ഇറാനും റഷ്യയും ആണവ നിലയ കരാറില്‍ ഒപ്പുവച്ചു

ഇറാനും റഷ്യയും ആണവ നിലയ കരാറില്‍ ഒപ്പുവച്ചു


മോസ്‌കോ: ഇരുപത് വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്ത ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതിന് മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മോസ്‌കോയില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാനുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമായതിനാല്‍ കരാര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്.  ജൂലൈയില്‍ അധികാരമേറ്റതിനുശേഷം പെഷേഷ്‌കിയന്റെ റഷ്യയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്.

വളരെക്കാലമായി തങ്ങള്‍ ഇതിനായി പ്രവര്‍ത്തിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് വ്യാപാര, സാമ്പത്തിക ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ ആണവ നിലയം നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഇരു രാജ്യങ്ങളും അന്തിമമാക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി പുടിന്‍ യോഗത്തിന് മുമ്പ് പറഞ്ഞു.

ഇറാന്റെ ആദ്യത്തെ ആണവ നിലയം റഷ്യയാണ് നിര്‍മ്മിച്ചത്. 2013ലാണ് ഇത് പ്രവര്‍ത്തനക്ഷമമായത്. രണ്ട് അധിക റിയാക്ടറുകള്‍ക്കുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. 

ഇറാന്‍ റഷ്യയുടെ ഒരു പ്രധാന പങ്കാളിയാണെന്ന് ക്രെംലിന്‍ നേരത്തെ പറഞ്ഞിരുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഉത്തരകൊറിയ ഉള്‍പ്പെടെ അമേരിക്ക എതിരാളികളായി കണക്കാക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം റഷ്യ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മിന്‍സ്‌ക്, പ്യോങ്യാങ് എന്നിവയുമായി റഷ്യ പരസ്പര പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും മോസ്‌കോയും ഇറാനും തമ്മില്‍ സമാനമായ കരാറുണ്ടായിരുന്നില്ല.