അംബാനി വീട്ടില്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല

അംബാനി വീട്ടില്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല

Photo Caption


വിവാഹം ജൂലൈ 12നാണ്. പക്ഷേ, ആഘോഷങ്ങള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ തുടങ്ങി. നാലു മാസത്തിലേറെ നീളുന്ന ആഘോഷങ്ങള്‍ക്ക് അംബാനി ചെലവഴിക്കുന്നത് കോടികള്‍. ആഘോഷങ്ങള്‍ക്ക് എത്തിച്ചേരുന്നത് പ്രമുഖരുടെ നീണ്ടനിര. അനന്ത് അംബാനിയും രാധിക രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹം നീണ്ട ആഘോഷമാകുമ്പോള്‍ മാധ്യമങ്ങള്‍ക്കും സന്തോഷം. വ്യത്യസ്ത വാര്‍ത്തകളിലൂടെ വായനക്കാരെ സന്തോഷിപ്പിക്കാന്‍ കിട്ടുന്ന മികച്ച അവസരങ്ങളിലൊന്നാണിത്. അതുകൊണ്ടുതന്നെ അനന്തും രാധികയും തമ്മിലുള്ള വിവാഹത്തിന്റെ ആഘോഷങ്ങളുടെ ഒരു വരിപോലും വിട്ടുപോകാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. 

ഇന്ത്യന്‍ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള സിവില്‍ എന്‍ക്ലേവ് ജാംനഗറെന്ന ജാംനഗര്‍ വിമാനത്താവളം ആഭ്യന്തര സര്‍വീസുകള്‍ക്ക് മാത്രമാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ അംബാനി പുത്രന്റെ വിവാഹാഘോഷങ്ങള്‍ പ്രമാണിത്ത് പത്തു ദിവസത്തേക്ക് താത്ക്കാലികമായി അന്താരാഷ്ട്ര പദവി നല്‍കി. അതെന്തിനാണെന്നോ? മാര്‍ച്ച് ഒന്നുമുതല്‍ മൂന്നുവരെ നടന്ന ആഘോഷങ്ങള്‍ക്ക് ക്ഷണിക്കപ്പെട്ടവര്‍ എത്തിയത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 130 വിമാനങ്ങളാണ് ജാം നഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 

ബില്‍ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങി ലോകത്തിന്റെ ചലനങ്ങളെ കൈപ്പിടിയിലൊതുക്കിവെച്ച വമ്പന്മാര്‍ വരുമ്പോള്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കാതിരിക്കാനാവുമോ. മാത്രമല്ല പോപ്പ് താരം റിഹാന ഇന്ത്യയില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ചത് അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചൊരുക്കിയ ആഘോഷ രാവിലാണ്. 

റിഹാനയുടെ പരിപാടിക്ക് ഏഴ് മില്യന്‍ ഡോളറാണ് പ്രതിഫലം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിഹാനയോടൊപ്പം ബോളിവുഡ് താരങ്ങളും വേദിയില്‍ നൃത്തം ചവിട്ടി.

ഗുജറാത്തിലെ ജാം നഗറില്‍ അംബാനിയുടെ റിസോര്‍ട്ടിലാണ് മൂന്നു ദിവസങ്ങളിലായി ആട്ടവും പാട്ടുമൊക്കെയായി ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. വേദിക്ക് സമീപം ഒരുക്കിയ ആഡംബര തമ്പുകളിലാണ് അതിഥികള്‍ കഴിഞ്ഞത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെത്തിയ അതിഥികള്‍ക്ക് ഒരുങ്ങാന്‍ പോലും വലിയ തയ്യാറെടുപ്പുകളാണ് അംബാനിക്കുടുംബം റിസോര്‍ട്ടില്‍ സൗകര്യങ്ങളുണ്ടാക്കിയത്. 

അതിഥികള്‍ക്ക് മുടി, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, അലക്ക് സേവനങ്ങള്‍, ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ സഹായിക്കുന്ന സ്റ്റൈലിസ്റ്റുകള്‍ തുടങ്ങിയവയെല്ലാം അതിഥികള്‍ക്ക് തയ്യാറാക്കിയിരുന്നു.

ഇത്രയൊക്കെ ചെയ്ത അംബാനി ഭക്ഷണ കാര്യത്തില്‍ പിശുക്കുമോ? ഇല്ലേയില്ല. ഡസന്‍ കണക്കിന് പാചക്കാരാണ് വ്യത്യസ്ത വിഭവങ്ങളുണ്ടാക്കാന്‍ ഒരുങ്ങി നിന്നത്. അഞ്ഞൂറിലേറെ വിഭവങ്ങളാണ് എല്ലാവര്‍ക്കുമായി തയ്യാറാക്കിയത്.


അംബാനി വീട്ടില്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല

അനന്ത് അംബാനിയുടെ വാച്ച് കണ്ട് അത്ഭുതം കൂറിയ പ്രിസില്ല സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഭാര്യയാണ് പ്രിസില്ല. 

വാച്ച് നന്നായെന്ന് പ്രിസില്ല പറയുമ്പോള്‍, താനിത് നേരത്തെ തന്നെ പറഞ്ഞെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിക്കുന്നു. റിച്ചാര്‍ഡ് മില്ലേയുടെ വാച്ചിന് എട്ട് കോടി രൂപയോളം വില വരുമത്രെ. ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍ ഉള്‍പ്പെടെ ഹൈടെക്ക് മെറ്റീരിയലുകളാണ് വാച്ച് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 

അനന്തിന്റെ അമ്മ നിത അംബാനി ചുവടുവെച്ചത് വിവാഹാഘോഷത്തിലെ മറ്റൊരു വാര്‍ത്തയായിരുന്നു. സ്ത്രീശക്തിയുടെ പ്രതീകരമായാണ് നിത അംബാനി നൃത്തം അവതരിപ്പിച്ചത്.