്നിധ്യം തേടുന്നതിനു പിന്നിലെന്ന് ബ്രൗണ്‍ ആശങ്ക പ്രകടിപ്പിച്ചു. 'കമ്മിറ്റിയുടെ നടപടികളില്‍ സംഭാവന ചെയ്യാന്‍ തന്റെ പക്കല്‍ പുതിയ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നേതൃത്വ മത്സരത്തില്‍ വിദേശ ഇടപെടല്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു രഹസ്യാന്വേഷണ വിവരവും കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിഎസ്‌ഐഎസ്) തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് സിബിസി ന്യൂസിനോട് പറഞ്ഞു.
'ഇതാദ്യമായാണ് ഇതിനെക്കുറിച്ച് കേള്‍ക്കുന്നതെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
2024 ഫെബ്രുവരിയില്‍ ബ്രൗണിന്റെ പ്രചാരണത്തിനെതിരായ ആരോപണങ്ങള്‍ കാനഡ ഇലക്ഷന്‍ കമ്മീഷണറുടെ ഓഫീസ് തള്ളിക്കളഞ്ഞിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നല്‍കിയ വിവരങ്ങള്‍ സമഗ്രമായി അവലോകനം ചെയ്ത ശേഷം, അന്വേഷണം തുടരുന്നത് 'പൊതുതാല്‍പ്പര്യത്തിന് നിരക്കുന്നതല്ല' എന്ന നിഗമനത്തിലെത്തിയ കമ്മീഷണര്‍കേസ് 'അവസാനിപ്പിച്ചതായി' പ്രഖ്യാപിക്കുകയായിരുന്നു.
അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളേക്കാള്‍ 20% പിന്നിലുള്ള പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നിലനില്‍പ്പിനുവേണ്ടി പോരാട്ടം നടത്തുന്നതിനിടയിലാണ് സിബിസി ന്യൂസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 2025ലെ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ വിജയിച്ചാല്‍ പിയറി പൊയിലിവ്രെ കനേഡിയന്‍ പ്രധാനമന്ത്രിയാകും.
വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തില്‍ നിന്ന് സര്‍ക്കാരിന് അവിശ്വാസ പ്രമേയവും നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബറില്‍ ട്രൂഡോ സര്‍ക്കാരും പാര്‍ലമെന്റില്‍ ഒരു അവിശ്വാസ വോട്ടെടുപ്പ് നേരിട്ടെങ്കിലും അതിജീവിച്ചു.
കാനഡ കണ്‍സര്‍വേറ്റീവുകളുടെ നേതൃത്വ മത്സരത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ഇടപെട്ടതായി കനേഡിയന്‍ മാധ്യമം