അടയാളപ്പെടുത്താത്ത ശവക്കുഴികള്‍: അഞ്ച് വര്‍ഷം പിന്നിട്ടിട്ടും തുടരുന്ന അന്വേഷണം

അടയാളപ്പെടുത്താത്ത ശവക്കുഴികള്‍: അഞ്ച് വര്‍ഷം പിന്നിട്ടിട്ടും തുടരുന്ന അന്വേഷണം


ഒട്ടാവ: കാനഡയിലെ മുന്‍ കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പരിസരത്ത് 200-ലധികം അടയാളപ്പെടുത്താത്ത ശവക്കുഴികള്‍ കണ്ടെത്തിയെന്ന പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം തുടരുകയാണെന്ന് ട്‌കെംലൂപ്‌സ് ടെ സെക്വെപെംക്  ഫസ്റ്റ് നേഷന്‍സ് മേധാവി റോസാന്‍ കാസിമിര്‍ അറിയിച്ചു. ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമോ, എപ്പോള്‍ ആരംഭിക്കുമെന്നോ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

1890 മുതല്‍ 1978 വരെ പ്രവര്‍ത്തിച്ചിരുന്ന കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കുട്ടികളെ അയച്ചിരുന്ന വിവിധ തദ്ദേശീയ സമൂഹങ്ങളുമായി ഇപ്പോഴും കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്ന് കാസിമിര്‍ സി ബി സി ന്യൂസിനോട് പറഞ്ഞു. ഭാവി നടപടികളില്‍ എല്ലാവരുടെയും അഭിപ്രായ സമന്വയം ഉറപ്പാക്കാനാണ് ശ്രമമെന്നും അവര്‍ വ്യക്തമാക്കി.

'ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടത് സത്യവും അനുരഞ്ജനവുമാണ്. ബാധിതരായ എല്ലാ സമൂഹങ്ങളുമായും അയല്‍ തദ്ദേശീയ വിഭാഗങ്ങളുമായും വിദഗ്ധരുമായും കുടുംബങ്ങളുമായും ചേര്‍ന്നാണ് മുന്നോട്ടുപോകേണ്ടത്,' കാസിമിര്‍ പറഞ്ഞു. കാംലൂപ്‌സ് റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം നിരവധി കുടുംബങ്ങള്‍ നേരിട്ട് ബാധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സെറ്റില്‍മെന്റ് കരാറിന്റെ ഭാഗമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട അതിജീവിതരുടെ രേഖകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഔദ്യോഗിക രേഖകള്‍ ശേഖരിക്കാനുള്ള ശ്രമവും അന്വേഷണത്തിന്റെ ഭാഗമാണെന്ന് കാസിമിര്‍ പറഞ്ഞു.

അതേസമയം, അതിജീവിതര്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ ഈ രേഖകള്‍ 2027 സെപ്റ്റംബര്‍ 19-ന് നശിപ്പിക്കണമെന്നാണ് കാനഡ സുപ്രfം കോടതി ഉത്തരവിട്ടിരിക്കുന്നത്. അതിനാല്‍ നിര്‍ണായക വിവരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്താനുണ്ടെന്നും അതീവ സൂക്ഷ്മതയോടെ നടത്തുന്ന ഈ അന്വേഷണത്തിന് എത്രകാലം കൂടി വേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കാസിമിര്‍ പറഞ്ഞു.

2021-ല്‍ ട്‌കെംലൂപ്‌സ് ടെ സെക്വെപെംക് നടത്തിയ ഗ്രൗണ്ട്-പെനെട്രേറ്റിംഗ് റഡാര്‍ സര്‍വേയിലാണ് 215 കുട്ടികളുടെ ഭൗതികാവശിഷ്ടങ്ങള്‍ ഉണ്ടായിരിക്കാമെന്ന പ്രാഥമിക കണ്ടെത്തല്‍ പുറത്തുവന്നത്. തുടര്‍ന്ന് കാനഡയിലുടനീളമുള്ള മുന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കേന്ദ്രങ്ങളില്‍ സമാന അന്വേഷണങ്ങള്‍ ആരംഭിക്കുകയും തദ്ദേശീയ കുട്ടികള്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ചുള്ള ദേശീയതല ചര്‍ച്ചയ്ക്ക് തുടക്കമാകുകയും ചെയ്തു.

