കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ അറസ്റ്റിലായത് ഇന്ത്യയില്‍

കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ അറസ്റ്റിലായത് ഇന്ത്യയില്‍


ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ അറസ്റ്റിലായത് ഇന്ത്യയില്‍. ജനുവരി 15ന് പ്രസിദ്ധീകരിച്ച വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ക്രൈസ്തവ പീഡനം നേരിടുന്ന ആദ്യ 13 രാജ്യങ്ങളില്‍ 11-ാം സ്ഥാനത്താണ് ഇന്ത്യ. 

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യപ്പെട്ടത് 2176 ക്രൈസ്തവരാണെന്ന് കണക്കുകള്‍ പറയുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്ന രാജ്യം റുവാണ്ടയാണ്. ഇവിടെ ഭീകരാക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടത് നാലായിരം ക്രിസ്ത്യന്‍ പള്ളികളും കെട്ടിടങ്ങളുമാണെന്ന് റിപ്പോര്‍ട്ട് തുടരുന്നു.

2024-ല്‍ 100ഓളം രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ പീഡനം 'സമ്പൂര്‍ണമായി' വര്‍ധിച്ചു കൊണ്ടിരിക്കുന്നതായും 13 രാജ്യങ്ങളില്‍ ക്രൈസ്തവ പീഡനം അതിന്റെ തീവ്രമായ തലത്തിലാണെന്നും വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കടുത്ത പീഡനങ്ങളുള്ള രാജ്യങ്ങളില്‍ ഉത്തര കൊറിയ (96 പോയിന്റ്), സൊമാലിയ (93 പോയിന്റ്), ലിബിയ (91), എറിത്രിയ (89), യെമന്‍ (89), നൈജീരിയ (88), പാകിസ്ഥാന്‍ (87), സുഡാന്‍ (87), ഇറാന്‍ (86), അഫ്ഗാനിസ്ഥാന്‍ (84) എന്നിവയാണ് ഇന്ത്യക്ക് മുമ്പിലുള്ള രാജ്യങ്ങള്‍.

അതി തീവ്ര ക്രൈസ്തവ വിരുദ്ധ രാജ്യങ്ങളില്‍ 11-ാം സ്ഥാനമുള്ള ഇന്ത്യ ആഗോളതലത്തില്‍ അഫ്ഗാനിസ്ഥാന്റെ തൊട്ടുപിറകിലാണ് ഇടം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നൈജീരിയയില്‍ 3,100 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 2,830 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായും ക്രൈസ്തവ വംശഹത്യയ്‌ക്കെതിരെ വാദിക്കുന്ന ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. 

ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ കുറഞ്ഞ രാജ്യം ഇന്തോനേഷ്യയാണ്. കഴിഞ്ഞ വര്‍ഷം 34-ാം സ്ഥാനത്തുണ്ടായിരുന്ന കൊളംബിയ ഈ വര്‍ഷം 46-ാം സ്ഥാനത്താിയ. കൊളംബിയയില്‍ ക്രിസ്ത്യാനികളുടെ കൊലപാതകങ്ങളില്‍ കുറവുണ്ടായി. 

നിക്കരാഗ്വ 30-ാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും അക്രമത്തില്‍ താരതമ്യേന കുറവാണ് രേഖപ്പെടുത്തിയത്. 

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദികള്‍ എല്ലാ ക്രിസ്ത്യാനികളേയും പുറത്തുനിന്നുള്ളവരായാണ് കാണുന്നത്. ഇതുപറഞ്ഞാണ് പലപ്പോഴും അവര്‍ ആക്രമണത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യക്കാര്‍ ഹിന്ദുക്കളായിരിക്കണമെന്നും മറ്റു മതക്കാരെ അനുവദിക്കില്ലെന്നുമുള്ള തീവ്രവാദികളുടെ ദേശീയവാദ വിശ്വാസത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തുന്നത്. രാജ്യത്തുടനീളം ആക്രമണങ്ങള്‍ നടത്തുന്നതിനോടൊപ്പം അവ ചെയ്യുന്ന കുറ്റവാളികളെ ശിക്ഷിക്കാതിരിക്കുന്നതും പതിവായിട്ടുണ്ട്. ഭരണത്തില്‍ ഹിന്ദു തീവ്രവാദികളുള്ള ഇടങ്ങളില്‍ പള്ളികളില്‍ പോകുന്ന ക്രിസ്ത്യാനികളും വീടുകളില്‍ ആരാധന നിര്‍വഹിക്കുന്നവരും ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇതോടൊപ്പം 12 സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ പാസ്സാക്കിയത് വ്യക്തിഗത വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. 

ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഘര്‍വാപസി പോലുള്ള പുനഃപരിവര്‍ത്തന പ്രചരണങ്ങള്‍ നടത്തുകയും കുടുംബങ്ങളേയും സമൂഹത്തേയും ഉപയോഗിച്ച് ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം മതം മാറുന്നവര്‍ ശാരീരിക ആക്രമണങ്ങള്‍ക്കും ഇരയാകുകയും ചില സന്ദര്‍ഭങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. 

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ആദിവാസി ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കുകയും മതം മാറുന്ന ആദിവാസികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കാന്‍ ഹിന്ദു തീവ്രവാദികള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെ ഡിലിസ്റ്റിംഗ് കാംപയിന്‍ അവതരിപ്പിക്കുകയും ചെയ്തു. 

2024 മധ്യത്തില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റെങ്കിലും ബി ജെ പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ മതസ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം കെട്ടിപ്പടുക്കാന്‍ നിര്‍ബന്ധിതമായതായി ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ലോകം ശ്വാസമടക്കിയാണ് നിരീക്ഷിച്ചതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 

ദേശീയ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം തുടര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 മുതല്‍ വംശീയ മത സംഘര്‍ഷത്തിന് വേദിയായ മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഉള്‍പ്പെടെ അക്രമം തുടരുകയാണ്. ഹിന്ദു ദേശീയ പാര്‍ട്ടികളാണ് നിയമനിര്‍മാണ സഭകളെ നിയന്ത്രിക്കുന്നതെങ്കില്‍ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇന്ത്യയിലെ സഭയെ ശക്തിപ്പെടുത്താന്‍ ഓപ്പണ്‍ ഡോര്‍സിന്റെ പ്രാദേശിക പങ്കാളികള്‍ അടിയന്തര സഹായവും പീഡന അതിജീവന പരിശീലനവും ഉപജീവന മാര്‍ഗ്ഗങ്ങളും സമൂഹ വികസന പദ്ധതികളും ബൈബിളുകളും നല്‍കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ദൈവത്തെ സ്തുതിക്കുകയും ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ സഖ്യസര്‍ക്കാരിനെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും മതപരിവര്‍ത്തന നിരോധന നിയമപ്രകാരം വ്യാജമായി ആരോപിക്കപ്പെടുന്ന സഭാ നേതാക്കളോടൊപ്പം പ്രാര്‍ഥിക്കുകയും ആക്രമണത്തില്‍ നിന്നും തടവില്‍ നിന്നും അവരെ സംരക്ഷിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുകയെന്ന് പറയുന്ന ഓപ്പണ്‍ ഡോര്‍സ് ഇന്ത്യക്കായി പ്രാര്‍ഥിക്കാനുള്ള വാചകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.