കണ്ടത്തില്‍ തോമസ് കോറെപ്പിസ്കോപ്പ
തൃപ്പൂണിത്തുറ: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ വൈദികനും സുറിയാനി പണ്ഡിതനും സുവിശേഷകനുമായ കണ്ടത്തില്‍ തോമസ് കോറെപ്പിസ്കോപ്പ (87) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര് ഗ്രിഗോറിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തിലും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരുടെ സഹ കാര്‍മ്മികത്വത്തിലും ആരംഭിക്കും. തുടര്‍ന്ന് തൃപ്പൂണിത്തുറ നടമേല്‍ മൊര്‍ത്ത് മറിയം യാക്കോബായ സുറിയാനി റോയല്‍ മെട്രോപ്പൊലീത്തന്‍ പള്ളിയില്‍ സംസ്കാരം നടത്തും.
കണ്ടത്തില്‍ ഉലഹന്നാന്- മറിയം ദമ്പതികളുടെ മകനാണ്. 1958 ഒക്ടോബര്‍ 12ന് തൃപ്പൂണിത്തുറ നടമേല്‍ പള്ളിയില്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോര് സേവേറിയോസ് മെത്രാപ്പോലീത്തയില്‍ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1962 ജൂണ്‍ 30ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത വൈദിക പട്ടം നല്കി. 1999 ജനുവരി 19ന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കോറെപ്പിസ്കോപ്പ സ്ഥാനത്തേക്കുയര്‍ത്തി.
മലങ്കര യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗം, സഭ വര്‍ക്കിംഗ് കമ്മിറ്റി അംഗം, കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറി, കൊച്ചി ഭദ്രാസന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ നടമേല്‍ മൊര്‍ത്ത് മറിയം യാക്കോബായ പള്ളിയില്‍ 33 വര്‍ഷം വികാരിയായി സേവനമനുഷ്ഠിച്ചു. കൂടാതെ ചെറായി സെന്റ് മേരീസ് വലിയ പള്ളി, വൈക്കം സെന്റ് ജോര്‍ജ്ജ് പള്ളി, എറണാകുളം സെന്റ് മേരീസ് പള്ളി, വെണ്ണിക്കുളം സെന്റ് ജോര്‍ജ്ജ് പള്ളി, കരുവേലിപ്പടി സെന്റ് മേരീസ് ചാപ്പല്‍, തുരുത്തിക്കര പള്ളി, പെരുമ്പിള്ളി സെന്റ് ജോര്‍ജ്ജ് സിംഹാസനപ്പള്ളി, എരുവേലി സെന്റ് തോമസ് പള്ളി കുലയറ്റിക്കര സെന്റ് ജോര്‍ജ്ജ് പള്ളി, വടകര ഗിരി സീനായ് പള്ളി, കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ എന്നീ ദേവാലയങ്ങളിലും വികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2007ല്‍ റിട്ടയര്‍ ചെയ്തു. തൃപ്പൂണിത്തുറയുടെ സാമൂഹ്യ- സാംസ്കാരിക മേഖലകളില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു അച്ചന്. വൈ എം സി എയുടെ മുന്‍ പേട്രണ്‍, ലെപ്രസി വെല്‍ഫെയര്‍ സൊസൈറ്റി കമ്മിറ്റിയുടെ ഭാരവാഹി, തൃപ്പൂണിത്തുറ ഗവ. കോളേജിന്റെ സ്ഥാപക കമ്മിറ്റി മെമ്പര്‍, പ്രഭാത് സ്കൂള്‍ മുന്‍ ഡയറക്ടര്‍, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് വികസന സമിതി അംഗം, പ്രഭാത് ടീച്ചേഴ്സ് ട്രെയിനിങ് സ്കൂള്‍ മുന്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1975ല്‍ തൃപ്പൂണിത്തുറയില്‍ ആദ്യമായി എക്യൂമെനിക്കല്‍ സമ്മേളനത്തിന് അന്നത്തെ കത്തോലിക്കാ ഫൊറോനാ പള്ളി വികാരി റവ. ഫാ. ആന്റണി പുതുശ്ശേരിയുമായി ചേര്‍ന്ന് സജീവമായ നേതൃത്വം നല്കി. എസ് എന്‍ ഡി പി യോഗത്തിന്റെ സര്‍വ്വമത സമ്മേളനങ്ങളിലും സര്‍വമത പ്രാര്‍ഥനകളിലും സ്ഥിരം ക്ഷണിതാവായിരുന്നു കണ്ടത്തിലച്ചന്.
വെങ്ങോല മല്യത്ത് കുടുംബാംഗം പരേതയായ കുഞ്ഞമ്മയാണ് ഭാര്യ. ഫെഡറല്‍ ബാങ്ക് റിട്ടയേഡ് മാനേജര്‍ റോയ് തോമസ്, റെയ് മോള് എന്നിവരാണ് മക്കള്‍. മരുമക്കള്‍: മിനി റോയ് മാങ്കുളത്തില്‍, അഡ്വ. ജോണ്‍ ദാനിയേല്‍ ഓലപ്പുര. സഹോദരങ്ങള്‍: പരേതരായ മേരി, സാറ, പോള്‍ കണ്ടത്തില്‍.