പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയുടെ നടപടിക്ക് മറുപടി നല്‍കാന്‍ പാകിസ്ഥാന്‍ ഉന്നത സംഘം ഇന്ന് യോഗം ചേരും

പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയുടെ നടപടിക്ക് മറുപടി നല്‍കാന്‍ പാകിസ്ഥാന്‍ ഉന്നത സംഘം ഇന്ന് യോഗം ചേരും


ഇസ്ലാമാബാദ് / ഡല്‍ഹി : സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതുള്‍പ്പെടെ ഇസ്ലാമാബാദിനെതിരെ ഇന്ത്യ നടത്തിയ അഞ്ച് വലിയ നീക്കങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനായി രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക നേതൃത്വം വ്യാഴാഴ്ച യോഗം ചേരുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ബുധനാഴ്ച പറഞ്ഞു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് പാകിസ്ഥാനെതിരെ ഇന്ത്യാഗവണ്‍െമെന്റ് വന്‍ ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ചത്. സിന്ധു നദീജല കരാര്‍ ഉടനടി നിര്‍ത്തിവച്ചു, അട്ടാരി അതിര്‍ത്തിയിലെ സംയോജിത ചെക്ക് പോസ്റ്റ് അടച്ചുപൂട്ടി, ഇസ്ലാമാബാദുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തിതുടങ്ങിയ നടപടികളാണ് ഉടനടി പ്രാബല്യത്തില്‍ വരുന്ന വിധം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഇതിനോടു പ്രതികരിക്കാന്‍ 'പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ സമിതിയുടെ ഒരു യോഗം ചേരും' എന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു, 'ഇന്ത്യന്‍ നടപടികള്‍ക്ക് ഉചിതമായ പ്രതികരണം' നല്‍കുക എന്നതാണ് അവിടെ എടുക്കുന്ന തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമാബാദില്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ എല്ലാ സേവന മേധാവികളും പ്രധാന കാബിനറ്റ് മന്ത്രിമാരും പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്താണ് ഇത്തരം യോഗങ്ങള്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള തന്റെ സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച രാവിലെ ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി. തിരിച്ചെത്തിയതിനുശേഷം അദ്ദേഹത്തിമന്റെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ (സിസിഎസ്) ഉന്നതതല യോഗം ചേര്‍ന്നു.

ഭീകരാക്രമണത്തിന്റെ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങള്‍ പുറത്തുകൊണ്ടുവന്നതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 'കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് വിജയകരമായി നടത്തുകയും സാമ്പത്തിക വളര്‍ച്ചയിലേക്കും വികസനത്തിലേക്കും സ്ഥിരമായി പുരോഗമിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നതെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതും അട്ടാരി അതിര്‍ത്തിയിലെ സംയോജിത ചെക്ക് പോസ്റ്റ് അടച്ചതിനും പുറമെ സാര്‍ക്ക് വിസ ഇളവ് പദ്ധതി (എസ്‌വിഇഎസ്) വിസകള്‍ പ്രകാരം പാകിസ്ഥാന്‍ പൗരന്മാരെ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇന്ത്യ പ്രഖ്യാപിച്ചു. ഈ വിസയിലുള്ള ഏതൊരു പാകിസ്ഥാന്‍ പൗരനും 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.

കൂടാതെ, ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ എല്ലാ പ്രതിരോധ ഉപദേഷ്ടാക്കളെയും പേഴ്‌സണ നോണ്‍ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു, അവര്‍ക്ക് രാജ്യം വിടാന്‍ ഒരാഴ്ചത്തെ സമയം നല്‍കി. മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഹൈക്കമ്മീഷനുകളുടെ ആകെ എണ്ണം നിലവിലുള്ള 55 ല്‍ നിന്ന് 30 ആയി കുറയ്ക്കും.

പഹല്‍ഗാമിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം, നിരോധിത പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ഇതൊയ്ബയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) ഏറ്റെടുത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.