ടൊറന്റോ: കാനഡയുടെ പ്രധാനമന്ത്രിയായി ട്രൂഡോയ്ക്ക് പകരം വരാന്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രംഗത്തിറങ്ങുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ 'എല്ലാറ്റിന്റെയും മന്ത്രി' ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ ഭീഷണിപ്പെടുത്തുന്നതിനാല്‍ പോരാടേണ്ട സമയമാണിതെന്ന് അവര്‍ തന്റെ എക്‌സ് പോസ്റ്റില്‍ ഊന്നിപ്പറഞ്ഞു.
ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ട്രൂഡോ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ക്രിസ്റ്റിയയുടെ പ്രഖ്യാപനം. ട്രൂഡോ രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള സൂചനയും നല്‍കിയിരുന്നു.
ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ട്രൂഡോ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
മുന്‍ പത്രപ്രവര്‍ത്തകയും മുതിര്‍ന്ന സര്‍ക്കാര്‍ മന്ത്രിയുമായി മാറിയ 56കാരി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ഹാര്‍വാര്‍ഡിലും ഓക്‌സ്‌ഫോര്‍ഡിലുമാണ് പഠനം നടത്തിയത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഗോളതലത്തില്‍ സഞ്ചരിച്ച പത്രപ്രവര്‍ത്തകയായിരുന്നു അവര്‍.
പിന്നീട്, റഷ്യയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയിരുന്നു. തലമുറകളായി കനേഡിയന്‍ വിശാല ഭൂമികളില്‍ ഭൂരിഭാഗവും സ്ഥിരതാമസമാക്കിയതും കൃഷി ചെയ്തതുമായ യുക്രേനിയന്‍ പ്രവാസികളില്‍ നിന്നുള്ള ഫ്രീലാന്‍ഡ്, റഷ്യയുടെ പൂര്‍ണ്ണ അധിനിവേശത്തിനുശേഷം കീവിന്റെ കടുത്ത പിന്തുണക്കാരിയായി രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാലും ഫ്രീലാന്‍ഡ് യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ പിന്തുണയ്ക്കുന്നത് തുടരും.
2013-ലാണ് ട്രൂഡോ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ചേരാന്‍ ഫ്രീലാന്‍ഡിനോട് ആവശ്യപ്പെട്ടത്. പിന്നീട് ടൊറന്റോയില്‍ സീറ്റ് നേടിയ ശേഷം ഫ്രീലാന്‍ഡിനെ ട്രൂഡോ സര്‍ക്കാരില്‍ മികവുറ്റ മന്ത്രി സ്ഥാനങ്ങളിലേക്ക് വേഗത്തില്‍ ഉയര്‍ത്തി.
ധനമന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് കാനഡയില്‍ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഉപപ്രധാനമന്ത്രിയായും അന്തര്‍ സര്‍ക്കാര്‍കാര്യ മന്ത്രിയായും അവര്‍ നിയമിക്കപ്പെട്ടു.
യു എസ് താരിഫുകളുടെ ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ട്രൂഡോയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കഴിഞ്ഞ മാസം ഫ്രീലാന്‍ഡിന്റെ രാജിയിലേക്ക് നയിച്ചത്.
വരാനിരിക്കുന്ന ട്രംപ് ഭരണകൂടവും അവരുടെ താരിഫ് ഭീഷണികളും കാനഡയ്ക്ക് ഗുരുതരമായ വെല്ലുവിളികളാമെന്ന് അവര്‍ രാജിവെക്കുമ്പോള്‍ ഊന്നിപ്പറഞ്ഞിരുന്നു.
ഫ്രീലാന്റിന്റെ പെരുമാറ്റം 'തികച്ചും വിഷലിപ്തമാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് അവരുടെ രാജിക്ക് മറുപടി നല്‍കിയത്. കാനഡയിലെ വളരെ അസന്തുഷ്ടരായ പൗരന്മാര്‍ക്ക് നല്ല ഇടപാടുകള്‍ നടത്താന്‍ ഇത് ഒട്ടും സഹായകരമല്ലെന്നും ട്രൂഡോ പറഞ്ഞു.
യു എസ്- കാനഡ വ്യാപാര യുദ്ധത്തെ അഭിമുഖീകരിക്കുന്നതിനാല്‍ ട്രംപുമായുള്ള ഫ്രീലാന്‍ഡിനുള്ള ബന്ധം കാനഡയില്‍ അവരുടെ സ്ഥാനാര്‍ഥിത്വത്തെ എങ്ങനെ സഹായിക്കുമെന്നോ ദോഷകരമായി ബാധിക്കുമെന്നോ ഇപ്പോഴും വ്യക്തമല്ല.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായിരിക്കും ഫ്രീലാന്‍ഡ്.