റെവ. ഫാ. (ഡോ.) ബെനഡിക്ട് പോള്‍
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സില്‍ റെവ. ഡോ. ബെനഡിക്ട് പോള്‍ (ബെന്നച്ചന്‍- 73) അന്തരിച്ചു. അദ്ദേഹം മൂന്നു പതിറ്റാണ്ടോളം ന്യൂയോര്‍ക്ക് സിറ്റി ബോര്‍ഡ് എഡ്യൂക്കേഷനില്‍ അധ്യാപകനായി ജോലി ചെയ്തു വിരമിച്ചു. ഇക്കാലയളവില്‍ തന്നെ ബ്രോങ്ക്‌സിലെ സെയ്ന്റ് മൈക്കള്‍ ദി ആര്‍ക് ഏഞ്ചല്‍ റോമന്‍ കാത്തലിക് പള്ളിയിടവകയിലെ പരോക്കിയല്‍ വികാരി ആയി സേവനം നടത്തുകയായിരുന്നു. കൊല്ലത്ത് കല്ലട ജന്മദേശക്കാരനായ ഡോ. ബെന്നിന്റെ സഹോദരങ്ങള്‍: സി അന്റോണിറ്റ മേരി, മേരി വില്യംസ്, സി വെര്‍ജില്‍ മേരി, ജോണ്‍ പോള്‍, പരേതയായ യേശുദാസി വില്‍സണ്‍, ആന്റണി പോള്‍ (ന്യൂ യോര്‍ക്ക്).
ദീര്‍ഘകാലം അദ്ദേഹം ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും സ്‌നേഹവും തുറന്ന പെരുമാറ്റവും അനന്യമായ മതിപ്പുളവാക്കിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അനാരോഗ്യം മൂലം പൊതുജീവിതവും വൈദികവൃത്തിയും മാറ്റിവച്ചു വിശ്രമജീവിതം സ്വീകരിക്കേണ്ടിവന്നു അദ്ദേഹത്തിന്.
സെപ്തംബര് ആറ് വെള്ളിയാഴ്ച ഫാ. ബെന്‍ സേവനം ചെയ്ത സെയ്ന്റ് മൈക്കിള്‍ ദി ആര്‍ക് ഏഞ്ചല്‍ റോമന്‍ കാത്തലിക് പള്ളിയില്‍ (765 Co-op City Boulevard, Bronx, NY 10475) ഉച്ചക്ക് പന്ത്രണ്ടുമുതല്‍ പ്രാര്‍ഥനയും പന്ത്രണ്ടര മുതല്‍ ആറര വരെ ദര്ശനവും ഏഴു മണിക്ക് ദിവ്യബലിയും നടക്കും. പൊതുസന്ദര്‍ശനം പന്ത്രണ്ടര മുതല്‍ ആറര വരെ. സെപ്തംബര് ഏഴു ശനിയാഴ്ച എട്ടുമണി മുതല്‍ ഒമ്പതുവരെ പൊതുസന്ദര്‍ശനത്തിനു സൗകര്യമുണ്ടായിരിക്കും. തുടര്‍ന്ന് പത്തുമണിക്ക് സംസ്‌കാര ദിവ്യബലി അര്‍പ്പിക്കപ്പെടും.