ടൊറന്റോ: കാനഡയിൽ ഹിന്ദു ക്ഷേത്രത്തിനുനേരെ വീണ്ടും ഖലിസ്താൻ വിഘടനവാദികളുടെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ലക്ഷ്മി നാരായണ മന്ദിറാണ് രണ്ട് അജ്ഞാതർ ആക്രമിച്ചത്.
ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലും തൂണുകളിലും 'ഖാലിസ്താൻ' എന്ന് എഴുതി വികൃതമാക്കുകയായിരുന്നു.ശനിയാഴ്ച പുലർച്ച മൂന്നിനായിരുന്നു സംഭവം.
ആക്രമികൾ ക്ഷേത്രത്തിലെ സുരക്ഷ കാമറ മോഷ്ടിച്ചതായും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷം നവംബറിലും ഇതേ ക്ഷേത്രത്തിനുനേരെ അജ്ഞാതരുടെ ആക്രമണം നടന്നിരുന്നു. അന്ന് ഭക്തർക്ക് മർദനമേറ്റിരുന്നു.
