പണിമുടക്ക് ഭീഷണി: യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമായി മാറ്റാനോ റദ്ദാക്കാനോ അവസരവുമായി വെസ്റ്റ്‌ജെറ്റ്

പണിമുടക്ക് ഭീഷണി: യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമായി മാറ്റാനോ റദ്ദാക്കാനോ അവസരവുമായി വെസ്റ്റ്‌ജെറ്റ്


കാല്‍ഗറി: ഫ്ളൈറ്റ് അറ്റന്‍ഡന്റുമാരുമായുള്ള തൊഴില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍, ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 4 വരെ യാത്ര ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് ഒരുതവണ സൗജന്യമായി മാറ്റാനോ റദ്ദാക്കാനോ അവസരം നല്‍കി കാനഡയിലെ വെസ്റ്റ്‌ജെറ്റ് എയര്‍ലൈന്‍സ്.

യാത്രാ പദ്ധതികളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഗണിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ആത്മവിശ്വാസവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കിയതെന്ന് കാല്‍ഗറി ആസ്ഥാനമായുള്ള വിമാനക്കമ്പനി അറിയിച്ചു.

ഈ മാസം ആദ്യം നടന്ന വോട്ടെടുപ്പില്‍ വെസ്റ്റ്‌ജെറ്റ് ഫ്ളൈറ്റ് അറ്റന്‍ഡന്റുമാരില്‍ 99.4 ശതമാനം പേരും പണിമുടക്കിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇതോടെ സി യു പി ഇ (കനേഡിയന്‍ യൂണിയന്‍ഓഫ് പബ്ലിക്ക് എംപ്ലോയീസ്) ലോക്കല്‍ 8125 യൂണിയനെ പ്രതിനിധീകരിക്കുന്ന ഏകദേശം 4,400 ജീവനക്കാര്‍ക്ക് ഓഗസ്റ്റ് 2 മുതല്‍ നിയമപരമായി പണിമുടക്കില്‍ ഏര്‍പ്പെടാന്‍ സാധിക്കും.

യാത്രക്കാരെ ബാധിക്കാതെ തന്നെ ഒരു ധാരണയിലെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും എങ്കിലും യാത്രാ പദ്ധതികളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം യാത്രക്കാരെ ആശങ്കപ്പെടുത്തുമെന്ന് തങ്ങള്‍ മനസ്സിലാക്കുന്നതായും വെസ്റ്റ്‌ജെറ്റ് റിവാര്‍ഡ്സ് അംഗങ്ങള്‍ക്ക് അയച്ച ഇ-മെയിലില്‍ കമ്പനി വ്യക്തമാക്കി.

വെസ്റ്റ്‌ജെറ്റിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് സി യു പി ഇ ലോക്കല്‍ 8125 പ്രസിഡന്റ് ആലിയ ഹുസൈന്‍ പ്രതികരിച്ചു.

തൊഴില്‍ തര്‍ക്കം യാത്രക്കാര്‍ക്കിടയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ടാകുമെന്നും കമ്പനിയുടെ വരുമാനത്തിന് അടിത്തറയാകുന്ന യാത്രക്കാര്‍ക്ക് ബുക്കിംഗില്‍ ഇളവ് അനുവദിക്കുന്നത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.

ടിക്കറ്റ് മാറ്റുന്നതിനും റദ്ദാക്കുന്നതിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയതുകൊണ്ട് പണിമുടക്ക് ഉറപ്പായെന്നല്ല അര്‍ഥമെന്നും എന്നാല്‍ ഉത്തരവാദിത്തമുള്ള ഏത് സ്ഥാപനവും സ്വീകരിക്കേണ്ട നടപടിയാണിതെന്നും ആലിയ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

ഇരുപക്ഷവും ചര്‍ച്ചാ മേശയില്‍ തുടരുകയാണെന്നും ധാരണയിലെത്താനുള്ള പ്രതിബദ്ധത നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

2024-ലെ കാനഡ ഡേ അവധിക്കാലത്ത് യൂണിയനില്‍പ്പെട്ട വിമാന മെക്കാനിക്കുകള്‍ നടത്തിയ പണിമുടക്കിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിച്ച വലിയ തൊഴില്‍ തര്‍ക്കമാണ് വെസ്റ്റ്‌ജെറ്റ് അവസാനമായി നേരിട്ടത്.

കാബിന്‍ ക്രൂവിന് ഗുണകരമായതും കമ്പനിയുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്നതുമായ അര്‍ഥവത്തായ മെച്ചപ്പെടുത്തലുകള്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍ സജീവമായി തുടരുകയാണെന്ന് വെസ്റ്റ്‌ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു.