വിനോദ സഞ്ചാരികളെ രക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട പോണിവാലയുടെ ഖബര്‍ സന്ദര്‍ശിച്ച് കശ്മീര്‍ മുഖ്യമന്ത്രി

വിനോദ സഞ്ചാരികളെ രക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട പോണിവാലയുടെ ഖബര്‍ സന്ദര്‍ശിച്ച് കശ്മീര്‍ മുഖ്യമന്ത്രി


പഹല്‍ഗാം: വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ തീവ്രവാദികളില്‍ നിന്ന് തോക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട 'പോണിവാല'യെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഭിനന്ദിച്ചു. തീവ്രവാദികളില്‍ നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പഹല്‍ഗാമിലെ ഹപത്‌നാര്‍ഡ് ഗ്രാമത്തിലെ 30കാരനായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ കൊല്ലപ്പെട്ടത്. പോണിവാലയ്ക്ക് വേണ്ടി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബുധനാഴ്ച പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു. 

മുഖ്യമന്ത്രിക്കു പുറമേ നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തിന് കണ്ണീരോടെ വിട നല്‍കുകയും ത്യാഗത്തെ പ്രശംസിക്കുകയും ചെയ്തു. 

സയ്യിദ് ആദില്‍ ഹുസൈന്‍ ഷായെ തീവ്രവാദികള്‍ മൂന്നു തവണയാണ് വെടിവെച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സയ്യിദ് നൗഷാദ് പറഞ്ഞു. 

'അദ്ദേഹം വിനോദസഞ്ചാരികളെ ബൈസരനിലേക്ക് പോണി റൈഡുകളില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച, തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിച്ചപ്പോള്‍ എന്റെ സഹോദരന്‍ അവരെ തടയാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ട ഒരു വിനോദസഞ്ചാരി എസ് എം എച്ച് എസ് ആശുപത്രിയില്‍ എന്റെ സഹോദരന്റെ വീരകൃത്യത്തെക്കുറിച്ച് എന്നോട് പറഞ്ഞു'- അദ്ദേഹം വ്യക്തമാക്കി. 

ആയുധധാരികളായ അക്രമികള്‍ക്കെതിരെ നിലകൊള്ളാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെ ഒമര്‍ അബ്ദുള്ള പ്രശംസിച്ചു. ''പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ബൈസരന്‍ പുല്‍മേടിലേക്ക് കുതിരപ്പുറത്ത് പോവുകയായിരുന്ന വിനോദസഞ്ചാരികളെ സംരക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടെ തീവ്രവാദികളില്‍ ഒരാളില്‍ നിന്ന് ആയുധം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച ധീരനായ ഷായ്ക്ക് വേണ്ടി 'ഫാത്തിഹ' (ഖുര്‍ആനിലെ ആദ്യ അധ്യായം) പാരായണം ചെയ്ത് അര്‍പ്പിക്കാന്‍ ഞാന്‍ ഇന്ന് പഹല്‍ഗാമില്‍ എത്തി'' എന്നാണ് ഒമര്‍ അബ്ദുല്ല തന്റെ ഔദ്യോഗിക എക്‌സില്‍ എഴുതിയത്. 

'ദുഃഖിതരായ അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടുമുട്ടി പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി. ആദില്‍ ഷാ ആയിരുന്നു ഏക ആശ്രയം. അദ്ദേഹത്തിന്റെ അസാധാരണമായ ധൈര്യവും ത്യാഗവും എന്നെന്നും ഓര്‍മ്മിക്കപ്പെടും.'' പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഷായുടെ ശവസംസ്‌കാര പ്രാര്‍ഥനകള്‍ക്ക് നാട്ടുകാരനായ ഗുലാം ഹസ്സന്‍ നേതൃത്വം നല്‍കി. അദ്ദേഹം പോണി റൈഡ് ഓപ്പറേറ്ററുടെ ത്യാഗത്തെ പ്രശംസിച്ചു. 'വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ സഹോദരനെ നമ്മള്‍ അഭിവാദ്യം ചെയ്യുന്നു. അല്ലാഹു അദ്ദേഹത്തിന് തന്റെ പ്രവൃത്തികള്‍ക്ക് പ്രതിഫലം നല്‍കട്ടെ. നമ്മുടെ പ്രിയപ്പെട്ടവര്‍ ഇങ്ങനെ മരിക്കുന്നത് ആരും കാണരുതെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു,' ശവസംസ്‌കാരത്തിന് മുമ്പുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

'സിഖുകാരായാലും പണ്ഡിറ്റായാലും മുസ്ലീമായാലും മറ്റുള്ളവര്‍ക്കുവേണ്ടി മരിക്കാന്‍ നാം എപ്പോഴും തയ്യാറായിരിക്കണം. അതാണ് നമ്മുടെ മതം നമ്മെ പഠിപ്പിക്കുന്നത്,' ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.