യു എസിലെ വെക്കേഷന്‍ ഹോമുകള്‍ വിറ്റൊഴിവാക്കുന്ന കാനഡക്കാരുടെ എണ്ണം വര്‍ധിക്കുന്നു

യു എസിലെ വെക്കേഷന്‍ ഹോമുകള്‍ വിറ്റൊഴിവാക്കുന്ന കാനഡക്കാരുടെ എണ്ണം വര്‍ധിക്കുന്നു


ടൊറന്റോ: യു എസിലെ തങ്ങളുടെ വെക്കേഷന്‍ ഹോമുകളില്‍ അവധിക്കാലം ചെലവഴിക്കുന്ന കനേഡിയന്‍മാരില്‍ ആശങ്ക പെരുകുന്നു. ജനുവരി മുതലാണ് യു എസിലെ താമസം കാനഡക്കാരില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിത്തുടങ്ങിയത്. 

കഴിഞ്ഞ വര്‍ഷം കനേഡിയന്‍ ഡോളറിന്റെ ഇടിവ് വെക്കേഷന്‍ ഹോമുകള്‍ നിലനിര്‍ത്തുന്നത് ചെലവേറിയതാക്കിയിരുന്നു. പിന്നാലെ ട്രംപ് ഭരണകൂടം കാനഡയില്‍ പുതിയ താരിഫുകള്‍ പ്രഖ്യാപിക്കുകയും യു എസില്‍ സ്വത്ത് കൈവശം വച്ചിരിക്കുന്ന കാനഡക്കാരെ യു എസ് സര്‍ക്കാര്‍ ശിക്ഷിച്ചേക്കുമെന്ന പ്രചരണം ആശങ്കയിലാക്കുകയും ചെയ്തു. കാനഡയെ 51-ാമത്തെ സംസ്ഥാനമായി ട്രംപ് ആവര്‍ത്തിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 

പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നതനുസരിച്ച് നിരവധി കനേഡിയന്‍മാര്‍ തങ്ങളുടെ യു എസ് വെക്കേഷന്‍ ഹോമുകള്‍ ഉപേക്ഷിക്കുകയും ഫ്‌ളോറിഡ, അരിസോണ പോലുള്ള ജനപ്രിയ സ്‌നോബേര്‍ഡ് സ്ഥലങ്ങളില്‍ പതിറ്റാണ്ടുകളായി അവര്‍ സ്വന്തമാക്കിയിരുന്ന സ്വത്തുക്കള്‍ വില്‍ക്കുകയും ചെയ്യുകയാണ്. 

ഇങ്ങനെ ഒഴിവാക്കുന്നതിന്റെ ഒരു ഘടകം സാമ്പത്തികശാസ്ത്രമാണ്. സമീപ മാസങ്ങളില്‍ കനേഡിയന്‍ ഡോളര്‍ യു എസ് ഡോളറിനെതിരെ ദുര്‍ബലമായി. ഈ വര്‍ഷം ആദ്യം 22 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് യു എസില്‍ ഹോം ഓണര്‍ അസോസിയേഷന്‍ (എച്ച് ഒ എ) ഫീസ്, ഇന്‍ഷുറന്‍സ്, പ്രോപ്പര്‍ട്ടി നികുതി എന്നിവ അടയ്ക്കുന്നത് കനേഡിയന്‍മാര്‍ക്ക് കൂടുതല്‍ ചെലവേറിയതാക്കി. മറുവശത്ത്, യു എസ് ഡോളറില്‍ അവരുടെ വീടുകള്‍ വില്‍ക്കുന്നത് കൂടുതല്‍ അനുഗ്രഹമായിരുന്നു. ജനപ്രിയ വിന്റര്‍ എസ്‌കേപ്പുകളിലെ പ്രോപ്പര്‍ട്ടി മൂല്യങ്ങള്‍ ഗണ്യമായി ഉയരുകയും ചെയ്തിരുന്നു. 

