ന്യൂഡല്‍ഹി: റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിലവില്‍ 16 പേര്‍ കൂടി റഷ്യന്‍ പട്ടാളത്തില്‍ തുടരുന്നുണ്ടെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്.
യുദ്ധത്തില്‍ പരുക്കേറ്റ മലയാളി മോസ്‌കോയില്‍ ചികിത്സയില്‍ തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ 96 പേരെയാണ് തിരിച്ചെത്തിച്ചത്. റഷ്യയിലുണ്ടായ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയായ ബിനില്‍ ബാബു കൊല്ലപ്പെട്ടിരുന്നു.
ബിനിലിന്റെ ബന്ധു കൂടിയായ ജയിന്‍ കുര്യനും ഷെല്ലാക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. റിക്രൂട്ടിങ് ചതിയിലൂടെയാണ് ഇരുവരും റഷ്യന്‍ പട്ടാളത്തിലെത്തിയതെന്നാണ് കരുതുന്നത്.