എന്നാല്‍ ഈ കണ്ടെത്തലിനെ തള്ളിക്കളയുന്നവരില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പും അന്വേഷണത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്.

ഒട്ടാവയില്‍ ചേര്‍ന്ന അസംബ്ലി ഓഫ് ഫസ്റ്റ് നേഷന്‍സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിച്ച മാനിറ്റോബ കീവാറ്റിനോവി ഒകിമകനാക് ഗ്രാന്‍ഡ് ചീഫ് ഗാരിസണ്‍ സെറ്റി, തദ്ദേശീയരുടെ വേദന വീണ്ടും തെളിയിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞു.

ആരെങ്കിലും മരിച്ചെന്ന് തെളിയിക്കാന്‍ ശ്മശാനങ്ങള്‍ കുഴിച്ചുനോക്കാറില്ലെന്നും അത് നമ്മുടെ സംസ്‌കാരത്തോടുള്ള അനാദരവാണെന്നും ഓരോ സമൂഹത്തിനും അവര്‍ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ മൂലമുണ്ടായ ദുരിതങ്ങളെ നിസ്സാരവത്ക്കരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന പ്രസ്താവനകള്‍ കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് അസംബ്ലി ഓഫ് ഫസ്റ്റ് നേഷന്‍സ് അടിയന്തര പ്രമേയവും പാസാക്കി.

2021-ല്‍ പ്രാഥമിക കണ്ടെത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെ ഒരു വ്യക്തി കോരികയുമായി സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് 24 മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തേണ്ടിവന്നതായി കാസിമിര്‍ വെളിപ്പെടുത്തി.

അതിപവിത്രമായ സ്ഥലമാണിതെന്നും യാതൊരു വിധത്തിലും ഇവിടെ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ഇപ്പോഴും സ്ഥലത്ത് മുഴുവന്‍ സമയ സുരക്ഷ തുടരുകയാണ്.

റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും അന്വേഷണം നടത്തുന്നതിനുമായി കാനഡ സര്‍ക്കാര്‍ 2021 മുതല്‍ 166 തദ്ദേശീയ സമൂഹങ്ങളുടെ പദ്ധതികള്‍ക്കായി 285.5 ദശലക്ഷം കനേഡിയന്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ട്. ഗവേഷണം, സ്ഥലപരിശോധന, ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയല്‍, പുനഃസംസ്‌കാരം എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുന്നത്.

ട്‌കെംലൂപ്‌സ് ടെ സെക്വെപെംക് സമൂഹത്തിന് മാത്രം 9.5 ദശലക്ഷം ഡോളറിലധികം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ അന്വേഷണത്തിനുള്ള ധനസഹായത്തില്‍ ഗണ്യമായ കുറവ് വന്നതായും അതിനാല്‍ പല സമൂഹങ്ങള്‍ക്കും തയ്യാറാക്കിയ പ്രവര്‍ത്തനപദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ ആരോപിച്ചു.

കാനഡയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംവിധാനത്തെ ഒരു പതിറ്റാണ്ട് മുമ്പ് തന്നെ 'സാംസ്‌കാരിക വംശഹത്യ'യെന്ന് ട്രൂത്ത് ആന്‍ഡ് റീക്കണ്‍സിലിയേഷന്‍ കമ്മീഷന്‍ വിശേഷിപ്പിച്ചിരുന്നു. 150 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച ഈ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് തദ്ദേശീയ കുട്ടികള്‍ മരിച്ചുവെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.