വില്‍പ്പനയ്ക്കുള്ള സാമ്പത്തിക വാദങ്ങള്‍ മാസങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പലരേയും വേഗത്തില്‍ വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. പ്രസിഡന്റ് ട്രംപ് കാനഡയില്‍ നിന്നുള്ള ചില സാധനങ്ങള്‍ക്ക് 25 ശതമാനം താരിഫ് നടപ്പാക്കിയതും കാനഡ പിടിച്ചെടുക്കുന്നതിനെ കുറിച്ച് പലപ്പോഴും സൂചിപ്പിച്ചിക്കുകയും ചെയ്യുന്നുണ്ട്. ഊര്‍ജ്ജ ഉത്പന്നങ്ങള്‍ക്കും പൊട്ടാഷിനും ഒഴികെ മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി താരിഫ് മാര്‍ച്ച് 4 മുതല്‍ പ്രാബല്യത്തില്‍ വന്നു. താരിഫുകള്‍ കാനഡയെ മാന്ദ്യത്തിന്റെ വക്കിലേക്കാണ് തള്ളിവിട്ടത്. തങ്ങളുടെ ക്ലയന്റുകള്‍ കൂടുതല്‍ സ്വാഗതം ചെയ്യപ്പെടാത്തതായി തോന്നുന്നതായും കനേഡിയന്‍മാരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ നികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നതായും ബ്രോക്കര്‍മാര്‍ പറയുന്നു. 30 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പുതിയ നിയമം പോലുള്ള മറ്റ് നടപടികള്‍ ഭാവിയിലെ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്ന് ഏജന്റുമാര്‍ പറയുന്നു.

ജനുവരി മുതല്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടി കനേഡിയന്‍ ക്ലയന്റുകള്‍ അവരുടെ വീടുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പ്രദേശത്ത് വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍മാരുടെ എണ്ണത്തില്‍ കുത്തനെ ഇടിവുമുണ്ടായിട്ടുണ്ട്.

യു എസിലെ വിദേശ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നവരില്‍ ഏറ്റവും വലിയ പങ്ക് കനേഡിയന്‍മാരുടേതായതിനു ശേഷമുള്ള വലിയ മാറ്റമാണിത്. 2010 മുതല്‍ 2013 വരെയുള്ള വിദേശ വാങ്ങലുകളില്‍ ശരാശരി 23 ശതമാനം അവര്‍ കൈവശപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 13 ശതമാനം ആയിരുന്നുവെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍റ്റേഴ്സ് പറയുന്നു.

യു എസിലെ വീടുകള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍മാരില്‍ നിന്ന് ഇത്രയധികം താത്പര്യം ഒരിക്കലും കണ്ടിട്ടില്ലെന്ന് പല റിയല്‍റ്റേഴ്സും പറയുന്നു. സാധാരണയായി അവരില്‍ ചിലര്‍ക്ക് ആഴ്ചയില്‍ രണ്ട് കനേഡിയന്‍ ക്ലയന്റുകളില്‍ നിന്ന് കോളുകള്‍ ലഭിക്കാറുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളായി അത് ആഴ്ചയില്‍ 20 മുതല്‍ 30 വരെ ആയി വര്‍ധിച്ചു.

ഗ്രേറ്റര്‍ ഫീനിക്‌സ് പ്രദേശത്ത് തങ്ങളുടെ സ്വത്ത് വില്‍ക്കുന്ന കനേഡിയന്‍മാരില്‍ നാടകീയമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ അത്തരം ലിസ്റ്റിംഗുകള്‍ ഏകദേശം 700 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് ഏകദേശം 100 ആയിരുന്നു. ആ കാലയളവില്‍ അരിസോണയില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്ന കനേഡിയന്‍മാരുടെ എണ്ണത്തിലും 40 ശതമാനം കുറവുണ്ടായി.

