ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ആരോപണം ശക്തമാക്കി ഇന്ത്യ തിരിച്ചടികള്‍ ആരംഭിച്ചു. സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെ പാകിസ്താനെതിരെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാ സമിതി യോഗം തീരുമാനിച്ചു.
അട്ടാരിയിലെ ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തി പൂര്‍ണമായും അടച്ചതിന് പുറമേ നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാകിസ്താന്‍ പൗരന്മാരുടേയും വിസയും റദ്ദാക്കി. പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന അന്ത്യശാസനം നല്‍കി. പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇനി വിസ അനുവദിക്കില്ലെന്ന തീരുമാനവും എടുത്തിട്ടുണ്ട്.
സാര്‍ക് വിസ എക്സ്റ്റന്‍ഷന്‍ സ്‌കീം പ്രകാരം വിസ ലഭിച്ച എല്ലാ പാകിസ്താനികളുടേുയം വിസ റദ്ദാക്കിയതിന് പുറമേ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ ഒരാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ള പാകിസ്താന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനിച്ചു.
പാകിസ്താന്‍ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിന് പുറമേ പാകിസ്താനിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്യും.
സുരക്ഷാ സമിതി യോഗം രണ്ടര മണിക്കൂറോളം ചേര്‍ന്നാണ് തീരുമാനങ്ങള്‍ സ്വീകരിച്ചത്.