അലാസ്‌കയ്ക്കും കാനഡയിലെ യൂക്കണ്‍ പ്രദേശത്തിനു ഇടയിലെ ജനവാസം കുറഞ്ഞ മലയോരപ്രദേശത്ത് 7.0 തീവ്രതയുള്ള ശക്തമായ ഭൂകമ്പംഉണ്ടായതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. ജൂനോയില്‍ നിന്ന് ഏകദേശം 370 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറും, യൂക്കണിലെ വൈറ്റ്‌ഹോഴ്‌സില്‍ നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറുമാണ് ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു രേഖപ്പെടുത്തിയിരിക്കുന്നത്.
വൈറ്റ്‌ഹോഴ്‌സില്‍ ചെറിയ തോതില്‍ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് 911 കോളുകള്‍ പൊലീസ് സ്വീകരിച്ചതായി റോയല്‍ കാനേഡിയന്‍ മൗണ്ടഡ് പൊലീസിലെ സര്‍ജന്റ് കാലിസ്റ്റ മക്ലിയോഡ് പറഞ്ഞു. 'അടുത്തുള്ള പ്രദേശം കഠിനമായ മലയോരഭൂപ്രകൃതിയുള്ളതും വളരെ കുറച്ച് ജനസംഖ്യയുള്ളതുമാണ്,' എന്ന് കാനഡയുടെ നാചുറല്‍ റിസോഴ്‌സസിലെ സീസ്‌മോളജിസ്റ്റ് അലിസണ്‍ ബേര്‍ഡ് വ്യക്തമാക്കി. ചില വീടുകളില്‍ ഷെല്‍ഫുകളില്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ വീണുവെന്ന വിവരം ഒഴിച്ചാല്‍ സാരമായ ഘടനാ നാശനഷ്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഏകദേശം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. പിന്നാലെ ഒരുകൂട്ടം ലഘുതീവ്രമായ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. ശക്തമായ കുലുക്കം ഉണ്ടായിട്ടും സുനാമി ഭീഷണി ഇല്ലെന്ന് പസഫിക് സുനാമി വാര്‍ണിങ് സെന്ററും നാഷണല്‍ വെതര്‍ സര്‍വീസും സ്ഥിരീകരിച്ചു.
അലാസ്‌ക-യൂക്കണ്‍ അതിര്‍ത്തിയില്‍ 7.0 തീവ്രതയുള്ള ഭൂകമ്പം; നാശനഷ്ടം കുറവ്, സുനാമി ഭീഷണി ഇല്ല