എക്‌സ്‌ചേഞ്ച് നിരക്കിലെ മാറ്റമാണ് വില്‍പ്പന നടക്കുന്നതെങ്കിലും യു എസ് പ്രസിഡന്റിന്റെ പിടിച്ചെടുക്കല്‍ സംബന്ധിച്ച ചിന്തകളും താരിഫ് നയത്തിലെ നാടകീയമായ മാറ്റവും വില്‍ക്കാന്‍ ചിന്തിക്കുന്ന ആളുകളെ അതിലേക്ക് തള്ളിവിട്ടു. മാര്‍ച്ചില്‍ ട്രംപ് ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് കാനഡ ഒരു സംസ്ഥാനമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും അവര്‍ക്ക് ഉള്ളതൊന്നും തങ്ങള്‍ക്ക് ആവശ്യമില്ലെന്നുമായിരുന്നു. ദൃശ്യപരമായി ഏറ്റവും അവിശ്വസനീയമായ രാജ്യമാണ് കാനഡയെന്നും മാപ്പ് നോക്കിയാല്‍ കാനഡയ്ക്കും യു എസിനും ഇടയില്‍ അവര്‍ ഒരു കൃത്രിമ രേഖ വരച്ചതാണെന്നുമാണ്. ഇതുപോലുള്ള സംസാരങ്ങള്‍ പല കനേഡിയന്‍മാരെയും അവരുടെ യു എസ് വീടുകള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ചു.

വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ ആയി ഒരുമിച്ച് താമസിച്ചിരുന്ന അയല്‍ക്കാരുടെ പരിഹാസം സഹിക്കാന്‍ പല കനേഡിയന്‍മാര്‍ക്കും ബുദ്ധിമുട്ടായിരുന്നു. തങ്ങളുടെ രാജ്യം ഒരു യു എസ്  സംസ്ഥാനമായി മാറുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് പരിചയമുള്ള ആളുകള്‍ തമാശ പറഞ്ഞപ്പോള്‍ പലരും ശരിക്കും ദേഷ്യപ്പെട്ടു.

അതിര്‍ത്തിയുടെ മറുവശത്ത് സമീപ വര്‍ഷങ്ങളില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വീട് വാങ്ങുന്നവര്‍ക്കെതിരെ കാനഡ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ഭവന ചെലവുകള്‍ കുറയ്ക്കുന്നതിന് 2023 മുതല്‍ കാനഡക്കാരല്ലാത്തവര്‍ അവിടെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ജനസാന്ദ്രത തീരെ കുറഞ്ഞ പ്രദേശങ്ങളെ മാത്രമാണ് ഇതില്‍ നിന്നും ഒഴിവാക്കിയത്. വര്‍ഷത്തിലെ ഭൂരിപക്ഷം ദിവസങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന വിദേശ ഉടമസ്ഥതയിലുള്ള വീടുകള്‍ ലക്ഷ്യമിടുന്നതിന് രാജ്യം ഉപയോഗശൂന്യമായ ഭവന നികുതിയും സ്വീകരിച്ചു.

അരിസോണയില്‍ ഹോംസ്മാര്‍ട്ടിന്റെ ഏജന്റായ സിംബലുക്കിന്റെ നികുതി ഡേറ്റയുടെ വിശകലനം അനുസരിച്ച് അരിസോണയില്‍ ഏകദേശം 20,000 റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ കനേഡിയന്‍മാരുടേതാണ്. സംസ്ഥാനത്തെ വിദേശികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ 90 ശതമാനത്തിലധികവും ഇതില്‍ ഉള്‍പ്പെടുന്നു. 2024ല്‍ ഫ്‌ളോറിഡയില്‍ വിദേശികള്‍ നടത്തിയ റെസിഡന്‍ഷ്യല്‍ വാങ്ങലുകളുടെ എണ്ണത്തില്‍ 17 ശതമാനം കനേഡിയന്‍മാരായിരുന്നു. ട്രേഡ് അസോസിയേഷനായ ഫ്‌ളോറിഡ റിയല്‍റ്റേഴ്സിന്റെ കണക്കനുസരിച്ച് വിദേശ വാങ്ങലുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കനേഡിയന്‍മാരായിരുന്നു.

യു എസിലെ വെക്കേഷന്‍ ഹോമുകള്‍ വിറ്റൊഴിവാക്കുന്ന കാനഡക്കാരുടെ എണ്ണം വര്‍ധിക്കുന്നു