തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുണ്ടായ ഇന്‍സ്റ്റാഗ്രാം റീല്‍ മലയാളിയുടേത്. 554 മില്യണിന് മുകളിലാണ് വ്യൂസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫ്രീസ്‌റ്റൈല്‍ ഫുട്ബാള്‍ കളിക്കാരന്‍ മുഹമ്മദ് റിസ് വാന്‍ ദൂരെ നിന്നും കിക്ക് ചെയ്യുന്ന പന്ത് വെള്ളച്ചാട്ടത്തിലെ പാറകള്‍ക്കിടയിലൂടെ കടന്നു പോകുന്നതായിരുന്നു വീഡിയോ ദൃശ്യം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഈ റീലിന്റെ കാ്‌ഴ്ചക്കാരുടെ എണ്ണമെടുത്താല്‍ ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ജനസംഖ്യ ചേര്‍ത്താല്‍ അതിലേറെ വരും.
2023 നവംബറിലാണ് ഈ റീല്‍ പോസ്റ്റ് ചെയ്തത്. മലപ്പുറത്തെ കേരളംകുണ്ട് വെള്ളച്ചാട്ടത്തിലാണ് റിസ്‌വാന്‍ പന്ത് അടിച്ചകറ്റിയത്. ഈ അത്ഭുത നിമിഷം റിസ്‌വാനും അവിശ്വസനീയമായിരുന്നു. ''ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ഒരു പൊടിക്കൈ പ്രയോഗം മാത്രമായിരുന്നു അത്. 10 മിനിറ്റിനുള്ളില്‍ രണ്ടു ലക്ഷം പേര്‍ കണ്ട വീഡിയോ ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും ഇത് ഒരു മില്യണിലേക്ക് എത്തി'' എന്നാണ് റിസ്‌വാന്‍ പറഞ്ഞത്.
പിന്നീടുണ്ടായ ചരിത്രം റീല്‍ അതീവ ജനപ്രീതി നേടുന്നതാണ്. 92 ലക്ഷം ലൈക്കുകളും 42,000-ലധികം കമന്റുകളും നേടിയ റീലിനെ ഫുട്‌ബോള്‍ പ്രേമികളും സാധാരണ പ്രേക്ഷകരും ഒരുപോലെ അഭിനന്ദിച്ചു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ അംഗീകാരം ജനുവരി എട്ടിനാണ് റിസ്‌വാനെ തേടി എത്തിയത്. ലോക റെക്കോര്‍ഡിന്റെ സന്തോഷം പങ്കുവെച്ച് റിസ്‌വാന്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തു. വെള്ളച്ചാട്ടത്തിന് സമീപം ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ഒരു ഫുട്ബാളും കൈയില്‍ പിടിച്ച് നില്‍ക്കുന്നതായിരുന്നു വീഡിയോ. പിന്തുണച്ചവര്‍ക്കെല്ലാം റിസ്‌വാന്‍ നന്ദി രേഖപ്പെടുത്തി.
21 വയസ്സുമാത്രം പ്രായമുള്ള റിസ്‌വാന്‍ ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളിലെ നിരവധി കഴിവുകള്‍ പ്രകടമാക്കുന്ന റീലുകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഫുട്ബാള്‍ മാത്രമല്ല മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചും റിസ്‌വാന്‍ പ്രകടനം കാഴ്ചവെക്കാറുണ്ട്